കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇം എം എസ് : ഇനിയുദിക്കാത്ത സൂര്യന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മാര്‍ക്സിസ്റ് ആചാര്യന്‍ ഇ. എം. എസിന്റെ നാലാം ചരമ ദിനം കേരളം സമുചിതമായി ആചരിച്ചു. കേരള രാഷ്ട്രീയത്തില്‍ വല്ലാത്ത ശൂന്യതയാണ് ആ വിയോഗം സൃഷ്ടിച്ചതെന്ന് കേരളം ഗൃഹാതുരതയോടെ ഓര്‍ത്ത ദിനം.

തര്‍ക്കങ്ങളും വ്യാഖ്യാനങ്ങളും ഇല്ലാത്ത നാലു വര്‍ഷങ്ങള്‍. ബുദ്ധിപരമായ വിവാദങ്ങള്‍ക്ക് അവധി നല്‍കിയ നാലു വര്‍ഷങ്ങള്‍. കേരളവും സിപിഎമ്മും അനുഭവിക്കുന്ന ശൂന്യത നികത്താനാകാത്തതു തന്നെ.

ഇം. എമ്മിന്റെ മരണത്തിനു ശേഷം ആദ്യമായി നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ നാലാം ചരമദിനത്തിലായത് യാദൃച്ഛികമാകാം. അല്ലെങ്കില്‍ ഈ ദിവസം ഹൈദരാബാദില്‍ അദ്ദേഹം പ്രസംഗിക്കേണ്ടതാണ്. ബിജെപിയും സംഘപരിവാറും സൃഷ്ടിക്കുന്ന വര്‍ഗീയ ഭീകരത, അതു നേരിടാന്‍ കോണ്‍ഗ്രസുമായി യോജിക്കേണ്ട ആവശ്യകത, ഒക്കെയും ചുരുങ്ങിയ വാക്കുകളില്‍, ആശയത്തിന്റെ തനിമ ചോരാതെ, ലളിതമായി സഖാവ് വിവരിക്കുന്നതു കേള്‍ക്കുന്ന ആര്‍ക്കുമുണ്ടാകില്ല, സംശയം.

കണ്ണൂരിലെ സംസ്ഥാനസമ്മേളനത്തില്‍ പിണറായി വിജയനും ആ വിയോഗത്തിന്റെ നഷ്ടം അറിഞ്ഞിരിക്കണം. ശബ്ദം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സിപിഎമ്മുകാരെ വശീകരിച്ച ഒരു നേതാവേ ഉണ്ടായിട്ടുളളൂ. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അനുരഞ്ജനവും ഒത്തു തീര്‍പ്പും കുറേക്കൂടി എളുപ്പമാകുമായിരുന്നെന്ന് സുര്‍ജിത്തും ഓര്‍ത്തു കാണും.

പാലക്കാട്ടെ വെട്ടിനിരത്തല്‍ പാര്‍ട്ടിയില്‍ ഏല്‍പിച്ച ആഘാതത്തെക്കുറിച്ച് ഇ. എം. എസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതേല്‍പ്പിച്ച മുറിവില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര ഉണങ്ങും മുമ്പാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.

രണ്ട് ആനന്ദന്‍മാരുടെ കുടിപ്പക കേരളത്തിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും ഇരുവരുടെയും താന്‍ പോരിമയും അഹങ്കാരവും പാര്‍ട്ടിയുടെ അടിത്തറ ഇളക്കിക്കഴിഞ്ഞെന്നും അദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേതാക്കളുടെ ഈഗോയും വ്യക്തി വൈരാഗ്യവും, താന്‍ കൂടി കെട്ടിപ്പടുത്ത കേഡര്‍ പാര്‍ട്ടിയുടെ ആണിക്കല്ലിളക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന വിഷമത്തിലാവാം അദ്ദേഹം വിടപറഞ്ഞത്.

കേരളത്തിന്റെ ശ്വാസവും ശബ്ദവുമായിരുന്നു ഇ. എം. എസ്. ഏതു വിഷയത്തിലായാലും ആ വാക്കുകള്‍ക്ക് കേരളം കൊതിച്ചു. അതുണ്ടാക്കിയ വിവാദത്തീപ്പൊരികള്‍ കേരളം ആസ്വദിച്ചു. വായിച്ചും എഴുതിയും പ്രസംഗിച്ചും പൊതു ജീവിതത്തിലെ ചൈതന്യമായിരുന്ന വ്യക്തിത്വം.

ലാളിത്യമായിരുന്നു ഇ. എം എസിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. ഗാന്ധിജിയ്ക്കു ശേഷം ഇത്രയും ലളിതമായ ജീവിതം നയിച്ച മറ്റൊരാള്‍ ഇല്ലെന്ന് സുകുമാര്‍ അഴിക്കോട് പറഞ്ഞത് നെഞ്ചില്‍ തട്ടിത്തന്നെയായിരുന്നു. കര്‍ക്കശമായി ആ ലാളിത്യം പാലിക്കാന്‍ അദ്ദേഹം അവസാന നിമിഷം വരെ ശ്രമിച്ചു. മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം വിജയിക്കുകയും ചെയ്തു.

ആ ലാളിത്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്നും വിട പറയുന്നത്. ഫ്ലാറ്റും ചാനലും ആഡംബരവും അക്കാദമിയുമായി ധനദുര്‍ദ്ദേവതയുടെ ആരാധകരായി മാറിയ ഒരാള്‍ക്കൂട്ടമായി അദ്ദേഹത്തിന്റെ പാര്‍ട്ടി. ഗാന്ധിയെ ബ്രാന്‍ഡ് നെയിമാക്കി വില്‍ക്കാന്‍ ചെറുമകന് ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെങ്കില്‍ സിപിഎം ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തെ ഭംഗിയായി വിറ്റു.

ഇം. എം. എസിന്റെ സ്മരണ നിലനിര്‍ത്താന്‍ നാടൊട്ടുക്ക് ആഘോഷങ്ങള്‍ നടന്നു. സെമിനാറുകളും പൊതുയോഗങ്ങളുമായി ഒട്ടേറെ ചടങ്ങുകള്‍. തേജോമയമായിരുന്ന ആ രാഷ്ട്രീയ സാന്നിദ്ധ്യത്തിന്റെ നഷ്ടം പ്രസംഗപീഠത്തില്‍ നിന്ന എല്ലാവരും അനുസ്മരിച്ചു. ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ച് എല്ലാപേരും വാചാലരായി. വര്‍ഗീയതയ്ക്കും ആഗോളീകരണത്തിനുമെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തു. ആ ലാളിത്യവും സത്യസന്ധതയും സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുമെന്ന ഒരു വാഗ്ദാനത്തിനു വേണ്ടി സാധാരണ മനസ് കൊതിച്ചത് വെറുതെയായി. അല്ലെങ്കിലും ആര്‍ക്കാകും അതിനൊക്കെ. സൃഷ്ടിയുടെ ഈ അപൂര്‍വതയാണല്ലോ ഗാന്ധിജിയെയും ഇ. എം. എസിനെയുമൊക്കെ വേറിട്ടു നിര്‍ത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X