• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ. വി. തോമസ് യൂദാസിന്റെ വേഷത്തിലേയ്ക്ക്.....

  • By Staff

തിരുവനന്തപുരം : വ്യാജ രേഖാ വിവാദം കത്തിപ്പടരവെ, ക്രൂശിതന്റെ റോളില്‍ നിന്ന പ്രൊഫ. കെ. വി. തോമസിന് യൂദാസിന്റെ പരിവേഷം കൈവരുന്നു.

സ്വന്തം ഗ്രൂപ്പുകാരുടെ പാരവെപ്പിന് വിധേയനാകേണ്ടി വന്ന ഒരു ക്രൂശിതന്റെ വേഷത്തില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കാരനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വ്യാജ രേഖ ചമച്ച യൂദാസിന്റെ നിലയിലേയ്ക്കാണ് അദ്ദേഹം മാറുന്നത്. തോമസിന് ഈ പരിവേഷം നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് വിജയിച്ചിട്ടുണ്ട്.

അവിഹിത മാര്‍ഗങ്ങളിലൂടെ അതിസമ്പന്നനായ കെ. വി. തോമസിനെതിരെ വിജിലന്‍സില്‍ നല്‍കിയ പരാതിയും ജനം മറന്നു തുടങ്ങിയതാണ്. ആ പരാതിയിലേയ്ക്ക് ജനശ്രദ്ധ വീണ്ടും തിരിച്ചു വിടാനും ഐ ഗ്രൂപ്പിന് കഴിഞ്ഞു. സസ്പെന്‍ഷനുകളും ആരോപണ പ്രത്യാരോപണങ്ങളുമായി വിവാദം കൊടുമ്പിരി കൊളളവെ പുറത്താക്കപ്പെട്ട ലിനോ ജേക്കബിനെ ന്യായീകരിച്ച് ലീഡര്‍ തന്നെ രംഗത്തെത്തിയതും ഐ ഗ്രൂപ്പിന്റെ വിജയമായി.

രണ്ട് ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലേയ്ക്കാണ് തോമസ് മാഷ് നീങ്ങുന്നത്. അതിലൊന്ന് വിജിലന്‍സ് കോടതിയിലാണ്. രണ്ടാമത്തേത് ലിനോ ജേക്കബിനെ തോല്‍പിക്കാന്‍ വ്യാജ രേഖ ചമച്ചു എന്ന ആരോപണത്തിന്മേലാണ്. ലിനോ ജേക്കബിനെ സസ്പെന്‍ഡു ചെയ്തപ്പോള്‍ തന്നെ പ്രശ്നത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കാനും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ തയ്യാറായി.

കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണന്‍, ജോയിന്റ് സെക്രട്ടറി ജെ. ജോസഫ്, ഡിസിസി പ്രസിഡന്റ് കെ. പി. ധനപാലന്‍ എന്നിവരാണ് അന്വേഷണ കമ്മിഷനിലെ അംഗങ്ങള്‍. ഇതില്‍ കുഞ്ഞിക്കണ്ണന്‍ ഐ ഗ്രൂപ്പുകാരനും മറ്റു രണ്ടു പേര്‍ എ ഗ്രൂപ്പുകാരുമാണ്. ഈ കമ്മിഷന്റെ മുന്നില്‍ മന്ത്രി തോമസിന് വിശദീകരണം നല്‍കേണ്ടി വരും.

25 കോടി രൂപയുടെ അനധികൃത സമ്പാദ്യം തോമസിനുണ്ടെന്ന വിജിലന്‍സ് പരാതിയെ മറയ്ക്കാന്‍ തോമസ് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് വ്യാജ രേഖാ വിവാദം എന്നാണ് ഐ ഗ്രൂപ്പുകാരൊന്നടങ്കം വാദിക്കുന്നത്. കെ. കരുണാകരനെ വരെ ഈ കേസില്‍ കുരുക്കാന്‍ തോമസിന് കഴിഞ്ഞു. എന്നാല്‍ രേഖയുടെ രാഷ്ട്രീയ ഗുണഫലം കിട്ടിയ ഒരേ ഒരാള്‍ കെ. വി. തോമസ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ വ്യവസായി വിശ്വനാഥന്‍ നായര്‍ രംഗത്തെത്തിയപ്പോഴാണ് കഥ മാറിയത്.

