കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളും നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപസാധ്യതകളെപ്പറ്റി പഠിക്കാനും പദ്ധതിതയ്യാറാക്കാനും ദേശസാല്‍കൃതബാങ്കുകളും മുന്‍കയ്യെടുക്കണമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍. പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനും കേരളത്തിലെ നിക്ഷേപസാധ്യതകളെപ്പറ്റി പഠിക്കാനും വേണ്ടി 20 കോടിയുടെ മൂലധനഫണ്ട് രൂപീകരിക്കാന്‍ ദേശസാല്‍കൃതബാങ്കുകളും മുന്‍കയ്യെടുക്കണമെന്ന് ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.

ബാങ്കുകളുടെ സംയുക്തസമിതിയുടെ സംസ്ഥാനതലയോഗത്തില്‍ ജൂലായ് 21 ശനിയാഴ്ച സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വികസനത്തിനുള്ള തടസ്സങ്ങളെപ്പറ്റി പഠിക്കാനും ആ തടസ്സങ്ങള്‍ നീക്കി സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനുള്ള മൂലധനനിക്ഷേപം കൊണ്ടുവരാനും ബാങ്കുകളുടെ സജീവപങ്കാളിത്തമുണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

കേരളം വികസനത്തിനുള്ളഒരു പുതിയ പാത കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. പുതിയ വികസന അജണ്ടകള്‍ രൂപപ്പെടുത്താനുള്ള പ്രക്രിയയിലാണ് ഞങ്ങള്‍. സാമ്പത്തിക വളര്‍ച്ചക്ക് പ്രത്യേക ശ്രദ്ധനല്കുന്നതായിരിക്കും ഈ അജണ്ട. അതേസമയം, മാനുഷികവും സാമൂഹികവുമായ വികസനനേട്ടങ്ങള്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ഈ അജണ്ടയില്‍ ശ്രമമുണ്ടായിരിക്കും.

കേരളത്തിന് മുന്‍തൂക്കമുള്ള മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലായിരിക്കും ശ്രദ്ധ. ഐടി, ടൂറിസം, ബയോടെക്നോളജി എന്നതിനു പുറമെ വിദ്യാസമ്പന്നരുടെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകള്‍ എന്നിവയാണ് കേരളത്തിന് മുന്‍തൂക്കമുള്ള മേഖലകള്‍.

നിക്ഷേപത്തിനും സംരംഭങ്ങള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ തടസ്സങ്ങളും ഒഴിവാക്കും. ഔദ്യോഗിക കാലതാമസം, തെറ്റായ തൊഴിലാളി പ്രശ്നങ്ങള്‍, അടിസ്ഥാനസൗകര്യമേഖലയിലെ അപര്യാപ്തതകള്‍ തുടങ്ങി എല്ലാ തടസ്സങ്ങളും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വായ്പാ-നിക്ഷേപ അനുപാതം വളരെ താഴെയാണ്. ഇതിന് ലളിതമായ പരിഹാരമാര്‍ങ്ങളില്ലെന്നറിയാം. ബാങ്കുകള്‍ക്കും സര്‍ക്കാരിനും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ ഒരു ബന്ധമുണ്ടാക്കാന്‍ കഴിയില്ല. പക്ഷെ ബാങ്കുകള്‍ക്കും സര്‍ക്കാരിനും അന്യോന്യം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.

ആഗോളവല്ക്കരണവും ഉദാരവല്ക്കരണവും മൂലം വെല്ലുവിളികള്‍ നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കേണ്ടതുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അത്തരമൊരു പുതിയ ദിശാബോധം അത്യാവശ്യമാണെന്നും ശങ്കരനാരായണന്‍ സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X