കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ നല്‍കുന്നത് ഗുണ്ടകളുടെ ബലത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വായ്പ തിരിച്ചു പിടിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നു.

കോളനികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പല ഗുണ്ടാസംഘങ്ങള്‍ക്കും പണം നല്‍കുന്നത് പ്രമുഖരായ പണമിടപാട് സ്ഥാപനങ്ങളാണ്. വായ്പ തിരിച്ചടയ്ക്കാത്തവരില്‍ നിന്നും സാധനങ്ങള്‍ തിരിച്ചെടുക്കുക എന്നതാണ് സംഘത്തിന്റെ ജോലി. ഇതിനായി പ്രത്യേക പരിശീലനം നേടിയ സംഘങ്ങളെ ഓരോ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തീറ്റിപ്പോറ്റുന്നു.

ടെലിവിഷന്‍ സെറ്റുകള്‍, മ്യൂസിക് സിസ്റം, വീട്ടുപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നു തുടങ്ങി കാറും മോട്ടോര്‍ബൈക്കും വാങ്ങാന്‍ വരെ ഇന്ന് വായ്പ ലഭ്യമാണ്. ഉയര്‍ന്ന പലിശ നിരക്കുളള ഇത്തരം വായ്പകള്‍ കിട്ടുന്നത് വളരെ എളുപ്പമാണ്. തിരിച്ചു പിടിക്കാന്‍ വഴിയറിയാവുന്നതിനാല്‍ ഏജന്‍സികള്‍ ആര്‍ക്കും ലോണ്‍ നല്‍കും.

ഇത്തരം വായ്പകളെടുത്ത് സാധനങ്ങള്‍ വാങ്ങുന്നവര്‍ വായ്പ തിരിച്ചടയ്ക്കാന്‍ വൈകുമ്പോഴാണ് ഗുണ്ടാസംഘങ്ങള്‍ ഇടപെടുന്നത്. മാരകായുധങ്ങളുമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ സാധനങ്ങള്‍ തിരിച്ചെടുത്ത് ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. ഇതിന് കൃത്യമായ പ്രതിഫലവും അവര്‍ നല്‍കും.

ഇത്തരം ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുമെന്നും ഇവരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിക്ക് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

വാഹനവായ്പ നല്‍കുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും ഗുണ്ടാ സംഘങ്ങളെ ആശ്രയിച്ച് ബിസിനസ് നടത്തുന്നത്. വ്യാജ താക്കോല്‍ കൈവശം വച്ചിട്ടാണ് വാഹനം നല്‍കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ പിഴവ് വരുമ്പോള്‍ വ്യാജ താക്കോല്‍ ഉപയോഗിച്ച് സംഘം വാഹനം കൈക്കലാക്കി സ്ഥാപനത്തെ ഏല്‍പ്പിക്കുന്നു.

ലക്ഷ്യമിട്ട വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം കൊണ്ടിടിച്ച് കശപിശയുണ്ടാക്കുകയാണ് ഇവരുടെ ഏറ്റവും പ്രധാന തന്ത്രം. ഇടിച്ചവരുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന വാഹനമുടമയെ തല്ലി വീഴ്ത്തി സംഘാംഗങ്ങള്‍ വാഹനവുമായി കടക്കുന്നു,

പൊലീസ് കേസുണ്ടായാല്‍ ഗുണ്ടകളെ രക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ സന്നദ്ധമാകും. കേസിനും ജാമ്യത്തിനും വേണ്ട ചെലവുകളെല്ലാം വഹിക്കാന്‍ ഏജന്‍സികള്‍ തയ്യാറാകുന്നു.

എന്നാല്‍ നിയമപരമായി ഗുണ്ടകളെ സ്ഥാപനവുമായി ബന്ധപ്പെടുത്തുന്ന രേഖകളൊന്നും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ പ്രോസിക്യൂഷന്‍ നടപടികളില്‍ ഗുണ്ടകള്‍ക്ക് പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊലീസുകാര്‍ പറയുന്നത് അതിനാലാണ്.

പരസ്യങ്ങളുടെ മായാവലയില്‍ കുടുങ്ങി ആഡംബര ഭ്രമത്തിനടിപ്പെടുന്നവരാണ് ഈ സ്ഥാപനങ്ങളുടെ ഇരകള്‍. വായ്പാ നടപടികള്‍ എളുപ്പമായതിനാല്‍ എത്രതുകയും വാങ്ങി ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ ഇവര്‍ തയ്യാറാകുന്നു. ഗുണ്ടാ സംഘങ്ങള്‍ക്ക് വിപുലമായ പ്രവര്‍ത്തന മേഖല സൃഷ്ടിയ്ക്കുന്നതില്‍ ഇടത്തരക്കാരുടെ ആഡംബര ഭ്രമം വലിയ പങ്കു വഹിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X