കീടനാശിനി: ദുരിതം ബാക്കി; അന്വേഷണം ഇഴയുന്നു
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ പദ്രെ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതുവഴിയുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി നീട്ടിയേക്കും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഗ്രാമത്തിലുണ്ടായ ചില മരണങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതുവഴിയാണെന്ന് കരുതപ്പെടുന്നു.
സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടാന്‍ അനുമതി ചോദിക്കുമെന്ന് സമിതി കണ്‍വീനറും കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ എല്‍. സുന്ദരേശന്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. ഫിബ്രവരി അവസാനവാരം രൂപീകരിച്ച സമിതിയുടെ കാലാവധി മെയ് മാസത്തില്‍ കഴിഞ്ഞു.
എന്നാല്‍ ഇതുവരെ സമിതി അംഗങ്ങളാരും പെദ്രെ ഗ്രാമം സന്ദര്‍ശിച്ചിട്ടില്ലെന്ന് സുന്ദരേശന്‍ സമ്മതിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരുമായും മറ്റും ഒരു ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഗ്രാമം സന്ദര്‍ശിക്കാനാവു എന്ന് സുന്ദരേശന്‍ വ്യക്തമാക്കി. സമിതി അന്വേഷിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് (ടേംസ് ഓഫ് റഫറന്‍സ് )പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. കെ. അച്യുതന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. കെ. പി. അരവിന്ദാക്ഷന്‍, കാര്‍ഷിക സര്‍വകലാശാലയിലെ കശുമാവ് ഗവേഷണ വിഭാഗം മേധാവി ഡോ. അബ്ദുള്‍ സലാം, കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ സാമുവല്‍ മാത്യു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഒന്ന് രണ്ട് തവണ തൃശൂരില്‍ സമിതി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അഞ്ച് മാസമായിട്ടും ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്താനോ ഗ്രാമം സന്ദര്‍ശിക്കാനോ അന്വേഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനോ സമിതി തുനിയാത്തത് സര്‍ക്കാരിനും സമിതിക്കും ഇക്കാര്യത്തിലുള്ള നിസംഗമനോഭാവം വെളിവാക്കുന്നു.
സമിതിയുടെ കാലാവധി നീട്ടി ചോദിക്കുന്നത് ആഗസ്ത് മാസത്തിലായിരിക്കുമെന്ന് സുന്ദരേശന്‍ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തെ സമയം കൂടി പാഴാക്കിയ ശേഷമാണ് അടുത്ത നടപടിയെ കുറിച്ച് സമിതി ചിന്തിക്കുന്നത് തന്നെ.
പെദ്രെയിലുള്ള സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 4500 ഹെക്ടര്‍ വരുന്ന കശുമാവിന്‍ തോട്ടത്തിലാണ് പല രാജ്യങ്ങളിലും ഇതിനകം നിരോധിച്ചിട്ടുള്ള മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കപ്പെടുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മുകളില്‍ നിന്നും ഹെലികോപ്ടറിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ അല്ലാതെയുള്ള തളിക്കല്‍ തുടരുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പ്രത്യാഘാതമെന്നോണം ഏറ്റവും ഒടുവില്‍ രണ്ട് മരണങ്ങള്‍ നടന്നത് ജൂലായ് 19നാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പെദ്രെയില്‍ 58 പേരാണ് എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞതെന്ന് പറയപ്പെടുന്നു. പ്രദേശത്തുള്ള നിരവധിപേര്‍ ഇപ്പോള്‍ എല്ലുകള്‍ ഒടിഞ്ഞുതകരുന്നതു പോലുള്ള വിചിത്രമായ രോഗങ്ങളുടെ പിടിയിലാണ്. അര്‍ബുദം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ മൂലം കശുമാവ് തോട്ടത്തിന് സമീപം താമസിക്കുന്നവര്‍ മരണത്തിലേക്ക് നീങ്ങുകയാണ്.