കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണെടുക്കല്‍ വന്‍ ഭീഷണിയാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണെടുക്കല്‍ പരിസ്ഥിതിക്ക് ഭീഷണിയാകുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍ തോതിലാണ് ഇത്തരത്തില്‍ മണ്ണെടുപ്പ് നടക്കുന്നത്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന മണ്ണെടുപ്പ് മൂലം ഭൂമിയിലെ ജലവിതാനം ക്രമാതീതമായി താഴുന്നു. ഇങ്ങനെ മണ്ണെടുപ്പ് നടന്ന പ്രദേശങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് വേനല്‍ക്കാലമാകുമ്പോള്‍ പതിവിലും കൂടുതല്‍ താണതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണെടുക്കലും വയല്‍നികത്തലും കൊടും വരള്‍ച്ച മുതല്‍ ഭൂചലനം വരെയുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് ഏതാനും വര്‍ഷം മുമ്പ് ഭൗമശാസ്ത്രപഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്രമാതീതമായി നടക്കുന്ന മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും കിട്ടിയിട്ടുള്ളത്. എന്നാല്‍ ഇതിന്മേല്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. വന്‍കിട കരാറുകാരാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉയര്‍ന്ന പ്രദേശത്ത് നിന്നും മണ്ണെടുക്കുമ്പോള്‍ ഒരു ലോറി മണ്ണിന് 100 രൂപയാണ് ഭൂവുടമയ്ക്ക് ലഭിക്കുന്നത്. ഇങ്ങനെ എടുത്ത മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ടിടുമ്പോള്‍ കിട്ടുന്നത് 300 രൂപയും. ജെസിവി എന്ന കമ്പനിയുടെ യന്ത്രമുപയോഗിച്ച് ഇടിച്ചു നിരത്തുന്ന മണ്ണ് ടിപ്പര്‍ ലോറിയിലാണ് ഓരോ സ്ഥലത്ത് എത്തിക്കുന്നത്. ലോഡിന്റെ എണ്ണമനുസരിച്ചാണ് ടിപ്പറിന്റെ ഡ്രൈവറിന് കൂലി നല്‍കുന്നത്. അതിനാല്‍ പരമാവധി ലോഡ് എത്തിച്ച് കൂടുതല്‍ കാശുണ്ടാക്കാനായി മരണപ്പാച്ചിലാണ് ടിപ്പര്‍ ലോറികള്‍ നടത്തുന്നത്.

ലോറികളെക്കാളും ഭാരം ചുമന്ന് വേഗതയില്‍ പോകാന്‍ കഴിയുന്ന ടിപ്പറുകള്‍ മൂലം ഇതിനകം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചുകഴിഞ്ഞു. ടിപ്പറുകള്‍ പാഞ്ഞുപോകുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ നേരിയ കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് റോഡരുകില്‍ താമസിക്കുന്നവര്‍ പറയുന്നു. ടിപ്പറുകളുടെ മരണപ്പാച്ചിലിനെതിരെയും നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ നടപടിയെടുക്കാനാവില്ലെന്നാണ് ട്രാഫിക്ക് അധികൃതരുടെ നിലപാട്. എന്തായാലും വ്യാപകമായ മണ്ണെടുപ്പിന് പിന്നില്‍ ലാഭക്കൊതിയോടെ പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു ലോബിയുണ്ടെന്നത് സുവ്യക്തമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X