Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീമന്‍മാരുടെ കണ്ണുവെട്ടിച്ച് ഒരു കോളക്കമ്പനി

പെപ്സി-കോക്ക് യുദ്ധത്തെയും ആഗോളവത്കരണത്തെയും അതിജീവിച്ച് ഒരു നാടന്‍ കോള കമ്പനി രക്ഷപെടുന്നു. കേള്‍ക്കുമ്പോള്‍ ഒരു യക്ഷിക്കഥയെന്നു തോന്നാമെങ്കിലും സംഭവം സത്യമാണ്. കോടികള്‍ വാരിയെറിഞ്ഞ് നിര്‍മ്മിച്ച പരസ്യപ്രളയത്തെയും കഴുത്തറുക്കുന്ന കമ്പോള മത്സരത്തെയും അതിജീവിക്കുന്നത് കൊച്ചിയിലെ പോപ്പുലര്‍ കൂള്‍ ഡ്രിങ്ക്സ് എന്ന നാടന്‍ കോള കമ്പനി. പെപ്സിയും കോക്കും സോഡാ വ്യാപാരത്തിലേയ്ക്കു തിരിഞ്ഞപ്പോള്‍ , സോഡയെങ്കില്‍ സോഡയെന്ന തന്റേടത്തോടെ അവരുമായി മത്സരിക്കാന്‍ തയ്യാറാകുന്ന ഒരു മലയാളിയുടെ നാടന്‍ വിജയഗാഥ.

ടി.പി.സത്യമൂര്‍ത്തിയാണ് കഥയിലെ നായകന്‍. 1998 ല്‍ പോപ്സ് എന്നു പേരുമിട്ട് ഒരു ശീതള പാനീയം വിപണിയിലിറക്കുമ്പോള്‍ കൂട്ടിന് ധൈര്യവും വിയര്‍ത്ത് പണിയെടുക്കാനുളള മനസും മാത്രം. 1999ലെ വാര്‍ഷിക കണക്കെടുപ്പു വേളയില്‍ അദ്ധ്വാനത്തിന്റെ ഫലം കണ്ട് മൂര്‍ത്തി തന്നെ ഞെട്ടി. 14 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം അത് 30 ലക്ഷമായി വളര്‍ന്നു. ഇക്കുറി അദ്ദേഹം ലക്ഷ്യമിടുന്നത് 50 ലക്ഷം.

പെപ്സിയുടെയോ കോക്കിന്റെയോ ഒരു പരസ്യത്തിനു മാത്രം ഇതിന്റെ എത്രയോ മടങ്ങ് ചെലവു വരും. അതുകൊണ്ടു വിപണിയില്‍ ഇതൊരു വലിയ തുകയല്ല. എന്നാല്‍ പരസ്യത്തിന്റെ മോഹിപ്പിക്കുന്ന നിറഭേദങ്ങളില്ലാതെ, വ്യാപാരത്ത്ിന് ഒട്ടും അനുയോജ്യമല്ലാത്ത നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഈ തുകയ്ക്ക് വലിപ്പമേറും. ദാവീദുമാരെ വെല്ലുവിളിച്ച് ഇത്രയൊക്കെ എത്തിച്ച നമ്മുടെ ഗോലിയാത്ത് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

ആഗോള ഭീമന്‍മാരുടെ പരസ്യതന്ത്രങ്ങള്‍ക്ക് മൂര്‍ത്തിയുടെ കയ്യില്‍ കൃത്യമായ മറുമരുന്നുണ്ടായിരുന്നു. സാല്‍മാനും ഐശ്വര്യയും ബച്ചനും സുമോ ഗുസ്തിക്കാരുമൊക്കെ അണിനിരക്കുന്ന പരസ്യ കോലാഹലങ്ങള്‍ കേരളീയ ഗ്രാമങ്ങളില്‍ സൃഷ്ടിക്കുന്ന ഉല്‍പ്പന്നാവബോധം ശരിയായി അളന്നാണ് മൂര്‍ത്തി തന്റെ കച്ചവടം ആസൂത്രണം ചെയ്യുന്നത്.

