ഹവാല പ്രതി കൊല്ലപ്പെട്ടിരിക്കാന്‍ സാദ്ധ്യത
തിരുവനന്തപുരം : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേയ്ക്ക് 336 കോടി കടത്തിയ കേസിലെ മുഖ്യപ്രതി സുരേന്ദ്രന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുന്നു. ഇതുവരെയും ഇയാളെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരമൊന്നും ലഭിക്കാത്തതിനാലാണ് ഈ സംശയം ശക്തിപ്പെടുന്നത്.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക സംഘത്തിലെ കണ്ണിയാണ് സുരേന്ദ്രന്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ദാവൂദ് സംഘാംഗമാണെന്നാണ് കരുതുന്നത്.
ഇവര്‍ക്ക് കറാച്ചിയില്‍ നിന്നും സഹായം ലഭിക്കാനുളള സാഹചര്യം സംഘം അന്വേഷിക്കും. പാകിസ്താന്‍ രഹസ്യാന്വേഷണ സംഘമായ ഐ. എസ്. ഐയ്ക്ക് ഈ കേസുമായി ബന്ധമുണ്ടാകാനുളള സാദ്ധ്യതയും അന്വേഷിക്കാന്‍ റാ ഉള്‍പ്പെടെയുളള ഏജന്‍സികള്‍ തയ്യാറായേക്കും.
മുംബെയിലെ ഒരു ബാങ്കില്‍ നിന്നാണ് നാലു മറ്റു ബാങ്കുകളുടെ ശാഖകള്‍ വഴി 336 കോടി രൂപ ആറുമാസം കൊണ്ട് കേരളത്തിലെത്തിച്ചത്. സുരേന്ദ്രന്‍ എന്നയാളാണ് പണം നിക്ഷേപിച്ചതെങ്കിലും കേരളത്തിലെ പലരും ഈ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സൂചനയുണ്ട്. എന്‍. ഡി. എഫുമായി ബന്ധമുളളവരാണ് പണം കൈപ്പറ്റിയതെന്നും വെളിവായിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖമായ അന്വേഷണ എജന്‍സികളെല്ലാം സുരേന്ദ്രനെ തെരയുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കോയമ്പത്തൂരിലുളള ഇയാളുടെ വീട്ടിലും അന്വേഷണ സംഘം പലവട്ടം എത്തിയിരുന്നു. വീട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ല.
സുരേന്ദ്രന്‍ പിടിക്കപ്പെട്ടാല്‍ സംഘത്തിന്റെ രഹസ്യങ്ങള്‍ മുഴുവന്‍ പുറത്താകുമെന്ന് കരുതി ഇയാളെ കൊന്നുകളഞ്ഞിരിക്കാമെന്നാണ് കരുതുന്നത്. ഇടപാടികളില്‍ ബിനാമികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും വെളിച്ചത്താകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വന്നാലും സംശയിക്കുന്നവരെ കൊല്ലുക എന്നത് അധോലോക സംഘത്തിന്റെ ശൈലിയാണ്.
അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ സുരേന്ദ്രന്‍ ഇപ്പോള്‍ ഗള്‍ഫിലേയ്ക്ക് കടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. അതിനാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം തുടരാനാണ് നീക്കം.












Click it and Unblock the Notifications