മുരളി തുറന്ന യുദ്ധത്തിന്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുരളീധരന്‍ ഗ്രൂപ്പിനതീതമെന്ന പ്രതിച്ഛായ മാറ്റിവച്ച് വീണ്ടും ഗ്രൂപ്പുയുദ്ധത്തിനിറങ്ങിയേക്കും. കെപിസിസി പ്രസിഡന്റായി നിയമിതനായശേഷം മുഖ്യമന്ത്രി ആന്റണിയുമായുണ്ടായ മധുവിധു അവസാനിപ്പിക്കാനാണ് മുരളിയുടെ തീരുമാനം.
ആന്റണി-ഉമ്മന്‍ചാണ്ടി അച്ചുതണ്ടിനോട് ചേര്‍ന്ന് നിന്നതുകൊണ്ടും ഗ്രൂപ്പിനതീതനായി നിലയുറപ്പിച്ചതുകൊണ്ടും തനിക്ക് യാതൊരു ഗുണവുമില്ലെന്ന് മുരളീധരന്‍ മനസ്സിലാക്കിയിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുരളിയുടെ തീരുമാനത്തിന് വിരുദ്ധമായി അറിയപ്പെടുന്ന മുരളീവിരുദ്ധനായ കെ.പി. അനില്‍കുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിച്ചത്.
സംസ്ഥാനഭരണത്തില്‍ മുരളീധരന്റെ വാക്കിന് പുല്ലുവിലപോലുമില്ല. ഈയിടെ തനിക്കെതിരായ ഡിവൈഎസ്പിയെ കോഴിക്കോട് തന്നെ നിയമനം നല്കിയതും മുരളിക്ക് ഇരുട്ടടിയായി. കേരളാ കോണ്‍ഗ്രസ്(ബി) ഗ്രൂപ്പ് നേതാവ് ബാലകൃഷ്ണപിള്ളയ്ക്കും മന്ത്രി ഗണേഷ് കുമാറിനും എതിരായ മുരളിയുടെ പോരാട്ടത്തിനും സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ കിട്ടിയില്ല.
ഐ ഗ്രൂപ്പിനോട് അകന്നു നിന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്ന് മുരളീധരന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഐ ഗ്രൂപ്പിന്റെ നേതൃത്വവും കരുണാകരനില്‍ നിന്നും മറ്റു വല്ലവരും തട്ടിയെടുക്കുമോ എന്ന് മുരളി ന്യായമായും ഭയക്കുന്നുണ്ട്. അതിന്റെ നേതൃത്വം തന്റെ അസാന്നിധ്യത്തില്‍ സഹോദരി പത്മജ തട്ടിയെടുത്താലും രാഷ്ട്രീയമായി തനിക്ക് തിരിച്ചടിയായിരിക്കുമെന്നും മുരളി കരുതുന്നു. ഇതിനാല്‍ ഇനി ശക്തമായി ഐ ഗ്രൂപ്പിന്റെ നേതാവായി തുറന്ന പോരിന് രംഗത്തിറങ്ങാനാണ് മുരളിയുടെ തീരുമാനമെന്നറിയുന്നു.












Click it and Unblock the Notifications