കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖക്കേസ് സിബിഐ അന്വേഷിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : വ്യാജ രേഖയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഉദ്ദേശിക്കുന്ന വേഗത്തില്‍ നടക്കാത്തതു കൊണ്ടാണ് കേസ് സിബിഐയെ ഏല്‍പ്പിച്ച് തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യം പുറത്തു വരണമെന്ന് മന്ത്രി കെ. വി. തോമസും അന്വേഷണത്തോട് സഹകരിക്കുമെന്ന് ശോഭനാ ജോര്‍ജ് എംഎല്‍എയും മന്ത്രിയുടെ സ്വന്തം സൃഷ്ടിയാണ് വ്യാജ രേഖയെന്ന് വ്യവസായി വിശ്വനാഥന്‍ നായരുമൊക്കെ തരാതരം പോലെ പ്രസ്താവനകളിറക്കുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താതെ മുന്നോട്ട് പോവുകയാണ്.

മന്ത്രിയ്ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ. വി. ജോബിനെയും തനിനിറം സായാഹ്ന പത്രത്തിന്റെ മുന്‍ ചെങ്ങന്നൂര്‍ ലേഖകന്‍ രമേശനെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തെളിവെടുപ്പിനു ശേഷം ഇരുവരെയും വിട്ടയച്ചു.

കെ. വി. തോമസിന്റെ അവിഹിത സമ്പാദ്യത്തെക്കുറിച്ചാണ് ജോബിന് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യം തങ്ങളുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരില്‍ നിന്നും വ്യാജ രേഖയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നറിയുന്നു.

വ്യാജ രേഖയുമായി ശോഭനാ ജോര്‍ജിനെ ബന്ധപ്പെടുത്ത ഒരു മൊഴിയും സൂര്യാ റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ നല്‍കിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി എം. ജി. എം. രാമന്റെ വെളിപ്പെടുത്തല്‍ കളളമാണെന്നും തെളിഞ്ഞിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാന്‍ ഈ ഉദ്യോഗസ്ഥന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന മുന്‍ ആരോപണങ്ങള്‍ തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തലും.

ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയ അനില്‍ നമ്പ്യാരുടെ മൊഴിയില്‍ ശോഭന ജോര്‍ജിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ശോഭനാ ജോര്‍ജ് ഏര്‍പ്പാട് ചെയ്തതനുസരിച്ച് ഒരു ഡിവൈഎസ്പി കൊടുത്തയച്ച രേഖയാണ് താന്‍ ജൂണ്‍ 24ന് ടിവിയില്‍ കാണിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ഈ മൊഴി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. സി. ഫിലിപ്പ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതിനിടയില്‍ അഡീഷണല്‍ ഡിജിപി എം. ജി. എം. രാമന്‍ കടുത്ത അസഭ്യവാക്കുകള്‍ പറഞ്ഞ് ആക്ഷേപിച്ചെന്ന അനില്‍ നമ്പ്യാരുടെ അഭിഭാഷകന്‍ ജോര്‍ജ് ഫിലിപ്പിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഡിഐജി സന്ധ്യയുടെ ഓഫീസില്‍ വച്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ളയും സന്ധ്യയും അനിലിനെ ചോദ്യം ചെയ്യുമ്പോഴാണത്രേ, പെട്ടെന്നു കടന്നു കയറി വന്ന രാമന്‍ അനിലിനു നേരെ അസഭ്യം ചൊരിഞ്ഞത്. കേസില്‍ താന്‍ രണ്ടാഴ്ചയെങ്കിലും താന്‍ റിമാന്‍ഡില്‍ കിടക്കണമെന്ന് രാമന്‍ ആക്രോശിച്ചതായും അനിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

അഴിയുന്തോറും കുരുങ്ങുകയാണ് അങ്ങനെ വ്യാജരേഖക്കേസ്. എതിര്‍ ഗ്രൂപ്പുകളെ ഒതുക്കാനുളള വടിയായി കയ്യില്‍ കരുതാനാണ് കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും ഈ കേസിനെ ഉപയോഗിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നാണ് ഇതുവരെയുളള സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. സമ്മര്‍ദ്ദതന്ത്രങ്ങളുപയോഗിച്ച് അന്വേഷണം അട്ടിമറിയ്ക്കാനുളള ശ്രമങ്ങള്‍ വിജയിക്കാനാണ് സാധ്യത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X