കേബിള്‍ സമരം, ടിവിയ്ക്ക് വിശ്രമം
ദില്ലി : കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം നടത്തി. ഇതുകാരണം ജൂലൈ 23 ചൊവാഴ്ച രാത്രി മുതല്‍ കേബിള്‍ പരിപാടികള്‍ വരിക്കാര്‍ക്ക് കാണാനായില്ല.
കണ്ടീഷണല്‍ അക്സെസ് സിസ്റം ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ആഹ്വാനം ചെയ്ത സമരം കാരണമാണ് ഇവര്‍ കേബിള്‍ പ്രവര്‍ത്തനം നിറുത്തിവച്ചത്.
അനിശ്ചിതകാല സമരമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരു ദിവസമാക്കി കുറയ്ക്കുകയായിരുന്നു. മുംബൈ, ദില്ലി, ബംഗളൂര്‍, ചെന്നൈ നഗരങ്ങളില്‍ ജനജീവിതത്തിന്റെ ജീവശ്വാസമായ ടിവി സെറ്റുകള്‍ ഒരു ദിവസത്തേയ്ക്ക് നിശ്ചലമായി.
വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നതിനാല്‍ കേരളത്തെ സമരം കാര്യമായി ബാധിച്ചില്ല.
കേബിള്‍ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും കണ്ടിഷണല്‍ അക്സെസ് സംവിധാനം നിയമമാക്കാനായി വ്യാഴാഴ്ച ലോക്സഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് ബില്‍ അവതരിപ്പിയ്കുകയാണ്. കണ്ടിഷണല്‍ അക്സസ് സംവിധാനം കൊണ്ടുവരുന്നതില്‍ നിന്ന് പിന്നാക്കം പോവുകില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
കാണുന്ന ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ഈ നിയമം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. ഇപ്പോള്‍ വരിക്കാരന്‍ കാണാത്ത ചാനലുകള്‍ക്കും പണം നല്‍കുന്നതാണ് അവസ്ഥ.
എന്നാല്‍ ഈ സംവിധാനത്തിനെതിരായും അനുകൂലമായും ചാനല്‍ നടത്തിപ്പ് കമ്പനികളും കേബിള്‍ നടത്തിപ്പു കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. കാര്യങ്ങളെ കൂടുതര്‍ ദുരൂഹമാക്കിയിരിയ്ക്കുകയാണ് കമ്പനികളുടെ ഈ നിലപാട്.