• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ക്രൈസ്തവ വിശ്വാസത്തിന്റെ സമാന്തര വഴികള്‍

  • By Staff

കൊച്ചി : ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വിമോചന സമരം ശക്തിപ്രാപിക്കുന്നു. പരമ്പരാഗത വിശ്വാസ പ്രമാണങ്ങളില്‍ നിന്നും പളളികളുടെ നിയന്ത്രണത്തില്‍ നിന്നും വിട്ടുപോരുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ഇത്തരം ചിന്താഗതിക്കാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ സ്വതന്ത്ര പളളികളും അനുദിനം പെരുകുന്നു.

യാഥാസ്തിതിക ക്രൈസ്തവ മതമേധാവികളുടെ നിലപാടുകളും പ്രവര്‍ത്തന ശൈലിയുമായി പൊരുത്തപ്പെടാത്തവരാണ് സമാന്തര പളളികള്‍ രൂപീകരിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ 150ലേറെ പളളികള്‍ രൂപം കൊണ്ടിട്ടുണ്ട്. മധ്യകേരളത്തിലും ദക്ഷിണ തിരുവിതാംകൂറിലുമാണ് പളളികളേറെയും.

പരമ്പരാഗത ക്രൈസ്തവവിശ്വാസത്തെ പുനര്‍നിര്‍വചിക്കുകയാണ് സമാന്തര പളളികള്‍. പ്രാര്‍ത്ഥനാനിരതമായ വ്യക്തിവിശ്വാസത്തിന് പ്രാമുഖ്യം നല്‍കുകയാണ് ഇവര്‍. മതം വ്യക്തിനിഷ്ഠമാണെന്ന ആശയമാണ് ഈ പളളികള്‍ മുന്നോട്ടു വയ്ക്കുന്നത്. 50 മുതല്‍ 300 വരെ അനുയായികള്‍ ഓരോ പളളികളിലും ഉണ്ട്.

വിശുദ്ധ പുസ്തകത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു എന്നാണ് അടുത്തിടെ ഇവിടേയ്ക്ക് ആകര്‍ഷിയ്ക്കപ്പെട്ട ഒരു വിശ്വാസി പറയുന്നത്. സംശയമുണ്ടാകുമ്പോള്‍ നിശബ്ദമായി ക്രിസ്തുവിനോട് പ്രാര്‍ത്ഥിയ്ക്കും. എന്നിട്ട് ബൈബിള്‍ വായിക്കും. നിമിഷങ്ങള്‍ക്കകം ദൈവോപദേശം എനിക്ക് കിട്ടും അദ്ദേഹം പറയുന്നു.

ക്രൂശിതനായ യേശുദേവനെ ഇവര്‍ ആരാധിക്കുന്നില്ല. മറിച്ച് യേശു ഇവര്‍ക്ക് സുഹൃത്താണ്. പൗരോഹിത്യത്തിന്റെ മാമൂലുകളെയും ആചാരങ്ങളെയും വെറുപ്പോടെ നോക്കിക്കാണുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ് ഇത്. ദൈവത്തിനും മനുഷ്യനും തമ്മില്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്.

പുനര്‍ജനിച്ച ക്രിസ്തുവില്‍ ആശ്വാസവും പ്രതീക്ഷയും ദര്‍ശിക്കുന്ന വിശ്വാസികള്‍ ഞായറാഴ്ചകളില്‍ ഒരു പൊതുസ്ഥലത്ത് ഒത്തുകൂടുന്നു. പ്രാര്‍ത്ഥനാ ഹാളിലോ ഏതെങ്കിലും ഒരു വിശ്വാസിയുടെ വീടോ ആവാം അത്. യേശുവിനെ അവര്‍ക്കൊപ്പം ജീവിയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി പുനര്‍നിര്‍വചിയ്ക്കുന്നു.

മതമേധാവികളുടെ കുരിശില്‍ തറഞ്ഞിരിക്കുന്ന യേശുവിനെ മോചിപ്പിച്ച് യഥാര്‍ത്ഥ വിശ്വാസികളുടെ മനസില്‍ പ്രതിഷ്ഠിയ്ക്കുക എന്ന ആശയത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നതെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. സമ്പത്തും അധികാരവും സ്വരൂപിച്ച് വിശ്വാസികളെ ഭരിക്കുന്ന പുരോഹിതപ്രമാണികളില്‍ നിന്നും ക്രിസ്തുമതത്തെ മോചിപ്പിക്കുക എന്നതാണ് സമാന്തര പളളികളുടെ ലക്ഷ്യം.

വ്യവസ്ഥാപിത പളളിമേധാവികളുടെ പ്രതികരണത്തില്‍ നിന്നും ഈ നിക്കത്തെ അവര്‍ എത്രമാത്രം ഭയക്കുന്നു എന്നു വ്യക്തമാകും. പശ്ചാത്യ സ്വാധീനമുളള യാഥാസ്ഥിതികരാണ് ഇവര്‍ എന്നാണ് കത്തോലിക്കാ പളളിയുടെ ഔദ്യോഗിക ഭാരവാഹികളില്‍ ഒരാള്‍ സമാന്തര പളളി നീക്കത്തോട് പ്രതികരിച്ചത്.

മധ്യ-ഉപരി വര്‍ഗങ്ങളിലെ അംഗങ്ങളാണ് സമാന്തര പളളിയണികളിലേറെയും. ഉന്നത വിദ്യാഭ്യാസം നേടിയവര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മറ്റു പ്രൊഫഷണലുകള്‍ എന്നിവരാണ് പളളി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും. ഞായറാഴ്ചകളില്‍ മാത്രം ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് പളളിമേധാവികള്‍ ഇവരെ വിശേഷിപ്പിയ്ക്കുന്നത്. ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിയ്ക്കുന്നവരെന്നുമുണ്ട് വിമര്‍ശനം.

ക്രൈസ്തവ സമൂഹത്തില്‍ ഇത്തരം ആളുകള്‍ പണ്ടു മുതലേ ഉണ്ടായിരുന്നെന്നാണ് സഭയുടെ നിലപാട്. എന്നാല്‍ അതിന് സംഘടിത രൂപം കൈവന്നത് അടുത്തകാലത്താണ്. ഓര്‍ത്തഡോക്സ്, സിറോ മലബാര്‍, മാര്‍ത്തോമ്മ, സിഎസ്ഐ, ലത്തീന്‍ കത്തോലിക്ക തുടങ്ങിയ പരാമ്പരാഗത ക്രൈസ്തവവിശ്വാസികള്‍ തന്നെയാണ് സമാന്തര പളളി അംഗങ്ങള്‍. പുതിയ ജന്മമെന്നാണ് ഇവര്‍ തങ്ങളെ വിശേഷിപ്പിയ്ക്കുന്നത്.

വിശ്വാസിച്ചു പോന്ന പളളിയെ ഉപേക്ഷിയ്ക്കാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം ഒന്നു തന്നെ. നിലവിലുളള പളളികളുടെ പ്രവര്‍ത്തനം നിരാശാജനകവും ജുഗുപ്സാവഹവുമാണെന്ന് അവര്‍ ഏകസ്വരത്തില്‍ പറയുന്നു.

യാന്ത്രികമായ വിശ്വാസപ്രമാണങ്ങളും ആചാരവുമാണ് പളളികള്‍ പിന്തുടരുന്നത്. തങ്ങളുടെ ആത്മീയ സാക്ഷാത്കാരത്തിന് സ്ഥാപനവല്‍ക്കരിക്കപ്പെട്ട പളളികള്‍ തടസമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വഴി തേടിയതെന്ന് വിശ്വാസികള്‍ പറയുന്നു.

അച്ചന്‍ പറഞ്ഞു തരുന്ന പ്രാര്‍ത്ഥനകള്‍ ഏറ്റു ചൊല്ലുക എന്നതല്ലാതെ വിശ്വാസിയ്ക്ക് മറ്റു മാര്‍ഗമില്ല. അത് പലപ്പോഴും യാന്ത്രികമായിരിക്കും. ഭാഷ പ്രാകൃതവും. വേദനിയ്ക്കുന്ന മനസില്‍ പുരളുന്ന ആശ്വാസ ലേപനമാകാന്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് കഴിയില്ലെന്ന് ഒരു വിശ്വാസി നിരീക്ഷിയ്ക്കുന്നു.

അതേ സമയം തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ടെന്ന് സമാന്തര പളളി അംഗങ്ങള്‍ പറയുന്നു. സംഗീതത്തിന്റെ ദ്രുതതാളവും, മനസില്‍ തൊടുന്ന പാട്ടുകളുടെ ആലാപനവുമെല്ലാം ഈ ഒത്തുചേരലിനെ മധുരതരവും ആശ്വാസദായകവുമാക്കുന്നുവെന്നാണ് അവരുടെ നിലപാട്.

വിശ്വാസികളുടെ എണ്ണം പഴയതു പോലെ വര്‍ദ്ധിയ്ക്കാത്തതില്‍ പരമ്പരാഗത പളളികള്‍ പരിഭ്രാന്തിയിലാണ്. പുതിയ വിശ്വാസികള്‍ സഭയിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുന്നില്ല. സമാന്തര പളളികളുടെ ആകര്‍ഷണ വലയത്തിലേയ്ക്ക് വിശ്വാസികള്‍ വഴുതിപ്പോകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്.

സഭാവിലക്കും, സാമൂഹികമായ ഒറ്റപ്പെടുത്തലും സെമിത്തേരി വിലക്കുമൊക്കെ ഭീഷണിയായി ഉപയോഗിച്ചിട്ടും സമാന്തര പളളികളിലേയ്ക്ക് വിശ്വാസികള്‍ ഒഴുകുകയാണ്. ധാരാളം വിശ്വാസികള്‍ സമാന്തര പളളികളിലെ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നുണ്ടെന്നത് സത്യമാണ്.

കൊഴിഞ്ഞു പോകുന്നവരേറെയും ഓര്‍ത്തഡോക്സ് വിഭാഗത്തിലുളളവരാണ്. കൊടുമ്പിരി കൊണ്ടിരിക്കുന്ന പാര്‍ട്രിയാക്കീസ് - കത്തോലിക്ക തര്‍ക്കത്തിലുളള വിശ്വാസികളുടെ എതിര്‍പ്പ് ഈ കൊഴിഞ്ഞു പോക്കിന് ഒരു കാരണമാണ്. പുരോഹിതന്മാര്‍ക്ക് വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമില്ലെന്നും അതിസമ്പന്നതയുടെ അധികാരികളാകാനാണ് അവര്‍ ശ്രമിയ്ക്കുന്നതെന്നും പണ്ടു മുതലേ ഒരു മുന്‍ ഓര്‍ത്തഡോക്സ് വിശ്വാസി പറയുന്നു.

സമാന്തര പളളികള്‍ക്ക് വന്‍ വിദേശ സഹായം കിട്ടുന്നുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. വിശ്വാസികളെ ഉന്മാദത്തിലേയ്ക്ക് നയിക്കുന്ന പ്രാര്‍ത്ഥനകളാണ് ഇവരുടേതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബൈബിളിനെ വാച്യാര്‍ത്ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുന്ന സമാന്തര പളളികള്‍ അതിലെ യുക്തിയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.

സായിബാബയും അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും ഹിന്ദുമതത്തില്‍ സൃഷ്ടിച്ചെടുത്ത പ്രതിഛായകളുടെ ക്രിസ്തീയ പതിപ്പാണിതെന്നും ചില പുരോഹിതര്‍ നിരീക്ഷിയ്ക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഉപരി വര്‍ഗ ചിന്താഗതിക്കാരെ ഒരു ഗുരുവിനും ചുറ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്ന ശൈലി ക്രിസ്തീയ സമൂദായത്തിലും വേരുറയ്ക്കുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ യേശുവല്ലാതെ ക്രിസ്തീയ വിശ്വാസിക്ക് മറ്റു ഗുരുക്കന്മാരില്ലെന്നും അവര്‍ ഓര്‍മ്മിപ്പിയ്ക്കുന്നു. വിശ്വാസത്തിന്റെ സ്വാതന്ത്യ്ര പ്രഖ്യാപനമെന്ന നിലയില്‍ തുടങ്ങിയ സമാന്തര പളളികള്‍ പരമ്പരാഗത പൗരോഹിത്യത്തിന്റെ എതിര്‍പ്പ് നേരിട്ട് എത്ര ദൂരം മുന്നോട്ട് പോകും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more