പിഎസ്സി ഫോമിന് വില ഈടാക്കിയേക്കും
തിരുവനന്തപുരം: പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന അപേക്ഷാ ഫോമിന് വില ഈടാക്കിയേക്കും.
പിഎസ്സി ചെയര്‍മാന്‍ പി. ഗംഗാധരക്കുറുപ്പും മുഖ്യമന്ത്രി എ. കെ. ആന്റണിയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ഫോമിന് എത്ര രൂപയാണ് ഈടാക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിയാത്തതിനാല്‍ വില ഈടാക്കുന്ന നടപടി നീണ്ടുപോവുകയാണ്. വില എത്രയെന്ന് നിശ്ചയിച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വില ഏര്‍പ്പെടുത്തുമെന്ന് അറിയുന്നു.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ കഴിയുന്ന ഒഎംആര്‍ സംവിധാനത്തിലുള്ള ഫോമിന് പിഎസ്സി രൂപം നല്‍കുകയാണ്. ഇതിന്റെ നിര്‍മാണത്തിനുണ്ടാകുന്ന ചെലവ് നികത്താനാണ് ഫോമിന് വില ഈടാക്കാന്‍ പിഎസ്സിയെ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത്തരമൊരു തീരുമാനം എടുത്തെങ്കിലും അത് നീട്ടിവയ്ക്കുകയായിരുന്നു.
പുതിയ ഫോമില്‍ ഉദ്യോഗാര്‍ത്ഥിയുടെ എല്ലാ വിവരവും രേഖപ്പെടുത്തണം. ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകള്‍ അയക്കുന്നത് തടയാനും പുതിയ സംവിധാനത്തിലൂടെ കഴിയും. വില എത്രയെന്ന് നിശ്ചയിക്കാന്‍ പിഎസ്സി ചെയര്‍മാനും മുഖ്യമന്ത്രിയും അടുത്ത് തന്നെ വീണ്ടും ചര്‍ച്ച നടത്തും. പിഎസ്സി ഇപ്പോള്‍ സൗജന്യമായാണ് ഫോം നല്‍കുന്നതെങ്കിലും കടകളില്‍ നിന്നും രണ്ട് രൂപ മുതല്‍ മൂന്ന് രൂപ വരെ നല്‍കിയാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോം വാങ്ങുന്നത്. അതിനാല്‍ വില ഈടാക്കാനുള്ള തീരുമാനത്തെ യുവജനങ്ങള്‍ എതിര്‍ക്കില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications