83ലെ അട്ടിമറിക്കുപിന്നിലും ടി. എസ്. ജോണ്‍
തിരുവനന്തപുരം: മന്ത്രിസഭാരേഖകള്‍ ചോര്‍ന്നതിനെ പറ്റിയുള്ള വിവരം കത്തിപ്പടരുകയാണ്. സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. ഇതിനെല്ലാം തുടക്കമിട്ടതാകട്ടെ ടി. എസ്. ജോണ്‍ എന്ന മുന്‍ സ്പീക്കറും.
ജോണിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരിക്കും രേഖ ചോര്‍ത്തിക്കൊടുത്തു എന്ന് സംശയിക്കപ്പെടുന്ന മന്ത്രിയുടെ ഭാവിയും. മന്ത്രിസഭകളുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന ഘടകമായി ജോണ്‍ മുന്‍ കാലത്ത് എങ്ങനെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വെളിവാക്കുന്ന ചരിത്രം പരിശോധിക്കുന്നത് രസകരമായിരിക്കും.
ജോണിനെ വിശ്വസിച്ച് ഇടതുപക്ഷകക്ഷികള്‍ അവിശ്വാസം അവതരിപ്പിച്ച് പൊളിഞ്ഞതാണ് ആ കഥ.
1983ല്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ ഭരണപക്ഷത്തുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ജെ കരുണാകരനെതിരെ വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഈ വിവരം പ്രതിപക്ഷത്തെ അറിയിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ജോണായിരുന്നു. 1983 ഡിസംബര്‍ 19ന് രാത്രി എംഎല്‍എ ഹോസ്റലിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ആര്‍എസ്പി നേതാവ് ബേബിജോണിനെ വിളിച്ചുണര്‍ത്തി തങ്ങള്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് ജോണ്‍ അറിയിച്ചു.
അന്ന് ബേബിജോണായിരുന്നു അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ടി. എസ്. ജോണ്‍ വഴി നല്‍കിയ കേരളാ കോണ്‍ഗ്രസിന്റെ ഉറപ്പിന്മേല്‍ ആയിരുന്നു താന്‍ അന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് ബേബിജോണ്‍ പിന്നീട് പറഞ്ഞിരുന്നു. ബേബിജോണിനോട് സംസാരിക്കുവാനും അവിശ്വാസപ്രമേയത്തിന് മുമ്പും പിമ്പുമുള്ള തയാറെടുപ്പുകള്‍ നടത്താനും കേരളാ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത് ടി. എസ്. ജോണിനെയും അന്നത്തെ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ മാത്യുവിനെയുമായിരുന്നു.
എന്നാല്‍ അവസാന നിമിഷം കേരളാ കോണ്‍ഗ്രസ് ജെ കളം മാറിചവുട്ടി. നിയമസഭയില്‍ വച്ച് പാര്‍ട്ടി കരുണാകരന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി കോണ്‍ഗ്രസ് കൂടുതല്‍ അടുക്കുന്നതും വനംകൃഷിക്കാര്‍ക്കുള്ള പട്ടയം നല്‍കാതിരിക്കുന്ന നടപടിയുമായിരുന്നു ജോസഫ് ഗ്രൂപ്പ് കരുണാകരനെതിരായി വോട്ട് ചെയ്യുന്നതിന് കാരണങ്ങളായി പറഞ്ഞിരുന്നത്. തന്ത്രജ്ഞനായ കരുണാകരന്‍ കേരളാ കോണ്‍ഗ്രസിലെ ജേക്കബിനെ പാട്ടിലാക്കി ആ പ്രതിസന്ധിയും തരണം ചെയ്തു.