കൃഷ്ണകുമാര്‍ വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക്
തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക്. ആദായനികുതി വെട്ടിപ്പ് കേസുകളില്‍ നിന്നും ദില്ലിയിലെ ഇന്‍കംടാക്സ് ട്രിബ്യൂണല്‍ കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്നാണ് കൃഷ്ണകുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചത്.
ഫെമ നിലവില്‍ വന്നതോടെ ഫെറ നിയമപ്രകാരം തനിക്കെതിരെ സമര്‍പ്പിയ്ക്കപ്പെട്ട കേസുകള്‍ സ്വാഭാവിക മരണം കൈവരിച്ചതായി കൃഷ്ണകുമാര്‍ പറഞ്ഞു. കഴിഞ്ഞ മെയ് 31 നാണ് ഫെറയ്ക്കു പകരം ഫെമ നിലവില്‍ വന്നത്. താനും കുടുംബവും യാതൊരു ആദായ നികുതി കുടിശികയും വരുത്തിയിട്ടില്ലെന്ന് 2002 ഫിബ്രവരി 20 ന് ഇന്‍കം ടാക്സ് ട്രൈബ്യൂണല്‍ വിധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കേസുകളെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.
1996ല്‍ ദേവഗൗഡ മന്ത്രിസഭയുടെ കാലത്താണ് കോടിക്കണക്കിന് രൂപയുടെ ആദായ നികുതിവെട്ടിപ്പ് കേസില്‍ കൃഷ്ണകുമാറും ഭാര്യ ഉഷാ കൃഷ്ണകുമാറും ജയിലിലായിത്. ഫെറ നിയമപ്രകാരം അറസ്റു ചെയ്ത തന്നെയും ഭാര്യയെയും മൂന്നു ദിവസം ജയിലിടച്ചെങ്കിലും തങ്ങള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹവാല കേസില്‍ അറസ്റിലായവര്‍ക്കും കളളക്കടത്തുകാര്‍ക്കുമൊപ്പമാണ് തങ്ങളെയും ജയിലില്‍ പാര്‍പ്പിച്ചത്. ഫെറയുടെ ചരിത്രത്തിലില്ലാത്ത സംഭവമാണത്. ചിലര്‍ പ്രചരിപ്പിച്ചതു പോലെ സിബിഐയോ സംസ്ഥാന പൊലീസോ തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും കൃഷ്ണകുമാര്‍ അറിയിച്ചു.
കേസില്‍ ഉള്‍പ്പെട്ടതിനാല്‍ താന്‍ സ്വയം രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നതാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് അങ്ങനെ ചെയ്തത്. കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ പൊതു സേവനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പുകളില്ലാത്ത കോണ്‍ഗ്രസുകാരനായി തുടരാനാണ് തന്റെ തീരുമാനമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു കാലത്ത് കടുത്ത കരുണാകരന്‍ ഗ്രൂപ്പുകാരനായിരുന്ന കൃഷ്ണകുമാറിന് ഇപ്പോള്‍ ആ ഗ്രൂപ്പുമായി ഒരു ബന്ധവുമില്ല.
ശരിയായ ദിശയിലാണ് ആന്റണി സര്‍ക്കാരിന്റെ പോക്കെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഐഎഎസുകാരനായിരുന്ന എസ്. കൃഷ്ണകുമാര്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലെത്തിയത്.