പുതിയ ബാര്‍ലൈസന്‍സ് ഇല്ല: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാര്‍ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ധന-എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. ജൂണ്‍ എട്ട് വെള്ളിയാഴ്ച എക്സൈസ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാരായ നിരോധനം കര്‍ശനമായി നടപ്പിലാക്കും. കേരളത്തില്‍ ഇനിയും ഒരു മദ്യദുരന്തം കൂടി ആവര്‍ത്തിക്കാന്‍ പാടില്ല. മദ്യദുരന്തം തടയാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ ഊര്‍ജിതമാക്കും. ഏത് മദ്യഷാപ്പിലും ഏതു സമയത്തും പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും. വിദേശ മദ്യഷാപ്പിന്റെ കാര്യത്തിലും ഈ സ്വാതന്ത്യ്രം ലഭിക്കും - മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി.
എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആര്‍ക്കു വേണ്ടിയും പണപ്പിരിവ് നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മദ്യനയം സംബന്ധിച്ച അന്തിമ തീരുമാനം യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഉണ്ടാകൂ. മദ്യവ്യവസായ രംഗത്തെ സ്വകാര്യ കുത്തക അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ എടുക്കും.
എക്സൈസ് കമ്മീഷണര്‍ ജെ. ലളിതാംബിക, ജോയിന്റ് എക്സൈസ് കമ്മീഷര്‍ വി.ആര്‍. രാജീവന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications