കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ പണിമുടക്ക്, രാജ്യം സ്തംഭിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജൂലായ് 25 ബുധനാഴ്ച രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കില്‍ ബഹുഭൂരിപക്ഷം തൊഴിലാളികളും പങ്കെടുക്കും.

ആശുപത്രി പോലുള്ള അവശ്യസര്‍വീസുകളെ മാത്രമേ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. സ്വകാര്യവല്‍ക്കരണത്തിനും തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കുമെതിരെയാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരും തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലാളികളുടെ എണ്ണം വ്യാപകമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ തുടക്കമിട്ടതായി സര്‍വീസ് സംഘടനാ നേതാക്കള്‍ പറയുന്നു. കസ്റംസ് സെന്‍ട്രല്‍ എക്സൈസ് വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം 80, 000ത്തില്‍ നിന്നും 3, 600 ആയി കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു.

റെയില്‍വെയിലെ ജോലിസമയം എട്ട് മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കാനും റെയില്‍വെയില്‍ നിന്നും 1, 20, 000 പേരെ പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചുകഴിഞ്ഞു.

പിരിച്ചുവിടുന്ന തൊഴിലാളികളുടെ സ്ഥാനത്ത് ആവശ്യമെങ്കില്‍ കരാറടിസ്ഥാനത്തിലും ദിവസക്കൂലിക്കും തൊഴിലാളികളെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഇതുവഴി പെന്‍ഷന്‍, ക്ഷാമബത്ത, പ്രോവിഡന്റ് ഫണ്ട്, ആരോഗ്യപരിപാലനം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

പ്രോവിഡന്റ് ഫണ്ടിന്റെ 50 ശതമാനം മറ്റൊരു പേരില്‍ ഒരു നിക്ഷേപമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും വായ്പ നല്‍കുന്നതല്ല. ഇങ്ങനെ പ്രോവിഡന്റ് ഫണ്ട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു. പെന്‍ഷന് വേണ്ട തുക മേലില്‍ ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി പിടിക്കും. വിരമിച്ച ശേഷം ഈ തുകയായിരിക്കും പ്രതിമാസം പെന്‍ഷനായി നല്‍കുക.

ഇപ്പോള്‍ മൂന്ന് പേര്‍ വിരമിക്കുന്ന സ്ഥാനത്ത് ഒരാളെ നിയമിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ പുതിയതായി നിയമിക്കുന്നവരുടെ എണ്ണം നിലവിലുള്ള ജീവനക്കാരുടെ ആകെയുള്ള എണ്ണത്തിന്റെ ഒരു ശതമാനത്തിലധികം വരരുതെന്ന് ചെലവ് പരിഷ്ക്കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷാമബത്ത നിര്‍ത്താനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

10 കൊല്ലം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് അഞ്ച് വര്‍ഷം ശമ്പളമില്ലാത്ത അവധി നിര്‍ബന്ധമാക്കാനും, 52 മുതല്‍ 55 വയസ് വരെ പ്രായമുള്ള ജീവനക്കാരില്‍ 25 മുതല്‍ 50 ശതമാനം പേര്‍ക്ക് നിര്‍ബന്ധിത പെന്‍ഷന്‍ ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 25ന് നടത്തുന്ന പണിമുടക്ക് സൂചന മാത്രമാണെന്നും കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സര്‍വീസ് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസിയും ഉള്‍പ്പടെ കേരളത്തിലെ എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ആഭിമുഖ്യത്തിലുള്ള സര്‍വീസ് സംഘടനയും സിപിഐ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലും പണിമുടക്കിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജോയിന്റ് കൗണ്‍സില്‍ അവസാനനിമിഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചേക്കും. പണിമുടക്കിന് മുന്നോടിയായി ജൂലായ് 24 ചൊവാഴ്ച തൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X