കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്കു നല്‍കരുത്
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ള നീക്കം ശരിയല്ലെന്ന് യുഡിഎഫ് ഘടകക്ഷിയായ ആര്‍എസ്പി (ബി).
നിലവിലുള്ള കള്ള്സഹകരണ സംഘങ്ങള്‍ പിരിച്ചുവിട്ട് അവ പുന:സംഘടിപ്പിക്കണമെന്നും ആര്‍എസ്പി (ബി) ആവശ്യപ്പെട്ടു. ഈ ആവശ്യം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വി.താമരാക്ഷന്‍ ജൂണ്‍ 21 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇപ്പോഴത്തെ കള്ള് സഹകരണസംഘങ്ങള്‍ സിഐടിയുവിന്റെയും എഐടിയുസിയുടെയും ബിനാമി കോണ്‍ട്രാക്ടര്‍മാരുടെയും കൈകളിലാണ്. അവ പിരിച്ചുവിട്ടശേഷം പരമ്പരാഗത കള്ള് വ്യവസായികള്‍, തൊഴിലാളികള്‍, കേരകര്‍ഷകര്‍, എന്നിവര്‍ ഉള്‍പ്പെട്ട സഹകരണസംഘങ്ങള്‍ക്ക് കൈമാറണം. കള്ള്ഷാപ്പുകളില്‍ നിന്നും സര്‍ക്കാരിന് വരുമാനം വേണ്ടെന്നുള്ളതാണ് ആര്‍എസ്പി (ബി)യുടെ നിലപാടെന്ന് താമരാക്ഷന്‍ വ്യക്തമാക്കി.
വൈദ്യുതി നിരക്കും യാത്രാനിരക്കുകളും മറ്റും വര്‍ധിപ്പിക്കുന്നതിന് മുമ്പ് ബജറ്റ് തുകയ്ക്ക് അപ്പുറം ചെലവഴിച്ച മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യണം. ദുരവസ്ഥയ്ക്ക് കാരണക്കാരായവരെ ശിക്ഷിച്ചശേഷം മാത്രം നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ മതി. ഇതിന് അല്പം സമയമെടുത്താലും കുഴപ്പമില്ലെന്ന് താമരാക്ഷന്‍ പറഞ്ഞു.
കള്ള്ഷാപ്പുകള്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കരുതെന്ന് യുഡിഎഫിലെ ഘടകക്ഷിയായ ആര്‍എസ്പി കൂടി ആവശ്യപ്പെട്ടത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും മതമേലധ്യക്ഷന്മാരും നേരത്തെ ഈ ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications