കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭ വിഗ്രഹം തനിത്തങ്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീ പത്മനാഭവിഗ്രഹം തനിത്തങ്കമാണെന്ന് വ്യക്തമായി.

വിഷ്ണുപാര്‍ഷദന്മാരുടെ ചില വിഗ്രഹങ്ങളില്‍ കണ്ട അംഗഭംഗം തീര്‍ക്കുന്നതിനുള്ള പണികള്‍ക്കിടയില്‍ ശ്രീപത്മനാഭവിഗ്രഹം ശുചിയാക്കുമ്പോഴാണ് സ്വര്‍ണ്ണവര്‍ണ്ണം യാദൃച്ഛികമായി തെളിഞ്ഞുവന്നത്.

മുന്നൂറു വര്‍ഷം പഴക്കമുള്ളതാണ് ഈ വിഗ്രഹം. കടു ശര്‍ക്കരയോഗവും സാളഗ്രാമവും കൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഉണ്ടാക്കിയതാണ് ഈ വിഗ്രഹം.

ശ്രീപത്മനാഭവിഗ്രഹത്തില്‍ സ്വര്‍ണ്ണമുണ്ടെന്ന വസ്തുത അധികമാര്‍ക്കും അറിയില്ലായിരുന്നു. പൂജയ്ക്കുപയോഗിച്ചിരുന്ന കര്‍പ്പൂരത്തിന്റെയും വിളക്കിന്റെയും പുകകൊണ്ടാണ് വിഗ്രഹത്തിലെ സ്വര്‍ണ്ണാംശവും ആഭരണങ്ങളും വിലപിടിച്ച വജ്രങ്ങളും മറഞ്ഞുകിടന്നതെന്ന് കരുതുന്നു.

പതിനെട്ടടി നീളമുള്ള വിഗ്രഹത്തിന്റെ മുഖം, വയര്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴികെ മറ്റു ഭാഗങ്ങളെല്ലാം തനിത്തങ്കം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. നാഭീപത്മവും താമരത്തണ്ടും ബ്രഹ്മാവിന്റെ കിരീടവും എല്ലാം സ്വര്‍ണ്ണമയമാണെന്ന് വ്യക്തമായിട്ടുണ്ട്. കിരീടം, കര്‍ണാഭരണങ്ങള്‍, മാല, മാര്‍ച്ചട്ട, കൈവള, തള എന്നിവയും സ്വര്‍ണ്ണത്തില്‍ തീര്‍ത്തവയാണ്. അനന്തന്റെ തലയും തങ്കത്തിലുള്ളതാണ്.

വിഗ്രഹം പൂര്‍ണ്ണമായും തുടച്ച് വൃത്തിയാക്കാന്‍ ക്ഷേത്രം അധികൃതര്‍ നിര്‍ദേശം നല്കിക്കഴിഞ്ഞു. ശ്രീപത്മനാഭവിഗ്രഹം സ്വര്‍ണ്ണവിഗ്രഹമാണെന്ന വാര്‍ത്ത പരന്നതോടെ ഭക്തജനങ്ങള്‍ ശ്രീപത്മനാഭക്ഷേത്രത്തിലേക്ക് പ്രവഹിക്കുകയാണ്.

ഇന്നുകാണുന്ന തരത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണിഞ്ഞത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. വേണാടെന്ന ചെറിയ രാജ്യത്തെ തിരുവിതാംകൂര്‍ എന്ന വലിയ നാട്ടുരാജ്യമാക്കി മാറ്റിയത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായിരുന്നു. പിന്നീട് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം എന്ന ചടങ്ങ് നടത്തി. ഇതിനാലാണ് തിരുവിതാങ്കൂര്‍ രാജാക്കന്മാര്‍ ശ്രീപത്മനാഭ ദാസനെന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ഉദ്വോഗസ്ഥര്‍ പണ്ഡാരകാര്യക്കാര്‍ എന്നാണ് അറിയപ്പെടുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുലക്ഷേത്രമാണ്. ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മുറജപവും അതിന്റെ അവസാനം നടക്കുന്ന ലക്ഷദീപവും വിശേഷമാണ്. ഈ നൂറ്റാണ്ടിലെ ആദ്യ മുറജപം ഇപ്പോള്‍ നടക്കുകയാണ്.

1686 ല്‍ ഇരവിവര്‍മ്മയുടെ ഭരണകാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തീപിടിച്ചു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് പുതുക്കി പണി തുടങ്ങിയത്. 1730 മാര്‍ച്ചിലാണിത്. മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭദാസനായി അധികാരമേറ്റയുടനെ ആയിരുന്നു ഇത്. ഈ പുതുക്കി പണിക്ക് മുന്‍പ് വിഗ്രഹം ഇലപ്പുമരത്തടി കൊണ്ടായിരുന്നു. പുതുക്കി പണിയോടൊപ്പം വിഗ്രഹം കടുശര്‍ക്കര യോഗവും സാള ഗ്രാമയും ചേര്‍ത്തുള്ളതാക്കി. തൈക്കാട്ടില്ലത്ത് കേശവന്‍ വിഷ്ണുത്രാതന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പുനരുദ്ധാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X