• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജ്യോതിഷ കമ്പ്യൂട്ടറുകള്‍ക്ക് തിരക്കേറുന്നു

  • By Staff

തിരുവനന്തപുരം : കമ്പ്യൂട്ടറിന്റെ വ്യാപകമായ ഉപയോഗം വര്‍ദ്ധിച്ചതോടെ മനുഷ്യന്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും പതിയെ മോചനം നേടുമെന്ന് കരുതിയെങ്കില്‍ തെറ്റി. കമ്പ്യൂട്ടര്‍ വച്ചാണ് ഇപ്പോള്‍ അന്ധവിശ്വാസ വില്‍പന. ഭാവിയറിയാനും സമയ ദോഷം മാറ്റാനും ഇപ്പോള്‍ ആശ്രയിക്കുന്നത് കമ്പ്യൂട്ടര്‍ ജ്യോതിഷികളെയാണ്.

കടുവയെ കിടുവ പിടിച്ചെന്നു പറഞ്ഞതു പോലെയാണ് കാര്യങ്ങള്‍. ജ്യോതിഷത്തിനും ജാതകത്തിനുമൊക്കെ വിശ്വാസ്യത നല്‍കുന്നതില്‍ കമ്പ്യൂട്ടറിന് ഇന്ന് നിര്‍ണായക പങ്കുണ്ട്. ചിരപുരാതനമായ താളിയോല വിജ്ഞാനം മുഴുവന്‍ സോഫ്റ്റ് വെയറിലേയ്ക്ക് പകര്‍ത്തി ആധുനിക ജ്യോതിഷി ചിരിക്കുന്നു. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തത്തെയും തനിക്കു വേണ്ടി വഴിമാറ്റിയെന്ന ഗര്‍വോടെ.

നാളും ഗ്രഹനിലയുമൊക്കെ നല്‍കി മൗസൊന്നമര്‍ത്തുന്ന താമസമേയുളളൂ, ഭാവിയും ഭൂതവുമൊക്കെ കമ്പ്യൂട്ടറില്‍ സ്ക്രീനില്‍ തെളിഞ്ഞു വരാന്‍. മുക്കിലും മൂലയ്ക്കുമിരിക്കുന്ന സാദാ കൈനോട്ടക്കാരന്‍ വരെ കമ്പ്യൂട്ടര്‍ ജ്യോതിഷിയായി മാറിക്കഴിഞ്ഞു. സമ്പൂര്‍ണ സാക്ഷരനും രാഷ്ട്രീയ പ്രബുദ്ധനുമായ പൗരന്റെ കൈ സ്കാന്‍ ചെയ്ത് വേണമെങ്കില്‍ ഫലം പറയാനാകും.

വിവിധ ജ്യോതിഷ ശാഖകളിലെ വിജ്ഞാന ശേഖരം മുഴുവന്‍ ക്രമമായി വര്‍ഗീകരിച്ച് അടുക്കി വയ്ക്കുകയയാണ് കമ്പ്യൂട്ടര്‍ ചെയ്യുന്നത്. അഥര്‍വ മന്ത്രങ്ങളും സിദ്ധാന്തവുമൊക്കെ കമ്പ്യൂട്ടര്‍ ശേഖരിയക്കുന്നു. കാലാകാലങ്ങളിലായി ജ്യോതിഷ പണ്ഡിതര്‍ നല്‍കിയ വിശകലനങ്ങളും വ്യാഖ്യാനങ്ങളും സോഫ്റ്റ്വെയറുകളില്‍ ഉണ്ടാവും. ഈ വിവര ശേഖരത്തിനെ അടിസ്ഥാനമാക്കി വിവിധ കണക്കുകൂട്ടലുകള്‍ നടത്തിയാണ് കമ്പ്യൂട്ടല്‍ പ്രവചനം നടത്തുന്നത്.

എന്നാല്‍ ഇത്തരം സോഫ്റ്റ് വെയറുകള്‍ തയ്യാറാക്കുക എന്നത് വിഷമം പിടിച്ച പണിയാണെന്നാണ് ആസ്ട്രോവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിനോദ് ഹരിഹരന്റെ അഭിപ്രായം. 12 ഭാഷകളില്‍ ജ്യോതിഷ സേവനവും അതിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസനവും നടത്തുന്ന കമ്പനിയാണ് ആസ്ട്രോവിഷന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഇന്ത്യന്‍ ഭാഷകള്‍ മുതല്‍ സിംഹളീസ് ഭാഷയില്‍ വരെ ജ്യോതിഷ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ച് ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ കമ്പ്യൂട്ടറിന്റെ കടന്നു വരവ് പരമ്പരാഗത ജ്യോതിഷിയുടെ പ്രസക്തി നശിപ്പിച്ചിട്ടില്ലെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ നമ്പ്യാര്‍ പറയുന്നു. ഒരു സഹായി എന്ന നിലയിലാണ് അദ്ദേഹം കമ്പ്യൂട്ടറിനെ കാണുന്നത്. ഗൃഹനിലയും മറ്റും കമ്പ്യൂട്ടര്‍ വഴി കണ്ടുപിടിയ്ക്കുന്നതിന് സമയം വളരെ കുറച്ചു മതി. അതിനാല്‍ ഫലം പറയലിനും സമയലാഭം ഉണ്ടാകുമെന്ന് നമ്പ്യാര്‍ നിരീക്ഷിക്കുന്നു. ഒരുപക്ഷേ കമ്പ്യൂട്ടറിനെ തികച്ചും ഒരു ഉപകരണം എന്ന രീതിയില്‍ ഉപയോഗിയ്ക്കുന്ന മുന്‍തലമുറക്കാരും ജ്യോതിഷികളായിരിയ്ക്കും.

വിദേശത്തും മറ്റും ജനിക്കുന്നവരുടെ ഭാവി പ്രവചിക്കുന്നതില്‍ പറ്റാവുന്ന തെറ്റുകള്‍ കമ്പ്യൂട്ടര്‍ ഒഴിവാക്കും. കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്താനുളള കമ്പ്യൂട്ടറിന്റെ കഴിവ് ഇവിടെ ജ്യോതിഷിയ്ക്ക് സഹായകമാകുമെന്ന് നമ്പ്യാര്‍ പറയുന്നു. തന്റെ മുന്നിലുളള വിവരങ്ങള്‍ പഠിച്ച് ഫലം ഗണിയ്ക്കുന്നതിലാണ് ജ്യോതിഷിയുടെ മിടുക്കും വിശ്വാസ്യതയും. എന്നാല്‍ ദൈവികസിദ്ധിയും സാധനയും വഴി നേടിയ പാണ്ഡിത്യത്തെ മറികടക്കാന്‍ കമ്പ്യൂട്ടറിനാവില്ലെന്നാണ് നമ്പ്യാരുടെ അഭിപ്രായം.

ഏതായാലും കമ്പ്യൂട്ടര്‍ ജ്യോതിഷികള്‍ വളരുകയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരപഥത്തിനനുസരിച്ച് മനുഷ്യന്റെ ഭാവി പറയാന്‍ ഒരു മനുഷ്യനിര്‍മ്മിത ഉപകരണത്തിനു കഴിയുമോ എന്ന ചോദ്യമൊന്നും വിശ്വാസികളെ അലട്ടുന്നില്ല. ഭാവിയറിയാനുളള ആകാംക്ഷ സാമാന്യബുദ്ധിയെയും യുക്തിയെയും കീഴടക്കി മുന്നേറുമ്പോള്‍ കമ്പ്യൂട്ടര്‍ ഫലപ്രവചനക്കാര്‍ക്ക് ഡിമാന്റു കൂടുന്നു.

അങ്ങനെ അന്ധവിശ്വാസ പ്രചരണത്തിന് ശാസ്ത്രത്തെ സമര്‍ത്ഥമായി ഉപയോഗിക്കാമെന്ന് സംശയമില്ലാതെ തെളിയിക്കപ്പെടുകയാണ്. മനുഷ്യന്റെ ജനനസമയം കൃത്യമായി കണക്കാക്കി ഓരോരുത്തരെയും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഓരോ തരത്തില്‍ സഹായിക്കുമെന്ന വിശ്വാസവുമായി ജനം മുന്നോട്ടു പോകുന്നു. അവര്‍ക്ക് ആശ്വാസമായി കമ്പ്യൂട്ടറും സോഫ്റ്റ്വെയറുകളുമായി അത്യന്താധുനിക ജ്യോതിഷികളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more