നാദാപുരത്ത് ആന്റണി ഇടപെടണം
തിരുവനന്തപുരം: അക്രമബാധിതമായ നാദാപുരത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അടിയന്തിരമായി നേരിട്ടിടപെടണമെന്ന് നാദാപുരത്തു നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.ജൂണ്‍ 11 തിങ്കളാഴ്ചയാണ് മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ സത്യന്‍ മൊകേരിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ആന്റണിയെ സന്ദര്‍ശിച്ച് ഈ ആവശ്യമുന്നയിച്ചത്.
നാദാപുരത്ത് പ്രശ്നങ്ങള്‍ക്കു കാരണക്കാരായ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നേരിട്ടിടപെടണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. നാദാപുരം പ്രദേശം ആന്റണി സന്ദര്‍ശിക്കണം.
കലാപത്തെ തുടര്‍ന്ന് വീടും മറ്റു വസ്തുവകകളും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന 136 കുടുംബങ്ങളെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും നാശനഷ്ടങ്ങളുണ്ടായ മറ്റുള്ളവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
നാദാപുരത്ത് പൊലീസിന്റെ ഇടപെടല്‍ നീതിപൂര്‍വകമാക്കണം. ഇപ്പോള്‍ നാദാപുരത്ത് പഞ്ചായത്ത് തല സമാധാന യോഗങ്ങള്‍ നടന്നു വരികയാണെന്നും പ്രതിനിധിസംഘം മുഖ്യമന്ത്രിയെ അറിയിച്ചു.
സി പി എം, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ബി ജെ പി , സി പി ഐ തുടങ്ങിയ കക്ഷികളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications