തമിഴ്നാട് സര്‍ക്കാരിനെ കടുത്ത നടപടി വേണം: എന്‍ഡിഎ
ദില്ലി: തമിഴ്നാട് സര്‍ക്കാരിനെതിരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതു വരെയുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) ഏകോപനസമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനെയും ടി.ആര്‍. ബാലുവിനെയും അറസ്റ് ചെയ്ത് പീഡിപ്പിച തമിഴ്നാട് സര്‍ക്കാരിനെതിരെ കടുത്ത നടപടി വേണമെന്ന കാര്യത്തില്‍ എല്ലാ എന്‍ഡിഎ ഘടകകക്ഷകളും ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനോട് എല്ലാ കക്ഷികള്‍ക്കും യോജിപ്പില്ല എന്നറിയുന്നു.
തമിഴ്നാട് സര്‍ക്കാരിനെതിരെ എടുക്കേണ്ട നടപടികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു എന്നാണ് വിവരം വാര്‍ത്താലേഖകരെ അറിയിച്ചുകൊണ്ട് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്. ഇക്കൂട്ടത്തില്‍ 356ാം വകുപ്പ് (രാഷ്ട്രപതി ഭരണം) പ്രയോഗിക്കുന്നതും ഉണ്ടായിരുന്നു.
ചില നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ജൂലായ് മൂന്ന് ചൊവാഴ്ച കേന്ദ്രമന്ത്രിസഭായോഗം ചേരുമെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാത്തിടത്തോളം കാലം അവരെ മോചിപ്പിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ വ്യക്തമാക്കി.
തന്റെ നേതൃത്വത്തില്‍ തമിഴ്നാട് സന്ദര്‍ശിച്ച മൂന്നംഗ എന്‍ഡിഎ സംഘം പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ഘടകകക്ഷികള്‍ക്ക് നല്‍കിയെന്ന് ഫെര്‍ണാണ്ടസ് വെളിപ്പെടുത്തി.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വീട്ടില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ സിക്കന്തര്‍ ഭക്ത്, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഹ്, അരുണ്‍ ജെയ്റ്റ്ലി, വിജയ്കുമാര്‍ മല്‍ഹോത്ര, ബിജു ജനതാദളിന്റെ ചരണ്‍ ദാസ്, ഡിഎംകെയുടെ ടി.എന്‍. ശിവ, സമതാപാര്‍ട്ടിയുടെ നിതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications