ബ്രാഡ്മാന്റെ സ്വപ്നടീമില്‍ 3 ഇന്ത്യക്കാര്‍
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്‍ രൂപീകരിച്ച സ്വപ്നടീമില്‍ ഇന്ത്യന്‍ കളിക്കാരായ സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഇടം നേടി. മരിക്കുന്നതിനു മുമ്പ് അദ്ദേഹം തയ്യാറാക്കിയ 69 അംഗ ടീമിലാണ് ഇവര്‍ സ്ഥാനം നേടിയത്.
സ്വപ്നടീം തയ്യാറാക്കാന്‍ ബ്രാഡ്മാനെ സഹായിച്ച റൊണാള്‍ഡ് പെറി എഴുതിയ ബ്രാഡ്മാന്‍സ് ബെസ്റ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പുസ്തകം ആഗസ്ത് 13 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
ബ്രാഡ്മാന്‍ തന്റെ സ്വപ്നസംഘത്തെ തിരഞ്ഞെടുത്തത് എങ്ങനെയെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 1995ല്‍ ആറു മാസക്കാലം നിരന്തരമായി നടന്ന നിരീക്ഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് ബ്രാഡ്മാന്‍ സ്വപ്നടീമിനെ കണ്ടെത്തിയത്. 20ാം നൂറ്റാണ്ടിലെ ആദ്യകളിക്കാരില്‍പ്പെട്ട ഡബ്ലിയു.ജി. ഗ്രേസ്, വിക്ടര്‍ ട്രമ്പര്‍ എന്നിവര്‍ മുതല്‍ ഈ കാലഘട്ടത്തിലെ മികച്ച കളിക്കാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ വരെ ബ്രാഡ്മാന്റെ നിരീക്ഷണത്തില്‍ വന്നു - പെറി പറയുന്നു.
സ്വപ്നടീം തയ്യാറാക്കാന്‍ ബ്രാഡ്മാന്‍ താഴെ പറയുന്ന മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്. രണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍, അതില്‍ ഒന്ന് ഇടംകൈയ്യനായിരിക്കണം. ഇവരെക്കൂടാതെ മൂന്നു മധ്യനിര ബാറ്റ്സ്മാന്മാര്‍, ഇവരിലും ഒരാള്‍ ഇടംകൈയ്യനായിരിക്കണം. ഒരു ഓള്‍റൗണ്ടര്‍. നല്ലവണ്ണം ബാറ്റ് ചെയ്യാനറിയുന്ന വിക്കറ്റ് കീപ്പര്‍. ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഒരു ഫാസ്റ് ബൗളര്‍. ഓപ്പണ്‍ ചെയ്യുന്ന രണ്ടാമത്തെ ബൗളര്‍ ഫാസ്റ് ബൗളറോ മീഡിയം പേസറോ ആകാം. ഒരു വലംകൈയ്യന്‍ ഓഫ്സ്പിന്നറോ വലംകൈയ്യന്‍ ലെഗ്സ്പിന്നറോ. ഒരു ഇടംകൈയന്‍ ഓര്‍ത്തഡോക്സ് സ്പിന്നര്‍.
സുനില്‍ ഗവാസ്കറെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വിഭാഗത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കറെ മധ്യനിര ബാറ്റ്സ്മാന്‍ വിഭാഗത്തിലും കപില്‍ ദേവിനെ ഓള്‍റൗണ്ടര്‍ വിഭാഗത്തിലുമാണ് ബ്രാഡ്മാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications