• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അറബിക്കുഞ്ഞുങ്ങള്‍ പൊലീസിന് തലവേദന

  • By Staff

കോഴിക്കോട് : വിദേശികള്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ലൈംഗികത്തൊഴിലാളികളുടെ മക്കള്‍ സാമൂഹ്യ ബാദ്ധ്യതയാകുന്നു.

വീട്ടുജോലിക്കും ആയപ്പണിയ്ക്കുമായി ഗള്‍ഫ് അടക്കമുളള വിദേശ നാടുകളിലെത്തി ലൈംഗികചൂഷണത്തിന് വിധേയകളായവരുടെ മക്കളുടെ പൗരാവകാശമാണ് ചോദ്യചിഹ്നമായി പൊലീസിനും അധികാരികള്‍ക്കും മുന്നിലുളളത്. വിദേശികളുടെ ഇറച്ചി വ്യാപാരത്തിന് നിന്നു കൊടുക്കേണ്ടി വന്ന ഹതഭാഗ്യര്‍ക്ക് സ്വന്തം നാട്ടിലെ നിയമവും ചട്ടങ്ങളും പുതിയ തലവേദനകള്‍ സൃഷ്ടിയ്ക്കുകയാണ്.

ആര്‍ക്കും വേണ്ടാതായ കുട്ടികളുമായാണ് പലരും മടങ്ങിയെത്തിയത്. മാറാരോഗവുമായെത്തിയവരും കുറവല്ല. യാതൊരു സമ്പാദ്യവുമില്ലാതെ മടക്കി അയക്കപ്പെട്ട ഗര്‍ഭിണികളും കൂട്ടത്തിലുണ്ട്. രണ്ടു പേര്‍ ഇതിനകം എയിഡ്സ് ബാധിച്ച് മരിച്ചു.

അറബി ഛായയുളള രണ്ടു ഡസനോളം കുട്ടികളുടെ കാര്യത്തിലാണ് പൊലീസ് അധികാരികള്‍ കുഴയുന്നത്. പാസ്പോര്‍ട്ടില്‍ ഇവരുടെ പിതാവിന്റെ സ്ഥാനത്ത് അറബ് വംശജരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. ഫലത്തില്‍ ഇന്ത്യയില്‍ ഇവര്‍ വിദേശികളാണ്. നിയമമനുസരിച്ച് ഒരു നിശ്ചിത കാലത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ തങ്ങാനാവില്ല.

അക്ഷരാര്‍ത്ഥത്തില്‍ നിയമം പാലിക്കുക എന്നതിനര്‍ത്ഥം ഈ കുട്ടികളെ തിരിച്ച് ഗള്‍ഫിലേയ്ക്കയയ്ക്കുക എന്നതാണ്. പല ഗള്‍ഫ് രാജ്യങ്ങളും ഇത്തരം പൗരത്വം അനുവദിക്കില്ല എന്ന പ്രശ്നം വേറെയുമുണ്ട്. പാസ്പോര്‍ട്ടില്‍ ഗള്‍ഫ് പിതൃത്വം വച്ചാല്‍ ഭാവിയില്‍ ഗള്‍ഫിലെത്തുമ്പോള്‍ ഉപയോഗപ്പെടുമെന്ന തെറ്റിദ്ധാരണയിലാണ് ഇങ്ങനെ ചെയ്തത്.

വിദേശികളായ കുട്ടികളെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് സ്ത്രീകള്‍ക്ക് കോഴിക്കോട് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി. വെളിപ്പറമ്പിലും പളളിക്കണ്ടിയിലും ഉളള രണ്ട് സ്ത്രീകള്‍ക്കാണ് ഇപ്രകാരം അറിയിപ്പ് കിട്ടിയത്. വീട്ടുജോലിക്കായാണ് ഇരുവരും ഗള്‍ഫിലെത്തിയത്. എന്നാല്‍ ഗള്‍ഫിലെത്തിയ ശേഷം വിധി മറ്റൊന്നായിരുന്നു.

ഒരാളെ ഒരു യുഎഇക്കാരനും മറ്റെയാളെ ഒരു ഇറാന്‍കാരനും താല്‍ക്കാലിക ഭാര്യയായി സ്വീകരിച്ചു. എന്നാല്‍ ഓരോരുത്തര്‍ക്കും ഈരണ്ട് കുട്ടികള്‍ വീതമായപ്പോള്‍ നിഷ്കരുണം ഗള്‍ഫില്‍ നിന്നും തിരിച്ചയച്ചു. ആദ്യത്തെയാളിന് രണ്ട് ആണ്‍മക്കളും രണ്ടാമത്തെയാള്‍ക്ക് രണ്ട് പെണ്‍മക്കളുമാണുളളത്. ഈ കുട്ടികളെയും കൊണ്ട് നാട്ടിലെത്തിയ പാവം സ്ത്രീകള്‍ ഇപ്പോള്‍ നിയമത്തിന്റെ ഭീകരമുഖം കണ്ടും പേടിച്ചിരിക്കുകയാണ്.

വിദേശികളായി ഇന്ത്യയിലെത്തിയ ഇവര്‍ക്ക് ഇപ്പോള്‍ കൗമാരപ്രായമാണ്. നിയമപ്രകാരം ഇനിയൊരു ദിവസം പോലും ഇവിടെ കഴിയാനാവില്ലെന്നാണ് പൊലീസ് നിലപാട്.

ഇവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതും എളുപ്പമായിരിക്കുകയില്ല. വര്‍ഷങ്ങളോളം ഇവിടെ താമസിച്ചാലും ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേയ്ക്കാം. അവരെ അറസ്റ് ചെയ്ത് തിരിച്ചയയ്ക്കുക എന്നതും സാദ്ധ്യമല്ല. കാരണം ഇവര്‍ക്കു പൗരത്വം ഉണ്ടെന്നു പറയപ്പെടുന്ന രാജ്യങ്ങള്‍ ഇവരെ സ്വീകരിക്കില്ല കോഴിക്കോട് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷി പറയുന്നു.

നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന ഇവരോട് ദില്ലിയിലെ ഇറാന്‍, യുഎഇ എംബസികളെ സമീപിക്കാനാണ് പൊലീസ് ഉപദേശിക്കുന്നത്. കുട്ടികള്‍ക്ക് എങ്ങനെയും ആ നാട്ടിലെ പൗരത്വം ഉറപ്പുവരുത്തിയ ശേഷം ഇന്ത്യ വിടണമെന്നാണ് പൊലീസ് നിലപാട്. അക്ഷരാഭ്യാസം പോലുമില്ലാത്ത നിത്യദരിദ്രര്‍ എന്ത് എങ്ങനെ ചെയ്യണമെന്നറിയാതെ നിസഹായരായി നില്‍ക്കുന്നു.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് പൊലീസ് പറയുന്നു. വരുംദിനങ്ങളില്‍ ഇത്തരം കേസുകള്‍ കുമിഞ്ഞു കൂടാനാണ് സാദ്ധ്യത. എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് പൊലീസും. മലപ്പുറം പൊലീസും സമാനസ്വഭാവമുളള ഏഴോളം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്തു ചെയ്യണമെന്ന് അവര്‍ക്കും ഒരൂ പിടിയുമില്ല.

ചതിക്കാന്‍ അറബികള്‍ മാത്രമല്ല, മലയാളികളും മോശക്കാരല്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വിവാഹിതയായ ഒരു യുവതിയ്ക്ക് മസ്ക്കറ്റില്‍ വച്ചുണ്ടായ അനുഭവം അതിനുദാഹരണമാണ്. വീട്ടുജോലി നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് ഇവരെ ഒരു ഏജന്റ് മസ്ക്കറ്റിലേയ്ക്ക് കൊണ്ടു പോയി. വിസാ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഭാര്യാഭര്‍ത്തന്മാരായി അഭിനയിക്കേണ്ടി വരുമെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു.

മസ്ക്കറ്റിലെത്തിയ ശേഷം ആദ്യം ഇയാള്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. എന്നിട്ട് പലര്‍ക്കായി കാഴ്ച വച്ചു.

ഭര്‍ത്താവെന്ന നിലയിലായിരുന്നു മസ്ക്കറ്റിലും ഇയാളുടെ പെരുമാറ്റം. അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. മലയാളമല്ലാതെ ഒരു ഭാഷയും അറിയാത്തതിനാല്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിയ്ക്കാനും കഴിഞ്ഞില്ല. ഏഴു മാസം കഴിഞ്ഞ് മാരകമായ ഒരു രോഗം വന്നപ്പോള്‍ എന്നെ കയറ്റിവിട്ടു ആ യുവതി പറയുന്നു. ആരോടും പരാതിപ്പെടേണ്ടെന്ന് നാട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് ഉപദേശിച്ചെന്ന് അവര്‍ പറഞ്ഞു.

അല്‍പം ചില വ്യത്യാസങ്ങളോടു കൂടി ഇത്തരം കഥകള്‍ പലര്‍ക്കും പറയാനുണ്ടാകും. ഏറെപ്പേരും പരാതിപ്പെടാന്‍ തുനിയാറില്ല. അഥവാ പരാതി നല്‍കിയാലും കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി വിദേശത്ത് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

ദാരിദ്യ്രം കാര്‍ന്നു തിന്നുന്ന പല കുടുംബങ്ങളിലെയും നിരക്ഷരരായ യുവതികള്‍ പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. കിട്ടിയവര്‍ കോപ്പികളെടുത്ത് നാടു നീളെയുളള ട്രാവല്‍ ഏജന്‍സികളിലേയ്ക്ക് അയയ്ക്കുന്നു. എന്തു ജോലിയെടുത്തായാലും പട്ടിണി മാറ്റണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണവര്‍ക്ക്.

തങ്ങളെ കാത്തിരിക്കുന്നത് ഭീകരമായ ഒരു ഭാവിയാണെന്ന് തിരിച്ചറിയാതെ പെണ്‍വാണിഭ സംഘത്തിന്റെ ഇരകളാവും ഇവര്‍. വലവീശി കാത്തിരിക്കുന്ന മാംസദല്ലാളന്മാര്‍ക്ക് ഏറെപണിപ്പെടാതെ അടിമപ്പണിയ്ക്ക് ആളെ കിട്ടും. അതിഗുരുതരമായ വളരുന്ന ഈ സാമൂഹ്യവിപത്തിനെ അര്‍ഹിക്ക ഗൗരവത്തില്‍ സമീപിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരും സംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more