സര്‍വകലാശാലകളില്‍ പരീക്ഷാ ഫീസ് കൂടും
കണ്ണൂര്‍ : പരീക്ഷാ ഫീസ് 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശിപാര്‍ശ. മെയ് 13ന് കണ്ണൂരില്‍ ചേരുന്ന അന്തര്‍സര്‍വകലാശാലാ കൂടിയാലോചനാ സമിതി യോഗം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും.
20 വര്‍ഷം മുമ്പുളള ഫീസ് നിരക്കുകളാണ് പുതുക്കി നിശ്ചയിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. 10 മുതല്‍ 60 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ അമിത ഭാരം അടിച്ചേല്‍പിക്കുമെന്ന പരാതിയെ തുടര്‍ന്ന് വര്‍ദ്ധന 15 ശതമാനത്തിലൊതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിനുളള ചെലവ് കണക്കിലെടുത്താണ് ഫീസ് കൂട്ടാന്‍ തീരുമാനിച്ചത്. അപേക്ഷാ ഫോം, പരീക്ഷാ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവ വര്‍ദ്ധിയ്ക്കും.
പരീക്ഷാ നടത്തിപ്പിനുളള ചെലവിന്റെ 10 ശതമാനം പോലും ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കോഴ്സുകളുടെ ഘടനയില്‍ കാര്യമായ മാറ്റം ഉണ്ടായെങ്കിലും പരീക്ഷാ ചെലവിന്റെ സിംഹഭാഗവും സര്‍വകലാശാലയാണ് വഹിക്കുന്നത്. അപേക്ഷ മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെ ഒരു എം. എസ്. സി ഫിസിക്സ് വിദ്യാര്‍ത്ഥിയ്ക്കു 1500 രൂപ ചെലവു വരും. എന്നാല്‍ കുട്ടിയില്‍ നിന്നും ലഭിക്കുന്നത് വെറും 130 രൂപയും. എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഇതിന്റെ 10 ഇരട്ടിയാണ് ചെലവ്. ഈ സാഹചര്യത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നു.












Click it and Unblock the Notifications