കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടിലിരുന്ന് നാടിളക്കുന്ന വീരപ്പന്‍

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍ : വീരപ്പന് മുഖവുര വേണ്ട. കാട്ടുകളളന്‍, ചന്ദനക്കളളന്‍, ആനവേട്ടക്കാരന്‍, കൊലയാളി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുണ്ട് വീരപ്പന്. സത്യമംഗലം വനത്തിനുളളിലിരുന്ന് വീരപ്പന്‍ മീശപിരിച്ചാല്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും നേതാക്കള്‍ക്കും പൊലീസുകാര്‍ക്കുമൊക്കെ നെഞ്ചിടിപ്പ് കൂടും.

കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയാണ് 2000 ജൂലൈ 30 ന് വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്.

കര്‍ണാടക മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് നാഗപ്പയെയാണ് ഒടുവില്‍ വീരപ്പന്‍ തട്ടിയെടുത്തിരിക്കുന്നത്. 2002 ആഗസ്റ് 25 രാത്രിയിലായിരുന്നു ആ തട്ടിക്കൊണ്ടുപോകല്‍. വീരപ്പന്റെ ചരിത്രത്തിലൂടെ...

1987 ജൂലായ് : തമിഴ് നാട് വനം വകുപ്പുദ്യോഗസ്ഥന്‍ ചിദംബരത്തെ തട്ടിക്കൊണ്ടു പോയി വധിച്ചു.

1989 ജനവരി : എതിര്‍ സംഘത്തിലെ അഞ്ചു പേരെ തട്ടിക്കൊണ്ടു പോയി വധിച്ചു.

1989 ആഗസ്റ് : ബെഗൂര്‍ വനാതിര്‍ത്തിയിലെ മൂന്ന് വനം വകുപ്പുദ്യോഗസ്ഥരെ കൊലപ്പെടുത്തി. 19 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കാനായത്.

1990 ജനവരി : തമിഴ്നാട് പൊലീസിലെ ഒരു സബ് ഇന്‍സ്പെക്ടറെയും ഒരു ഹെഡ് കോണ്‍സ്റബിളിനെയും വെടിവെച്ചു കൊന്നു. വീരപ്പന്‍ സംഘത്തിലെ രണ്ടു പേരെ വെടിവെച്ചു വീഴ്ത്തിയതിന് പ്രതികാരമായിരുന്നു ഇത്.

1990 ഏപ്രില്‍ : പൊലീസുമായുളള ആദ്യത്തെ നേര്‍ക്കു നേര്‍ ആക്രമണം. മൂന്നു സബ്ഇന്‍സ്പെക്ടര്‍മാരെയും ഒരു ഹെഡ് കോണ്‍സ്റബിളിനെയും വെടിവെച്ചു കൊന്നു.

1990 മെയ് : വീരപ്പനെ പിടിക്കാന്‍ പ്രത്യേക ദൗത്യ സേന രൂപീകരിച്ചു.

1990 നവമ്പര്‍ : ഡെപ്യൂട്ടി ഫോറസ്റ് കണ്‍സര്‍വേറ്റര്‍ പി. ശ്രീനിവാസിനെ വെടിവെച്ചു കൊന്ന് തലവെട്ടിയെടുത്തു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തലയോട്ടി കണ്ടെടുത്തത്. വീരപ്പന്റെ സഹോദരി മാരിയുടെ മരണത്തിന് ഉത്തരവാദി എന്നാരോപിച്ചാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.

1992 ഫെബ്രുവരി : കര്‍ണാടകത്തിലെ ഒരു ഗ്രാനൈറ്റ് ക്വാറി ഉടമയുടെ മകനെ തട്ടിക്കൊണ്ടു പോയി ഒരു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ നല്‍കി ഇയാള്‍ മകനെ മോചിപ്പിച്ചു.

1992 മെയ് : രാമപുര പൊലീസ് സ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ വധിച്ച് ആയുധങ്ങള്‍ കൊളളയടിച്ചു.

1992 ജൂണ്‍ : വീരപ്പന്‍ സംഘത്തിലെ നാലു പേരെ പ്രത്യേക ദൗത്യസേന വധിച്ചു. എല്ലാവരെയും കൊന്ന് പകരം വീട്ടുമെന്ന് വീരപ്പന്‍ സന്ദേശമയച്ചു.

1992 ആഗസ്റ് : വീരപ്പന്‍ ഒരുക്കിയ കെണിയില്‍ പ്രത്യേക ദൗത്യസേന വീണു. സേനാ തലവന്‍ എസ്പി ഹരികൃഷ്ണയുള്‍പ്പെടെ നാലുപേരെ വീരപ്പന്‍ സേന ബോംബ് വച്ച് കൊന്നു.

1993 ഏപ്രില്‍ : തമിഴ്നാട് പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ബസ് മൈന്‍ വച്ചു തകര്‍ത്ത് നാട്ടുകാരുള്‍പ്പെടെ 22 പേരെ കൊന്നു. റാംബോ എന്നറിയപ്പെടുന്ന എസ്പി ഗോപാലകൃഷ്ണ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.

1993 മെയ് : കര്‍ണാടക എസ്പി ഗോപാല്‍ ഹൊസൂറിന്റെ സംഘത്തിനു എംഎം ഹില്ലില്‍ വച്ച് ആക്രമണം. ആറ് പൊലീസുകാര്‍ മരിച്ചു.

1993 ജൂലായ് : വീരപ്പന്‍ സംഘത്തിനെതിരെ ബിഎസ്എഫ് ആക്രമണം തുടങ്ങി. സംഘത്തിലെ 19 പേരെ പിടികൂടി.

1993 ആഗസ്റ് : ബിഎസ്എഫ് ആക്രമണം ശക്തമാക്കി. വീരപ്പന്‍ സംഘത്തിലെ 18 പേരും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം കീഴടങ്ങാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് വീരപ്പന്‍ ആഡിയോ കസെറ്റ് കൊടുത്തയച്ചു.

1994 ഡിസംബര്‍ : വിജിലന്‍സ് ഡിഎസ്പി ചിദംബരത്തെയും രണ്ടു സുഹൃത്തുക്കളെയും കോയമ്പത്തൂരില്‍ നിന്നും വീരപ്പന്‍ തട്ടിക്കൊണ്ടു പോയി. 27 ദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 31ന് അവരെ ദൗത്യസേന രക്ഷിച്ചു. വീരപ്പന്റെ സഹോദരന്‍ അര്‍ജുനനും രണ്ടു കൂട്ടാളികളും ദൗത്യസേനയ്ക്ക് കീഴടങ്ങി.

1995 നവംബര്‍ : ഈറോഡില്‍ നിന്നും മൂന്ന് വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. തടവില്‍ നിന്നും ഇവരെ മോചിപ്പിക്കാന്‍ അഞ്ചു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. അനൗദ്യോഗികമായി മുന്നര ലക്ഷം രൂപ നല്‍കി ഇവരെ മോചിപ്പിച്ചു.

1995 ഡിസംബര്‍ : ദൗത്യസേനയുടെ കസ്റഡിയില്‍ വച്ച് അര്‍ജുനനും രംഗസ്വാമിയും മരിച്ചതിന് പകരംവീട്ടാന്‍ ദൗത്യസേനയുമായി ഏറ്റുമുട്ടല്‍. രണ്ട് മരണം.

1996 ജനവരി : തമിഴ്നാട് എസ്പി ശെല്‍വനും സംഘത്തിനും നേരെ ആക്രമണം. ഒരു കോണ്‍സ്റബിള്‍ കൊല്ലപ്പെട്ടു. എസ്പി പരിക്കുകളോടെ രക്ഷപെട്ടു.

1997 ഏപ്രില്‍ : വീരപ്പന്‍ സംഘത്തിലെ രണ്ടാമന്‍ എന്നു കരുതപ്പെടുന്ന ബേബി വീരപ്പന്റെ ശവം വെടിയേറ്റ നിലയില്‍ കാട്ടില്‍ കാണപ്പെട്ടു.

1997 ജൂലായ് : 10 വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. കീഴടങ്ങാന്‍ തയ്യാറാണെന്ന സന്ദേശം ഒരാളിന്റെ കൈവശം കൊടുത്തു വിട്ടു. നക്കീരന്‍ പത്രാധിപര്‍ ആര്‍. ആര്‍. ഗോപാലിന്റെ മധ്യസ്ഥതയില്‍ ബാക്കിയുളളവരെയും വിട്ടയച്ചു.

1998 ഡിസംബര്‍ : വെല്ലിത്തുപ്പൂര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കവര്‍ന്നു. സംഘത്തില്‍ അംഗങ്ങള്‍ കുറഞ്ഞതിനെതുടര്‍ന്ന് പൊതുമാപ്പ് കിട്ടി കീഴടങ്ങാന്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച.

1999 ഏപ്രില്‍ : വീണ്ടും ആക്രമണവും തട്ടിക്കൊണ്ടു പോകലും. മൂന്നു വനംവകുപ്പുദ്യോഗസ്ഥരെ ധര്‍മ്മപുരിയിലെ ഹോംഗനേക്കലില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കീഴടങ്ങാന്‍ വ്യവസ്ഥകള്‍ വെളിപ്പെടുന്ന കസെറ്റ് കളക്ടര്‍ക്ക് കൊടുത്തു വിട്ടു.

2000 ജൂലായ് : കന്നട സൂപ്പര്‍ താരം രാജ്കുമാറിനെയും മറ്റു നാലുപേരെയും തട്ടിക്കൊണ്ടു പോയി. നക്കീരന്‍ പത്രാധിപര്‍ ഗോപാലും പി. നെടുമാരനും രാജ്കുമാറിന്റെ മോചനത്തിന് മധ്യസ്ഥരായി. 100 ദിവസം കഴിഞ്ഞ് രാജ്കുമാറിനെ വീരപ്പന്‍ വിട്ടയച്ചു.

രാജ്കുമാറിനെ വിട്ടയച്ചതിനു ശേഷം വീരപ്പന്റെ താവളങ്ങളില്‍ ദൗത്യസേന പരിശോധന കര്‍ശനമാക്കി. കേരളം, കര്‍ണാടകം, തമിഴ്നാട് സര്‍ക്കാരുകള്‍ ഒരേ സമയം വീരപ്പന്‍ വേട്ടയ്ക്കിറങ്ങി.

കേരള തമിഴ്നാട് അതിര്‍ത്തിയിലുളള ചിന്നാംപതി കാട്ടില്‍ വീരപ്പന്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവിടെ ശക്തമായ തിരച്ചില്‍ നടത്തി. വീരപ്പന്‍ സംഘവുമായി നേരിട്ട് ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായെന്ന് പൊലീസ് അവകാശപ്പെട്ടു. കാട്ടില്‍ നിന്നും ബാഗുകളും ആയുധങ്ങളും മരുന്നും കണ്ടെടുത്തു.

മുന്‍ ഡിജിപി വാള്‍ട്ടര്‍ ദേവാരത്തിന്റെ കീഴില്‍ ദൗത്യസേന പുനസംഘടിപ്പിച്ച് വീണ്ടും ഊര്‍ജിതമായ തിരച്ചില്‍ നടത്തി. ഒട്ടേറെ പേരെ പിടികൂടി. ആയുധങ്ങളും വന്‍തുകയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. വീരപ്പന്‍ സംഘത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്ന് വിശ്വസിച്ചിരുന്ന നാളുകളായിരുന്നു അത്.

2002 ആഗസ്റ് 25: കര്‍ണാടക മുന്‍മന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് നാഗപ്പയെ തട്ടിക്കൊണ്ടുപോയി.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ദൗത്യസേന വീരപ്പന്‍ വേട്ടയുടെ ശക്തികുറഞ്ഞു.

തട്ടിക്കൊണ്ടു പോയി വന്‍തുക വില പേശുന്ന വീരപ്പന്‍ വീണ്ടും സിനിമാ ശൈലിയില്‍ ആഞ്ഞടിച്ചിരിക്കുന്നു. ഈ കാട്ടു നാടകത്തിന് എന്ന് തിരശീല വീഴുമെന്നറിയാതെ കാത്തിരിക്കുകയാണ് ജനങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X