കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടി അനുഭവിക്കുന്നു...ദയനീയമായി

  • By Staff
Google Oneindia Malayalam News

പാലക്കാട് : മഴയില്ല, വിളയില്ല, കുടിവെളളമില്ല. വരള്‍ച്ചയും ദാരിദ്യ്രവും അട്ടപ്പാടിയിലെ കര്‍ഷകരുടെ ജീവിതം അനുനിമിഷം ദുരിതത്തിലാഴ്ത്തുന്നു.

മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയാണ് അട്ടപ്പാടി നേരിടുന്നത്. ഈ പ്രദേശത്തിന്റെ ചരിത്രത്തില്‍ ഇത്ര മഴക്കുറവ് ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടില്ല. ഈ മണ്‍സൂണില്‍ മഴ തീരെ പെയ്തില്ല എന്നു തന്നെ പറയാം. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ ഇവിടുത്തെ കര്‍ഷകര്‍ കൂട്ടത്തോടെ ജീവിതത്തില്‍ നിന്നു തന്നെ കുടിയിറക്കപ്പെടുമെന്ന സ്ഥിതിയാണ്.

എല്ലാ മഴക്കാലത്തും ശരാശരി 900 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തുന്ന മഴ നിഴല്‍ പ്രദേശമാണ് കിഴക്കന്‍ അട്ടപ്പാടി. സംസ്ഥാന ശരാശരി 3,000 നും 3,500നും ഇടയ്ക്കുളളപ്പോഴും ഇവിടെ സാധാരണയായി മഴ കുറവാണ്.

ഇപ്പോഴത്തെ കാലവര്‍ഷച്ചതി ഈ പ്രദേശത്തെ കാര്‍ഷിക വിളയാകെ പ്രതിസന്ധിയിലാക്കി. പരുത്തി, കരിമ്പ്, നിലക്കടല, കുരുമുളക്, ഇഞ്ചി മുതലായവയാണ് പ്രധാന കൃഷി വിളകള്‍. വന്‍ തിരിച്ചടിയാണ് ഈ വിളകള്‍ ഇപ്പോള്‍ നേരിടുന്നത്.

ഇതിനു പുറമെയാണ് കുടിവെളള ക്ഷാമവും കന്നുകാലികളുടെ കൂട്ടത്തോടെയുളള ചത്തൊടുങ്ങലും. തീറ്റയും വെളളവും കിട്ടാതെയാണ് മിണ്ടാപ്രാണികള്‍ ചത്തൊടുങ്ങുന്നത്. കിട്ടിയ വിലയ്ക്ക് കാലികളെ വില്‍ക്കുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.

കുടിവെളളത്തിനായി ആറു കിലോമീറ്ററോളമാണ് അട്ടപ്പാടിക്കാര്‍ നടക്കുന്നത്. പ്രത്യേകിച്ച് മുളളി പ്രദേശത്തുളളവര്‍. പ്രധാന നദികളായ ഭവാനിയും ശിരുവാണിയും ഏതാണ്ട് വറ്റിയ നിലയിലാണ്. കൊടുങ്ങര പോഷകനദി പൂര്‍ണമായും വറ്റി.

മഴ ചതിച്ചതു കാരണം അട്ടപ്പാടി അതിരൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണ്. കൂനിന്മേല്‍ കുരുവെന്ന വണ്ണമാണ് വന്യമൃഗങ്ങളുടെ ആക്രമണവും വിള നശിപ്പിക്കലും. തമിഴ്നാട് വനങ്ങളില്‍ നിന്നും കുടിവെളളവും തീറ്റയും തേടിയെത്തുന്ന കാട്ടുമൃഗങ്ങള്‍ കര്‍ഷകരെ ആക്രമിക്കുന്നത് പതിവായിരിക്കുന്നു. ആറ് ആദിവാസികളാണ് കാട്ടാനകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇരയായത്.

തൊഴില്‍ തേടി തമിഴ്നാട്ടിലേയ്ക്ക് കുടിയേറുകയാണ് പലരും. 1950കളില്‍ അവിടെ നിന്നും അട്ടപ്പാടിയിലേയ്ക്ക് കുടിയേറിയവരാണ് അട്ടപ്പാടിയിലുളളത്. ചതിച്ച മഴക്കാലത്തെ പ്രാകി അവര്‍ തിരിച്ചു പോകുന്നു.

കഴിഞ്ഞ നാലു ദശാബ്ദമായി അട്ടപ്പാടിയിലുണ്ടായ വനനശീകരണത്തിന്റെ അന്തിമ ഫലമാണ് ഇന്നനുഭിക്കുന്നതെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. സ്വകാര്യ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പേടിച്ച് അട്ടപ്പാടിയിലെ ഭൂപ്രഭുക്കള്‍ തങ്ങളുടെ കൈവശമുളള വനഭുമിയിലെ മരം മുഴുവന്‍ മുറിച്ചു വിറ്റു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് മൂന്ന് റിസര്‍വ് വനങ്ങളല്ലാതെ ബാക്കിയെല്ലാം തരിശു ഭുമിയായി മാറി.

അട്ടപ്പാടിയുടെ പശ്ചിമഘട്ട മലനിരകളെല്ലാം മഴക്കാടുകളാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ അട്ടപ്പാടിയുടെ ചരിത്രം പറയുന്നു. എന്നാല്‍ കിഴക്കോട്ട് നീങ്ങുന്തോറും കാടുകളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നു.

ഏതായാലും വനനശീകരണത്തിന് പ്രകൃതി നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ അനുഭവിക്കുകയാണ് അട്ടപ്പാടിയിലെ കര്‍ഷകര്‍. വരും ദിനങ്ങളില്‍ കേരളമാകെ അനുഭവിക്കേണ്ടി വരുന്ന കൊടിയ ശിക്ഷയുടെ മുന്നോടിയാവാം ഇത്. വിവേചന രഹിതമായ ചൂഷണത്തിന്റെ അനിവാര്യമായ ദുരന്തം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X