കേരളത്തില്‍ മൗലികവാദ സംഘടനകള്‍ ശക്തം
തിരുവനന്തപുരം: സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ ശക്തി പ്രാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.
മലപ്പുറം ജില്ലയിലാണ് മതമൗലികവാദ സംഘടനകള്‍ കൂടുതലായും പ്രവര്‍ത്തനം നടത്തുന്നത്. മലപ്പുറത്തെ മഞ്ചേരിയിലെ ഒരു സ്വകാര്യ എസ്റേറ്റില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസത്തിലാണ് എസ്റേറ്റില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഫോടകവസ്തു പരീക്ഷണാര്‍ഥം പൊട്ടിച്ചത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എസ്റേറ്റുടമകള്‍ക്ക് വിദേശഫണ്ടോടെ പ്രവര്‍ത്തിക്കുന്ന ചില മതമൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
സിബിഐയുമായും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുമായും ബന്ധപ്പെട്ട് തീവ്രവാദ സംഘടനകളെ നേരിടാനുള്ള നീക്കത്തിലാണ് സംസ്ഥാന പൊലീസ്. ആറ് മതമൗലികവാദ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഈ സംഘടനകള്‍ പൊലീസ് സേനയെപോലെ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവയ്ക്ക് ഹെഡ്ക്വാട്ടേഴ്സും സബ് ഡിവിഷണല്‍ ഓഫീസുകളുമുണ്ട്.
ചില സംഘടനകളില്‍ പൊലീസ് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഈ സംഘടനകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടനകളില്‍ അംഗങ്ങളെ ചേര്‍ക്കുന്നതെങ്ങിനെയെന്നും മനസിലാക്കിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വടക്കന്‍ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ ചില സംഘടനകള്‍ തിയേറ്ററുകള്‍ കത്തിക്കുകയും കേബിള്‍ ടിവി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications