കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍

  • By Staff
Google Oneindia Malayalam News

കൊളംബോ: തുടര്‍ച്ചയായ ഏഴു ഫൈനല്‍ പരാജയങ്ങള്‍ക്കു ശേഷം ഇന്ത്യക്ക് ഒരു കിരിടം ഉയര്‍ത്തണമെങ്കില്‍ 296 റണ്‍സ് വേണം. കൊക്കക്കോള ത്രിരാഷ്ട്ര കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 295 റണ്‍സെടുത്തു.

ടോസ് നേടിയ ശ്രീലങ്കയ്ക്ക വേണ്ടി ക്യാപ്റ്റന്‍ സനത് ജയസൂര്യയും ആവിഷ്ക ഗുണവര്‍ധനെയും സ്ഫോടനാത്മകമായ തുടക്കമാണ് നല്‍കിയത്. ഏഴില്‍ കൂടുതല്‍ റണ്‍റേറ്റുമായി കുതിച്ച ശ്രീലങ്കയെ ഹര്‍ഭജന്‍ സിംഹാണ് തളച്ചത്. 31 പന്തില്‍ 34 റണ്‍സെടുത്ത ഗുണവര്‍ധനെയെ ഹര്‍ഭജന്‍ വിക്കറ്റിനുമുന്നില്‍ കുടുക്കി. അപ്പോള്‍ ശ്രീലങ്കയുടെ സ്കോര്‍ 71 ആയിരുന്നു.

തുടര്‍ന്നെത്തിയ മാര്‍വന്‍ അട്ടപ്പട്ടുവിനെ എളുപ്പത്തില്‍ വീരേന്ദര്‍ ഷെവാഗ് കീഴടക്കി. അഞ്ച് റണ്‍സെടുത്ത അട്ടപ്പട്ടു സൗരവ് ഗാംഗുലിക്ക് പിടികൊടുക്കുകയായിരുന്നു.

പിന്നീട് വൈസ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് സനത് ജയസൂര്യക്ക് കൂട്ടിനെത്തിയത്. മൂന്നാം വിക്കറ്റില്‍ 104 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇവര്‍ ശ്രീലങ്കയ്ക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 300 റണ്‍സ് ലക്ഷ്യവുമായി കുതിച്ച ശ്രീലങ്കയെ ഒരിക്കല്‍ക്കൂടി ഷെവാഗ് വിറപ്പിച്ചു. 99 റണ്‍സെടുത്ത സനത് ജയസൂര്യയായിരുന്നു ഇത്തവണ ഷെവാഗിന്റെ ഇര. ഗാംഗുലിക്ക് തന്നെ ക്യാച്ച്. 14 റണ്‍സെടുക്കുന്നതിനുള്ളില്‍ ജയവര്‍ധനെ ഹര്‍ഭജന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റസ്സല്‍ ആര്‍നോള്‍ഡും (52) രമേഷ് കലുവിതരണയും (31 നോട്ടൗട്ട്) ചേര്‍ന്നാണ് ശ്രീലങ്കയെ പിന്നീട് 295ലെത്തിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഈ കൂട്ടുകെട്ട് 63 പന്തില്‍ 77 റണ്‍സെടുത്തു. 45, 46, 47, 48 എന്നീ നാല് ഓവറുകളില്‍ മാത്രം ഇന്ത്യ വഴങ്ങിയത് 51 റണ്‍സായിരുന്നു.

ഹര്‍ഭജന്‍ സിംഹൊഴിച്ചുള്ള ഒറ്റ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും താളം കണ്ടെത്താന്‍ സാധിച്ചില്ല. വീരേന്ദര്‍ ഷെവാഗ് 58 റണ്‍സ് വിട്ടുകൊടുത്ത് നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് മാത്രമേ പിന്നീട് ഇന്ത്യക്ക് എടുത്തു പറയാനുള്ളൂ. തുടക്കം മുതല്‍ ഒടുക്കം വരെ താളം കണ്ടെത്താന്‍ വിഷമിച്ച സഹീര്‍ ഖാന് ഇന്നിംഗ്സിലെ അവസാന പന്തില്‍ റസ്സല്‍ ആര്‍നോള്‍ഡിനെ പുറത്താക്കിയതു മാത്രമേ എടുത്തു പറയാനുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X