കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരവികസനം യുഡിഎഫ് നശിപ്പിച്ചെന്ന് ശിവന്‍കുട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്കു നേരെ കോണ്‍ഗ്രസ് എം. പിയും എം. എല്‍. എയും കണ്ണടയ്ക്കുന്നതായി മുന്‍മേയര്‍ വി. ശിവന്‍കുട്ടി.

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം നഗരവികസനം സ്തംഭിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഭരണപരാജയം മൂടിവച്ച് ജനശ്രദ്ധ തിരിയ്ക്കാനാണ് എം. പി. വി. എസ്. ശിവകുമാറും തിരു. ഈസ്റ് എം. എല്‍. എ ബി. വിജയകുമാറും ശ്രമിക്കുന്നത്.

1996-2001 കാലത്തെ ഇടതുമുന്നണി ഭരണത്തില്‍ 300 കോടിയുടെ വികസന പദ്ധതികളാണ് നഗരസഭയ്ക്ക് ലഭിച്ചതെന്ന് മുന്‍മേയര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും നഗരവികസനത്തിന് പണമനുവദിക്കാന്‍ മുന്‍സര്‍ക്കാര്‍ തയ്യാറായി. മുന്‍സ്പീക്കര്‍ എം. വിജയകുമാറും തലസ്ഥാനത്തിന്റെ വികസനത്തില്‍ മാര്‍ഗദര്‍ശിയായിരുന്നു. ഇതെല്ലാം തെറ്റാണെന്നു തെളിയിക്കാന്‍ ശിവന്‍കുട്ടി യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിച്ചു.

പട്ടം- പ്ലാമൂട്, ജഗതി, മരുതംകുഴി, എസ്. എം. ലോക്ക്, ഓവര്‍ബ്രിഡ്ജ്, മണികണ്േഠശ്വരം, മൂന്നാറ്റുമുക്ക്, വേളി- ആക്കുളം, വലിയതുറ പാലങ്ങള്‍ പണികഴിപ്പിച്ചത് ഇടതുമുന്നണിയുടെ ഭരണകാലത്താണ്. ജഗതി പാലം പദ്ധതിയെ തുരങ്കം വയ്ക്കാനാണ് സ്ഥലം എം. എല്‍. എ ബി. വിജയകുമാര്‍ ശ്രമിച്ചതെന്നും മുന്‍മേയര്‍ ആരോപിച്ചു.

വെളളമ്പലം- തൈക്കാട്, കേശവദാസ പുരം-പട്ടം, കിളളിപ്പാലം-കരമന തുടങ്ങിയ പ്രദേശങ്ങളില്‍ റോഡിന് വീതികൂട്ടിയത് മുന്‍സര്‍ക്കാരിന്റെ ഭരണകാലത്താണ്. 1991-96 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്ന പദ്ധതികളാണ് ഇവയെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 27 ഏക്കര്‍ ഏറ്റെടുക്കാനുളള കര്‍മ്മപദ്ധതിയും കഴിഞ്ഞ ഇടതു സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന യുഡിഎഫിന് ഇക്കാര്യത്തില്‍ ഒരിഞ്ചു പോലും മുന്നോട്ടുപോകാനായില്ല.

നഗരത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിന് ഇടതു സര്‍ക്കാര്‍ 4.2 കോടി രൂപ ചെലവിട്ടതായും ശിവന്‍കുട്ടി അവകാശപ്പെട്ടു.

തന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് നീതിപുലര്‍ത്താന്‍ എം. പി. എന്ന നിലയില്‍ വി. എസ്. ശിവകുമാറിന് കഴിഞ്ഞിട്ടില്ലെന്ന് ശിവന്‍കുട്ടി ആരോപിച്ചു. അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനോ, 21 വിമാനങ്ങള്‍ റദ്ദാക്കിയതിനെതിരായോ ഒന്നും ചെയ്യാന്‍ എം. പി. എന്ന നിലയില്‍ ശിവകുമാറിന് കഴിഞ്ഞിട്ടില്ല.

ദേശീയപാതയുടെ വികസനവും ടൂറിസം പദ്ധതികളും വൈകുന്നതിന് കാരണക്കാരന്‍ എം. പി.യാണെന്ന് മുന്‍മേയര്‍ ആരോപിച്ചു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്ക്കരണ ഫാക്ടറി തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചു വന്ന ട്രാവല്‍ ആന്റ് ടൂറിസം പഠന കേന്ദ്രം എറണാകുളത്തേയ്ക്ക് മാറ്റുന്നതില്‍ നേരിയ പ്രതിഷേധം പോലും ഉയര്‍ത്താന്‍ സ്ഥലം എം. പി. യ്ക്കോ എം. എല്‍. എയ്ക്കോ കഴിഞ്ഞിട്ടില്ല.

ഇതെല്ലാം മറച്ചു വച്ച് ഇടതുമുന്നണിയെ താറടിച്ചു കാണിക്കാനുളള ഗൂഢശ്രമങ്ങള്‍ ജനം തിരിച്ചറിയുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X