കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം വിരമിച്ചവര്‍ പെരുവഴിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) പ്രകാരം വിരമിച്ചവര്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി സമരത്തിലേക്ക്.

പൊതുമേഖലാ സ്ഥാപനങ്ങളിലും വിആര്‍എസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്വയം വിരമിച്ചവരില്‍ കൂടുതല്‍ പേരും ബാങ്കുകളില്‍ നിന്നുള്ളവരാണ്. ബാങ്കുകളുടെ വിരമിക്കല്‍ പദ്ധതി കുറെക്കൂടി ആകര്‍ഷകമായിരുന്നതാണ് കാരണം.

ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആസ്ഥാനത്തിന് മുന്നില്‍ ഒക്ടോബര്‍ 15 തിങ്കളാഴ്ച ബാങ്ക് വോളന്ററിലി റിട്ടയേഡ് സ്റാഫ് അസോസിയേഷന്‍ ധര്‍ണ നടത്തും.ആനുകൂല്യങ്ങള്‍ക്കായി സ്വയം വിരമിച്ചവര്‍ ആഗസ്ത് 22ന് എറണാകുളം റിസര്‍വ് ബാങ്കിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.

വിആര്‍എസ്കാര്‍ക്ക് പിരിയാന്‍ നേരം നല്‍കുന്ന തുക മുഴുവനായി കൊടുക്കുന്നില്ല എന്നാണ് പരാതി. മുഴുവന്‍ പണവും ഒരുമിച്ച് നല്‍കാന്‍ കഴിവില്ലാത്ത ബാങ്കുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുള്ളത്. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പോലുള്ള ബാങ്കുകളില്‍ ഈ തുകയുടെ പകുതി ബോണ്ടായി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് വിരമിച്ചവരോട് ആലോചിക്കുക പോലും ചെയ്യാതെ സ്ഥിരനിക്ഷേപമാക്കുകയായിരുന്നു.

അതിന് ശേഷം ബാങ്ക് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 44 കോടി രൂപയാണ് വിആര്‍എസിനായി നീക്കിവച്ചിട്ടുള്ളതെന്ന് പറയുന്നു. അപ്പോഴും ബാങ്കിന് 98 കോടി രൂപയുടെ ലാഭമുണ്ടായിരുന്നു. അത് മുന്‍വര്‍ഷത്തെ ലാഭത്തേക്കാള്‍ 47 ശതമാനം കൂടുതലുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ നിന്നും സ്വയം വിരമിച്ചവര്‍ സമരം നടത്തി മടുത്ത മട്ടാണ്. ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത കമ്പനി എങ്ങനെ വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് മാനേജ്മെന്റ് ചോദിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണില്‍ നിന്നും വിരമിച്ചവര്‍ ധര്‍ണയും മറ്റു പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. നല്‍കേണ്ട തുകയുടെ ചെറിയ ഒരു ശതമാനം മാത്രം കുറച്ചുപേര്‍ക്ക് നല്‍കി തല്‍ക്കാലം സമരത്തെ അടക്കിനിര്‍ത്തിയിരിക്കുകയാണ്.

എന്നാല്‍ കെല്‍ട്രോണില്‍ നിന്നും സ്വയം വിരമിച്ചവര്‍ കമ്പനി തകരുന്നത് കണ്ട് ജോലി മാറുകയായിരുന്നുവെന്നാണ് മാനേജ്മെന്റ് ഭാഷ്യം. ഇപ്പോള്‍ കമ്പനിയില്‍ നിന്നും വളരെയധികം പേര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്താണ് ശമ്പളത്തിന് വക കണ്ടെത്തുന്നത്.

കേരളത്തില്‍ ഇപ്പോഴത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 85 ആണ്. ഈ സാഹചര്യത്തില്‍ ഇനിയും 30 വര്‍ഷം വരെ ജോലി ചെയ്യാന്‍ സ്വയം വിരമിച്ചവര്‍ക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയും അനുഭവസമ്പത്തുള്ളവരെ പ്രയോജനപ്പെടുത്താതെ പോകുന്നത് ദേശീയ നഷ്ടവുമാണ്. കൂട്ടത്തോടെ വളരെയധികം ജീവനക്കാര്‍ പിരിഞ്ഞുപോയത് ബാങ്കിംഗ് മേഖലയില്‍ നേരിയ പ്രതിസന്ധിയും സൃഷ്ടിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാവാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ബാങ്കുകളില്‍ പ്രയാസം നേരിടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X