• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലേബലിലെ മാര്‍ജിന്‍ ഫ്രീ തന്ത്രം

  • By Staff

ചുരുങ്ങിയ കാലം കൊണ്ട് ഉപഭോഗമേഖലയില്‍ വന്‍വിജയം കൈവരിച്ച മാര്‍ജിന്‍ ഫ്രീ ശ്രൃംഖല വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 15 ഉല്‍പന്നങ്ങള്‍ക്ക് സ്വകാര്യ ലേബല്‍ നല്‍കാനുളള തീരുമാനം നടപ്പാകുന്നതോടെ കച്ചവട രംഗത്ത് മാര്‍ജിന്‍ ഫ്രീ പരീക്ഷണം സമാനതകളില്ലാത്ത വിജയക്കുതിപ്പ് നടത്തുമെന്നുറപ്പ്. ചില്ലറ വ്യാപാര രംഗത്ത് ഉല്‍പന്നങ്ങളില്‍ സ്വകാര്യ ലേബല്‍ പതിയുന്നതോടെ വ്യാപാരം പലമടങ്ങ് ഉയരാനുളള സാദ്ധ്യതയുണ്ട്. ഇത് ഏറെ പരീക്ഷിച്ച് തെളിയിക്കപ്പെട്ട ഒരു വിപണന തന്ത്രമാണ്.

അരിയും പഞ്ചസാരയുടക്കമുളള ഉല്‍പന്നങ്ങളുടെ പാക്കറ്റുകളിലാണ് ലേബല്‍ പതിയുന്നത്. ഇപ്പോള്‍ മാര്‍ജിന്‍ ഫ്രീ കടകളില്‍ വില്‍ക്കപ്പെടുന്ന വീട്ടു സാധനങ്ങള്‍ക്ക് ഒരു കമ്പനി ലേബല്‍ പതിയുന്നതോടെ വിശ്വാസ്യത ഉറപ്പിക്കാനാകും. ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പിക്കാന്‍ ഇതു വഴി സാദ്ധ്യമാകമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

സംസ്ഥാനത്ത് മൂന്നിടങ്ങളിലായി മാര്‍ജിന്‍ ഫ്രീ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്തൃ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. അവ ആരംഭിക്കുന്നതിനു മുന്നോടിയായി ഈ മാസം തന്നെ ലേബലുകള്‍ പതിക്കുന്ന ജോലി തുടങ്ങിയെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. മാര്‍ജിന്‍ ഫ്രീ ലേബലിംഗ് ഉളള സാധനങ്ങള്‍ മറ്റു കടകളില്‍ ലഭ്യമാകില്ല. തിരഞ്ഞെടുക്കപ്പെട്ട പത്രങ്ങളില്‍ ഇതെക്കുറിച്ചുളള പരസ്യം ഉടനെ പ്രതീക്ഷിക്കാമെന്നും അവര്‍ അറിയിക്കുന്നു.

വിലക്കുറവാണ് മാര്‍ജിന്‍ ഫ്രീ കടകളുടെ പ്രധാന ആകര്‍ഷണം. ലാഭം കുറച്ച് വില്‍ക്കുന്നതു കൊണ്ടാണ് സാധനങ്ങള്‍ക്ക് പൊതു വിപണിയെക്കാള്‍ ശ്രദ്ധേയമായ വിലക്കുറവ് ഈ കടകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നത്. ഉദാഹരണത്തിന് പൊതുവിപണിയില്‍ 120 രൂപ വിലയുളള ഒരു കിലോ തേയില മാര്‍ജിന്‍ ഫ്രീ കടയില്‍ 90 രൂപയ്ക്ക് ലഭിക്കുന്നു. 30 രൂപയുടെ വ്യത്യാസം. സ്ഥിരവരുമാനക്കാരെ സംബന്ധിച്ച് ഇത്തരം വിലക്കുറവ് അവരുടെ കുടുംബ ബജറ്റിന് ഒരു ആശ്വാസമാണ്.

കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായി 240 മാര്‍ജിന്‍ ഫ്രീ കടകളാണുളളത്. പുതിയ ഉല്‍പന്നങ്ങള്‍ എല്ലാ കടകളിലും ഒരേസമയം ലഭ്യമാകും വിധമാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി മാര്‍ജിന്‍ ഫ്രീ കടകള്‍ക്കായി ഒരു കേന്ദ്രീകൃത സംവിധാനം എറണാകുളത്ത് സ്ഥാപിക്കും. എല്ലാ കടകളിലേയ്ക്കും ഇവിടെ നിന്നും സാധനങ്ങള്‍ നല്‍കും. ഇതിനായി 40 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഒരു കമ്പനിയായിട്ടാണ് ഈ സംവിധാനം രജിസ്റര്‍ ചെയ്യുന്നത്. 240 കടകളില്‍ നിന്നും മൂലധനം സ്വരൂപിക്കും. ഓരോ കടയുടെയും ഓഹരി പങ്കാളിത്തമനുസരിച്ചാണ് വരുമാനം പങ്കുവയ്ക്കുന്നത്. വില്‍പന ശേഷിയനുസരിച്ചാവും ലാഭ വിഹിതം വീതിക്കുന്നത്.

