കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മാറ്റങ്ങള്‍ എംഎല്‍എമാര്‍ ഉള്‍ക്കൊള്ളേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. തിരുവനന്തപുരത്ത് ജൂണ്‍ 27 ബുധനാഴ്ച തുടങ്ങിയ എംഎല്‍എമാര്‍ക്കുള്ള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അംഗങ്ങള്‍ ഉള്‍ക്കൊണ്ടാലേ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കുകയുള്ളൂ. ജനാധിപത്യത്തിന്റെ ശക്തി ഇതിലാണ് നിലകൊള്ളുന്നത്. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിച്ച ആന്റണി സഭ ജനങ്ങളുടെ കൈയിലുള്ള ഏറ്റവും വലിയ ആയുധമാണന്നും അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. തുറന്ന കണ്ണുകളും ചെവികളും ചിന്തയുമാണ് ജനങ്ങള്‍ അംഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

നിയമസഭാ പ്രവര്‍ത്തനങ്ങളുമായി പരിചയപ്പെടാന്‍ താനുള്‍പ്പെടെയുള്ള സഭാംഗങ്ങള്‍ക്ക് സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആശ്രയം. എന്നാല്‍ ഇന്ന് പ്രത്യേക പരിശീലന ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. ശക്തമായി എതിര്‍ക്കുമ്പോഴും അനുകൂലിക്കുമ്പോഴും സഭയ്ക്കുള്ളില്‍ നല്ല സൗഹൃദം പുലര്‍ത്താനും അംഗങ്ങള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.

സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ഉപചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്രമേ പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ സര്‍ക്കാരിന് പങ്കുകൊളളാന്‍ കൂടുതല്‍ സമയം ലഭിക്കുകയുള്ളൂ - അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂണ്‍ അഞ്ചിന് നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്നെ പരിശീലന ക്ലാസിന്റെ ആവശ്യകത തനിക്ക് ബോദ്ധ്യപ്പെട്ടിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ചിലര്‍ക്ക് തന്റെ പ്രവര്‍ത്തന ശൈലി ഇഷ്ടപ്പെടില്ല. എങ്കിലും സഭയില്‍ തീര്‍ത്തും നിഷ്പക്ഷമായിട്ടായിരിക്കും താന്‍ പെരുമാറുക - സ്പീക്കര്‍ വ്യക്തമാക്കി.

11ാമത് കേരള നിയമസഭയില്‍ 52 പുതിയ അംഗങ്ങളുണ്ട്. ജൂണ്‍ 29 വെള്ളിയാഴ്ചയാണ് നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നത്. സമ്മേളനത്തിന് മുന്നോടിയായാണ് അംഗങ്ങള്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസന്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. റവന്യൂ മന്ത്രി കെ.എം. മാണി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ക്ലാസുകളെടുത്തു. മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, ഡോ. എം.കെ. മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, കടവൂര്‍ ശിവദാസന്‍, എം.വി. രാഘവന്‍ എന്നിവരും ക്ലാസിനെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X