കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനസ്സില്‍ കണിക്കൊന്നകള്‍ നിറച്ച് വിഷു...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വീണ്ടും ഒരു കൊയ്ത്തുകാലത്തിന്റെ ഉത്സവലഹരിയും പേറി വിഷു പടിവാതില്ക്കല്‍ എത്തി. വിത്തും കൈക്കോട്ടും പാടാന്‍ വിഷുപക്ഷികളില്ലെങ്കിലും മഞ്ഞത്തുടുപ്പില്‍ മദം പൊട്ടിനില്ക്കുന്ന കണിക്കൊന്നകള്‍ നാട്ടിലായാലും നഗരത്തിലായാലും വിഷുവിനെ ഓര്‍മ്മിപ്പിക്കുന്നു.

vishuഅങ്ങ് ദൂരെ കടലുകള്‍ക്കക്കരെ കിടക്കുന്ന മലയാളികള്‍ ഇപ്പോള്‍ അവരുടെ സ്വന്തം മണ്ണിനെ ഓര്‍ക്കുകയാവാം. വിഷുക്കണിയിലേക്ക് കണ്‍മിഴിക്കുന്നതിന്റെ ആഹ്ലാദം, ആറ്റിറമ്പിലെ തിരക്കിട്ടുള്ള കുളിച്ചുകയറ്റം, ഈറനണിഞ്ഞെത്തുമ്പോള്‍ കാരണവര്‍ കയ്യില്‍ വച്ചുനീട്ടുന്ന വിഷുക്കൈനീട്ടത്തിന്റെ കുളിര്‍മ്മ, ഒരു സദ്യവട്ടത്തിന്റെ തിക്കും തിരക്കും, പൂവിടാന്‍ തുടങ്ങിയ നാട്ടുമാവും ചെമ്പകവും നിറയ്ക്കുന്ന ലഹരിമണം... പൊട്ടിവിരിയുന്ന ഓര്‍മ്മകളുടെ ഈ കണിക്കൊന്നകളാകാം മറുനാടന്‍ മനസ്സിലെ വിഷു. വിഷുസദ്യയൊരുക്കിയും വിഷുക്കണികണ്ടും ചിലര്‍ അവിടെയും ജന്മനാടിനെ പറിച്ചു നടാന്‍ ശ്രമിക്കുന്നു.

ഇന്‍സ്റന്റ് സദ്യയും ചാനലിലെ വിരുന്നും ചേര്‍ന്ന് കേരളത്തിലും വിഷുവിന്റെ തനിമ ചോര്‍ത്തിയിട്ടുണ്ട്. എങ്കിലും പുതിയ കുരുന്നുകള്‍ക്ക് വേണ്ടിയെങ്കിലും നമ്മള്‍ പഴയ വിഷുവിനെ തേച്ചുമിനുക്കുന്നു. സ്വര്‍ണ്ണവെള്ളരിയും കണിക്കൊന്നയും വാല്‍ക്കണ്ണാടിയും അരിയും പൂവും ചന്ദനവും സ്വര്‍ണ്ണാഭരണങ്ങളും പച്ചക്കറികളും വിത്തുകളും കത്തിച്ച കര്‍പ്പൂരവും നിറച്ച ഉരുളിയൊരുക്കുന്നു. ഒപ്പം ഉണ്ണിക്കൃഷ്ണന്റെ ഒരു വിഗ്രഹമോ പടമോ. ഉടച്ച തേങ്ങയില്‍ കത്തിച്ചുവച്ച തിരികള്‍. നിറയെ തിരികള്‍ കത്തി നിലവിളക്ക്. ഉണ്ണിയുടെ മനസ്സിലെ അവിദ്യയുടെ ഇരുട്ടുനീക്കുന്ന വിഷുക്കണി. കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ എലിശേരിയും കാളനും പായസവും അവിയലും കൂട്ടിയുള്ള വിഷുസദ്യ. പിന്നെ പടക്കങ്ങളില്‍ തീകൊളുത്തുകയായി.

പണ്ട് കര്‍ഷകന്റെ മുന്നില്‍ വിഷു മണ്ണിന്റെ മണമുള്ള പുതിയ സ്വപ്നങ്ങളാണ് നിറച്ചിരുന്നത്. വരാനിരിക്കുന്ന വിളവെടുപ്പിന്റെ കതിര്‍ക്കനങ്ങള്‍ അവന്റെ മനസ്സില്‍ കനംതൂങ്ങി. ഇപ്പോള്‍ കലപ്പയും കൈക്കോട്ടുമെല്ലാം മണ്‍മറഞ്ഞുകൊണ്ടിരിക്കുന്നു. കര്‍ഷകലോകവും ചുരുങ്ങിച്ചുരുങ്ങി വരുന്നു. വിത്തിടാനുള്ള പാടങ്ങള്‍ മണ്ണിട്ടുനികത്തി വെണ്‍മാടങ്ങള്‍ ഉയര്‍ത്തുകയാണ് പുതിയ ലോകം. ഇതൊക്കെയാണെങ്കിലും വിഷു ഈ തലമുറയിലും പുതിയ പ്രതിജ്ഞകളും പ്രതീക്ഷകളും കിനാവുകളും നിറയ്ക്കുന്നുണ്ട്. അതിന്റെ ചൂടും ചൂരം വേറെയാണെങ്കിലും.

Vishukkaniപണ്ട് മലയാളിയുടെ പുതുവത്സരം വിഷുവായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. തമിഴ്നാട്ടില്‍ പുത്താണ്ടായും കര്‍ണ്ണാടകയില്‍ ഉഗാദിയായും അവിടെയുള്ളവര്‍ വിഷു ആഘോഷിക്കുന്നു.

ക്ഷേത്രങ്ങളിലെ വിഷുവിന് ഇക്കുറി തിരക്കേറെയാകും. കേരളത്തില്‍ പ്രധാനമായും ഗുരുവായൂരിലും ശബരിമലയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും വിഷുഉത്സവം ഗംഭീരമാണ്. ആയിരക്കണക്കിനാളുകള്‍ ഇവിടെ വിഷുകാണാനെത്തും.

ഗുരുവായൂര്‍ ക്ഷേത്രം വിഷുവിളക്കിന് ഒരുങ്ങിക്കഴിഞ്ഞു. ഗുരുവായൂരപ്പന്റെ കണിദര്‍ശനം ഏപ്രില്‍ 14 ഞായറാഴ്ച പൂലര്‍ച്ചെ 2.30ന് ആരംഭിച്ച് 3.30ന് കണിദര്‍ശനത്തോടെ സമാപിക്കും. മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരി തന്റെ മുറിയില്‍ ഗുരുവായൂരപ്പന്റെ ചിത്രം കണി കണ്ട് തൊഴുത് കുളികഴിഞ്ഞ് 2.15ന് ശ്രീകോവിലില്‍ പ്രവേശിക്കും. ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തില്‍ ഭഗവാനെ എഴുന്നള്ളിക്കും. മുന്നില്‍ കണിക്കോപ്പുകളും. രണ്ടരയ്ക്ക് ശ്രീലകവാതില്‍ കണിദര്‍ശനത്തിനായി തുറന്നുവയ്ക്കും.

ശബരിമലയില്‍ വിഷുദര്‍ശനത്തിനായി ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് നട തുറക്കും. രാത്രി 10 മണിക്കാണ് ഹരിവരാസനം പാടി നടയടയ്ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X