സ്വന്തം ലേബലുകള്‍ പതിച്ച ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കടക്കാര്‍ക്ക് വളരെ എളുപ്പമാണ്. വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്ന തരത്തില്‍ കടയില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകും. പരസ്യച്ചെലവ് ഗണ്യമായി കുറച്ച് ഉപഭോക്താക്കളെ കൃത്യമായി നിര്‍ണയിച്ചുളള വിപണനം നടത്താന്‍ വ്യാപാരികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മറ്റുളള ബ്രാന്‍ഡുകളെക്കാള്‍ വില കുറവാണെന്നതും പ്രധാനഘടകമാണ്.

ഈ കാരണങ്ങളാല്‍ സ്വകാര്യ ലേബലില്‍ കച്ചവടക്കാര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ലോകമാകെ വ്യാപിക്കുകയാണ്. കമ്പനി ഉല്‍പന്നങ്ങള്‍ ഇവരില്‍ നിന്നും വന്‍ ഭീഷണി നേരിടുന്നുണ്ട്. ഉപഭോക്താക്കളോട് നേരിട്ട് തങ്ങളുടെ ഉല്‍പന്നത്തെക്കുറിച്ച് വിവരിക്കാനും വിലപേശാനും കച്ചവടക്കാര്‍ക്ക് കഴിയും. ഇതുമൂലം ഉല്‍പാദകനും ഉപഭോക്താവുമായി നേരിട്ട് ബന്ധമുണ്ടാകുന്നു.

അതേസമയം ഇത്തരം ലേബല്‍ നല്‍കുന്നത് തങ്ങളില്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം വലുതാണെന്ന് ഉപഭോക്തൃ സംരക്ഷണ സമിതിയ്ക്ക് ബോദ്ധ്യമുണ്ട്. കടയുടെയോ കടക്കാരന്റെയോ പേര് ഉല്‍പന്നപ്പാക്കറ്റില്‍ അച്ചടിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രക്രിയയെന്ന് സമിതി നേതാവ് ജയപാല്‍ പറയുന്നു. സ്വകാര്യ ലേബല്‍ എന്ന നിലയില്‍ കൂടുതല്‍ ഗുണനിലവാരം ഉറപ്പു വരുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

പൂര്‍ണമായും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ലേബലിംഗ് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത്. കച്ചവടക്കാരുടെ രഹസ്യ പദ്ധതികള്‍ നടപ്പാക്കാനുളള അടവെന്ന തരത്തില്‍ ഒരിക്കലും ഇതിനെ സമീപിക്കില്ലെന്നും സമിതി ഉറപ്പു നല്‍കുന്നു.

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയെ സംബന്ധിക്കുന്ന പരാതികള്‍ കൂടുതല്‍ കൃത്യമായും വസ്തു നിഷ്ഠമായും ഉന്നയിക്കാന്‍ ലേബലിംഗ് സഹായിക്കും. കൃത്യമായി ബില്ലുകളും മറ്റും നല്‍കുന്നതിനാല്‍ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് കൂടുതല്‍ ന്യായമായ പരിഹാരമുണ്ടാക്കാന്‍ ഈ നടപടിയ്ക്ക് കഴിയുമെന്നതാണ് ഒരു മേന്‍മ.

അതിവേഗം പടര്‍ന്നു പിടിക്കുന്ന ഒരു വ്യവസായ സംരംഭമായി കേരളത്തില്‍ മാര്‍ജിന്‍ ഫ്രീ കടകള്‍ മാറിക്കഴിഞ്ഞു. പുതിയ വിപണന തന്ത്രം നടപ്പിലാകുന്നതോടെ അവര്‍ വിജയത്തിന്റെ മറ്റൊരു പടവു കൂടി കയറും. സമൂഹത്തില്‍ വാങ്ങല്‍ ശേഷി അവശേഷിക്കുന്ന സ്ഥിരവരുമാനക്കാരെ മറ്റു കടകളില്‍ നിന്നും ഇപ്പോള്‍ തന്നെ അവര്‍ അകറ്റിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം മാര്‍ജിന്‍ ഫ്രീ കടകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഇവരുയര്‍ത്തുന്ന വെല്ലുവിളി മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എങ്ങനെ ചെറുക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ജനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more