പെപ്സിയും കോക്കും പരസ്യങ്ങളിലൂടെ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയെ സാധാരണക്കാരന്റെ മനസില്‍ പതിപ്പിക്കാന്‍ ഇന്നും അവര്‍ക്കു കഴിഞ്ഞിട്ടില്ല-മൂര്‍ത്തി പറയുന്നു. ഇതിനെ ചൂഷണം ചെയ്താണ് പോപ്സ് പിടിച്ചു കയറിയത്. വമ്പന്‍ പരസ്യങ്ങളുമായി ഇവയോട് മത്സരിക്കാന്‍ തനിക്കാവില്ലെന്ന സത്യം ആദ്യമേ മനസിലാക്കിയാണ് ഇദ്ദേഹം രംഗത്തെത്തിയത്. പരസ്യങ്ങള്‍ വന്‍തോതില്‍ നല്‍കാത്തതിന് മറ്റൊരു കാരണവുമുണ്ട്.

പരസ്യം ചെയ്യുമ്പോള്‍ നാം ഇവരുടെ കണ്ണില്‍പെടും. പിന്നെ രണ്ടും ചേര്‍ന്ന് നമ്മെ കെട്ടുകെട്ടിക്കാനാവും ശ്രമിക്കുക. അങ്ങനെ നോക്കുമ്പോള്‍ സ്വയം ഒതുങ്ങുന്നതാണ് നല്ലത് മൂര്‍ത്തി പറയുന്നു. നാടന്‍ കമ്പനികളെ ഒന്നടങ്കം വിഴുങ്ങി ആഗോള ഭീമന്‍മാര്‍ കമ്പോളം ചവിട്ടി മെതിക്കുന്ന സാഹചര്യത്തില്‍ ഈ നിരീക്ഷണത്ത്ിന് പ്രസക്തിയുണ്ട്.

ഉല്‍പന്നത്തിന്റെ വിലയും കച്ചവടക്കാരുടെ കമ്മിഷനുമാണ് മൂര്‍ത്തിയുടെ തുറുപ്പു ചീട്ട്. പരസ്യത്തിന്റെ വര്‍ണപ്പകിട്ടൊന്നും സാധാരണക്കാരന്റെയടുത്ത് വിലപ്പോവില്ല. അവന് വില കുറഞ്ഞ ഉല്‍പന്നമാണ് പഥ്യം. കച്ചവടക്കാര്‍ക്ക് മികച്ച കമ്മിഷന്‍ നല്‍കുന്നതിനാല്‍ പോപ്സിനെ അവരും നന്നായി സഹായിക്കുന്നു.

പാനീയക്കുത്തകകളുടെ ഓരോ നീക്കവും മൂര്‍ത്തിയും സംഘവും സൂക്ഷ്മമായി പിന്തുടരുന്നു. അവര്‍ ഒന്നര ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും കുപ്പികളിറക്കിയപ്പോള്‍ പോപ്സും അതേ മാതൃക പിന്തുടര്‍ന്നു. വ്യത്യാസം വിലയില്‍ മാത്രം. ഒന്നര ലിറ്ററിന് അവര്‍ 40 രൂപ വാങ്ങുമ്പോള്‍ മൂര്‍ത്തി നമുക്കത് 32 രൂപയ്ക്കു തരും. അവരിരുവരും സോഡാ വ്യാപാരം തുടങ്ങിയപ്പോള്‍ മൂര്‍ത്തിയുടെ വക സോഡയും വിപണിയിലിറങ്ങി. പേര് അക്വ.

പരസ്യങ്ങളുടെ മായാജാലമില്ലാതെ, വാങ്ങുന്നവന്റെ മനശാസ്ത്രമറിഞ്ഞ് മൂര്‍ത്തിയും സംഘവും മുന്നോട്ടു പോകുമ്പോള്‍ നമുക്കാശ്വസിക്കാം. എല്ലാ വ്യാപാര മര്യാദകളെയും കാറ്റില്‍ പറത്തി, നമ്മുടേതായ ഒന്നിനെയും ബാക്കി വയ്ക്കാതെ ആഗോളവത്കരണത്തിന്റെ പേക്കുതിരകള്‍ പായുന്ന വിപണിയില്‍ ഇതുപോലുളള സംരംഭങ്ങള്‍ വിജയിക്കണം, യേ ദില്‍ മാംഗെ മോര്‍ പോപ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+