പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി
ഭൂവനേശ്വര്‍: പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിന്റെ ക്ഷണമനുസരിച്ച് താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വ്യക്തമാക്കി. സന്ദര്‍ശനം റദ്ദാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമൊന്നുമില്ലെന്നും സന്ദര്‍ശന തീയതി പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജൂലായ് 29 ഞായറാഴ്ച ഒറീസയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറീസയ്ക്ക് പുതുതായി എന്തെങ്കിലും സഹായധനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
ഒറീസ സര്‍ക്കാര്‍ 734 കോടി രൂപയുടെ കേന്ദ്രസഹായമാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. തുടര്‍ന്ന് 225 കോടി രൂപ സഹായധനമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പുറമെ 210 കോടി രൂപ ചെലവഴിച്ച് മൂന്നു ലക്ഷം ടണ്‍ അരിയും ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്യാമെന്ന് പ്രധാനമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു.
ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കയി വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഒറീസ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം തന്നെ പ്രധാനമന്ത്രി ദില്ലിയിലേക്ക് തിരിച്ചുപോകും.