കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി വീടുകളില്‍ മാവേലിത്തമ്പുരാനെത്തുന്നു

  • By Staff
Google Oneindia Malayalam News

ഊഞ്ഞാലും സദ്യയുമൊരുക്കി മലയാളനാട് വരവേല്‍ക്കാന്‍ കാത്തിരുന്ന തിരുവോണം നാളെ.

പോയ് മറഞ്ഞ ഒരു സുവര്‍ണകാലത്തിന്റെ ഓര്‍മ്മയുടെ നന്മയില്‍ ഒരു ദിനം എല്ലാം മറന്ന് ആഹ്ലാദിക്കാന്‍ ലോകമെങ്ങുമുളള മലയാളികള്‍ സര്‍വ വിഭവങ്ങളുമൊരുക്കി ഒരുങ്ങിക്കഴിഞ്ഞു. തൃക്കാക്കരയപ്പന്റെ രൂപമുണ്ടാക്കി ഉത്രാട നിലാവത്ത് മാവേലിത്തമ്പുരാന്റെ മെതിയടി ശബ്ദം കാതോര്‍ത്ത് ഓരോ മലയാളി ഭവനവും തിരുവോണപ്പുലരിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു.

മഴ പെയ്ത് മാനം തെളിഞ്ഞപ്പോള്‍ നാടെങ്ങുമുളള ഓണവിപണി സജീവമായി. എല്ലാ ആഘോഷവേളയിലും വിലക്കുറവിന്റെ കാന്തവലയത്തില്‍ മയങ്ങി വിപണിയിലേയ്ക്ക് നടന്നടുക്കുന്ന മലയാളി ഇക്കുറിയും പതിവ് തെറ്റിക്കുന്നില്ല. വസ്ത്രവിപണി മുതല്‍ അത്തപ്പൂക്കളത്തിന് ചമയങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളില്‍ വരെ പൂരക്കച്ചവടമാണ് നടക്കുന്നത്.

മഴ മാറിയതോടെ തെളിഞ്ഞത് വഴിയോരക്കച്ചവടക്കാരുടെ മനസു തന്നെ. ഓണത്തിന് രണ്ടു ദിവസം മുമ്പു വരെ പെരുമഴ പെയ്തത് ഇവരിലുണ്ടാക്കിയ നെഞ്ചിടിപ്പ് വാക്കുകള്‍ക്കപ്പുറമായിരുന്നു. മഴയൊഴിഞ്ഞതോടെ കച്ചവടം പൊടിപൊടിക്കുകയാണ്.

ഇനി തിരുവോണ സദ്യയുടെ തിരക്കാണ്. പുളിയിഞ്ചിയും കളിയടയ്ക്കയും പച്ചടിയും കിച്ചടിയും നാരങ്ങാക്കറിയും പരിപ്പും പപ്പടവും കുത്തരിച്ചോറും പായസവുമായി വര്‍ഷത്തിലൊരിക്കല്‍ മനം നിറഞ്ഞുണ്ണാന്‍ ഒരു തിരുവോണം. ഒത്തു ചേരലിന്റെ മാധുര്യവും പോയ കാലത്തിന്റെ നഷ്ടബോധവും ഹൃദയത്തില്‍ നിറയുന്ന തിരുവോണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X