പുലികളുടെ നിരോധനം പിന്‍വലിക്കുന്നു
കൊളമ്പോ : എല്‍ടിടിഇയ്ക്കു മേലുളള നിരോധനം സെപ്തംബര്‍ ആറിന് പിന്‍വലിക്കുമെന്ന് ശ്രീലങ്ക സര്‍ക്കാര്‍ വെളിപ്പെടുത്തി.
സെപ്തംബര്‍ 16ന് തായ്ലന്‍ഡില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് പുനരധിവാസ മന്ത്രി ജയലത് ജയവര്‍ദ്ധനെ അറിയിച്ചു. പുലികള്‍ക്ക് നല്‍കിയ വാക്ക് തങ്ങള്‍ പാലിക്കുകയാണ്.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുലികളും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്നത്. നോര്‍വെ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും വെടിനിര്‍ത്തലിന് തയ്യാറായിരുന്നു. 19 വര്‍ഷമായി നടക്കുന്ന വംശീയ സംഘട്ടനങ്ങളില്‍ ഇതുവരെ 64,500 പേരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പുലികള്‍ ലംഘിച്ചതായി നോര്‍വെയിലെ മധ്യസ്ഥ സംഘം ആരോപിച്ചു. കിഴക്കന്‍ കടല്‍ വഴിയുളള എല്‍ടിടിഇ നാവിക സേനയുടെ യാത്ര സര്‍ക്കാര്‍ നിരോധിച്ചതാണ്. ഇത് പുലികള്‍ ലംഘിച്ചതായാണ് ആരോപണം.