വ്യാജ രേഖ സൃഷ്ടിയ്ക്കുന്ന കാര്യത്തില്‍ തോമസ് പണ്ടേ മിടുക്കനാണെന്നായിരുന്നു വിശ്വനാഥന്‍ നായരുടെ വെളിപ്പെടുത്തല്‍. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വന്തം ഗ്രൂപ്പുകാരനായ ലിനോ ജേക്കബിനെ തോല്‍പ്പിക്കാന്‍ സ്വന്തം കൈപ്പടയില്‍ വ്യാജ നോട്ടീസ് എഴുതി പ്രചരിപ്പിച്ച വിദ്വാനാണ് തോമസെന്നും കൂടി വിശ്വനാഥന്‍ നായര്‍ ആരോപിച്ചപ്പോള്‍ കേസിലെ തോമസ് മാഷിന്റെ പിടി പതിയെ അയഞ്ഞു തുടങ്ങി.

വ്യവസായിയുടെ ആരോപണം തെറ്റാണെന്നും ഇക്കാര്യത്തില്‍ ലിനോ ജേക്കബിന് പരാതിയില്ലെന്നുമുളള കെ. വി. തോമസിന്റെ മറുപടിയാണ് ഐ ഗ്രൂപ്പിന് ആയുധമായത്. തോമസിനെതിരെ പ്രതികരിക്കാന്‍ തക്കം പാര്‍ത്തിരുന്ന അവര്‍ ലിനോ ജേക്കബിലൂടെ തിരിച്ചടിച്ചു. താന്‍ അപ്പോള്‍ തന്നെ അന്നത്തെ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിളളയ്ക്കും പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ആന്റണിയ്ക്കും പരാതി നല്‍കിയിരുന്നെന്നും ലിനോ ജേക്കബ് മന്ത്രിയ്ക്കു മറുപടി നല്‍കി.

തുടര്‍ന്ന് ലിനോയെ മുരളീധരന്റെ ആവശ്യപ്രകാരം ഡിസിസി പ്രസിഡന്റ് പുറത്താക്കി. എന്നാല്‍ ഈ പുറത്താക്കലിനെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ ഐ ഗ്രൂപ്പിലെ ആരും മുന്നോട്ടു വന്നിട്ടില്ല. മുരളീധരനുമായി ഒരു വിവാദത്തിലേര്‍പ്പെട്ട് പ്രധാന പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ട എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

കെ. കരുണാകരന്‍ തന്നെ പരസ്യമായി ലിനോ ജേക്കബിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തിയതും കരുതലോടെയാണ്. തന്റെ ഭാഗം ന്യായീകരിക്കുക മാത്രമേ ലിനോ ചെയ്തിട്ടുളളൂവെന്നാണ് കരുണാകരന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയത്. ഈ വിവാദത്തില്‍ താന്‍ കെ. വി. തോമസിനൊപ്പമല്ലെന്ന സൂചനയും കരുണാകരന്‍ നല്‍കിക്കഴിഞ്ഞു.

അടുത്ത കാലത്തു നടന്ന യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഇതിനെക്കാള്‍ രൂക്ഷമായ പരസ്യപ്രസ്താവനകള്‍ പലരും നടത്തിയെങ്കിലും അതൊന്നും അച്ചടക്ക നടപടിയിലേയ്ക്ക് എത്തിയില്ല. എന്നാല്‍ ഈ കേസില്‍ മാത്രം അച്ചടക്ക നടപടിയെടുക്കാനുളള തീരുമാനവും ഫലത്തില്‍ കെ. വി. തോമസിനെതിരായി മാറുകയാണ്.

അച്ചടക്ക നടപടിയ്ക്കൊപ്പം പ്രശ്നം അന്വേഷിയ്ക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് തോമസിനെതിരെയുളള പഴയ ആരോപണം പൊടി തട്ടിയെടുക്കാനാണ്. സ്വന്തം പാര്‍ട്ടിക്കാരനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണ് ഇപ്പോള്‍ മന്ത്രിയായി വിലസുന്നത് എന്ന് പ്രചരണം ഐ ഗ്രൂപ്പ് ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ലിനോയ്ക്കെതിരെ ചമച്ച വ്യാജ നോട്ടീസിലെ കൈയക്ഷരം തോമസിന്റേതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.

ശോഭനാ ജോര്‍ജാണ് വ്യാജ രേഖയുടെ പിന്നിലെന്ന് വരുത്തിത്തീര്‍ക്കുകയും അവരെ ചോദ്യം ചെയ്ത് പത്മജയുടെ പേര് പറയിപ്പിക്കുകയുമാണ് തോമസിന്റെ ലക്ഷ്യം എന്ന് ആരോപിക്കപ്പെടുന്നു. ശോഭനാ ജോര്‍ജ് ഇപ്പോള്‍ ബാംഗ്ളൂരിലാണ്. ശോഭനയെ അറസ്റു ചെയ്തേയ്ക്കും എന്ന വാര്‍ത്ത പരന്നതിനാലാണ് അവര്‍ ഗ്രൂപ്പ് നേതാക്കളുടെ ഉപദേശത്തെ തുടര്‍ന്ന് നാട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more