കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ47 ലേലത്തില്‍ പിടിക്കാന്‍ മത്സരം

  • By Staff
Google Oneindia Malayalam News

കൊച്ചി: എകെ 47 ആര് സ്വന്തമാക്കും? കേരളത്തില്‍ മുഴുവന്‍ ഇത് ആകാംക്ഷ നിറഞ്ഞ ചോദ്യമായി മാറിയിരിക്കുന്നു. എകെ 47 ലേലത്തില്‍ പിടിക്കാന്‍ രണ്ട് പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് ഈ ലേലം കേരളമാകെ പ്രസിദ്ധമായത്.

പക്ഷെ ഈ ലേലം എകെ 47 എന്ന തോക്കിന് വേണ്ടിയല്ല. എകെ 47 എന്ന വാഹനരജിസ്ട്രേഷന്‍ നമ്പരിനാണ്. കൊച്ചിയിലെ രണ്ട് പ്രമുഖരാണ് വാശിയോടെ ഈ നമ്പര്‍ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. റിനെയ്സന്‍സ് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ പി.എന്‍. കൃഷ്ണദാസും കാക്കനാട്ടെ എഎല്‍എസ് കമ്മത്ത് ഓട്ടോ കണ്‍സള്‍ട്ടന്‍സി ഉടമ എ.എല്‍. സദാനന്ദ കമ്മത്തും ആണ് ഇതിനായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെ അപേക്ഷ നല്കിയിരിക്കുന്നത്.

ജനശ്രദ്ധയാകര്‍ഷിക്കുന്ന നമ്പറുകള്‍ക്ക് നല്ല ഡിമാന്റാണ്. ഈ നമ്പര്‍ സ്വന്തമാക്കാന്‍ ഒന്നിലധികം പേര്‍ രംഗത്തെത്തുമ്പോള്‍ മത്സരബുദ്ധിയോടെ ലേലം നടക്കുക സ്വാഭാവികമാണ്. കേരളസര്‍ക്കാര്‍ തന്നെ ഓരോ സീരീസിലും പെട്ട 200 നമ്പറുകള്‍ ഫാന്‍സി നമ്പറുകളായി പ്രത്യേകം പട്ടികതിരിച്ചിട്ടുണ്ട്. പക്ഷെ എകെ 47 എന്ന നമ്പര്‍ സര്‍ക്കാരിന്റെ ഫാന്‍സി നമ്പര്‍ പട്ടികയില്‍ ഇല്ലാത്ത നമ്പറാണ്.

എകെ എന്ന സീരീസ് ഈയിടെ ആരംഭിച്ചപ്പോഴാണ് എകെ 47ന് ആവശ്യക്കാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി മനസ്സിലാക്കിയത്. ഒട്ടേറെയാളുകള്‍ ഈ നമ്പര്‍ ആവശ്യപ്പെട്ട് വിളിച്ചിരുന്നു. പക്ഷെ ഇതില്‍ രണ്ടു പേര്‍ മാത്രമാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ലേലത്തിന് എത്തിയിരിക്കുന്നത്- എറണാകുളം ആര്‍ടിഒ പി.ആര്‍. വിശ്വനാഥന്‍ മാരാര്‍ പറഞ്ഞു.

ഒരു നമ്പറിന് ഒന്നിലധികം പേര്‍ വന്നാല്‍ ആ നമ്പര്‍ ലേലത്തില്‍ നല്കണമെന്നതാണ് നിയമം. ഈ ലേലത്തില്‍ പങ്കെടുക്കാന്‍ നമ്പറിന്റെ ആവശ്യക്കാര്‍ 5,000 രൂപ മുന്‍കൂര്‍ അടക്കണം. ഈ തുക ലേലം കഴിഞ്ഞാല്‍ തിരിച്ചുനല്കും.

എകെ 47ന് വേണ്ടി 5,000 രൂപ വീതം ലേലത്തുകയടച്ച് രംഗത്തെത്തിയവര്‍ രണ്ടുപേരും നമ്പര്‍ സ്വന്തമാക്കുമെന്ന ദൃഡനിശ്ചയത്തിലാണ്. അതിനാല്‍ ഈ നമ്പര്‍ സ്വന്തമാക്കാന്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്നാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. എകെ 47 സ്വന്തമാക്കാന്‍ ഏറെക്കാലമായി ഞാന്‍ മോഹിക്കുന്നു. ഈയിടെയാണ് ഞാന്‍ കാര്‍ വാങ്ങിയത്. അപ്പോള്‍ എജെ എന്ന സീരീസായിരുന്നു. സീരീസ് എകെ ആകുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍. ഈ നമ്പറുള്ള കാര്‍ ഹോട്ടലിന്റെ പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. കാറിന് ഈ നമ്പര്‍ സ്വന്തമാക്കാനായാല്‍ എന്റെ ഹോട്ടലിന്റെ ഗ്ലാമര്‍ കൂടും. ഹോട്ടലില്‍ താമസിയ്ക്കാന്‍ എത്തുന്നവരോട് എനിയ്ക്ക് പറയാം നിങ്ങള്‍ക്കായി ഞാന്‍ ഒരു എ കെ 47 അയയ്ക്കാമെന്ന് - ലേലത്തില്‍ പങ്കുകൊള്ളാന്‍ പേരു നല്കിയ ഹോട്ടലുടമ കൃഷ്ണദാസ് പറയുന്നു.

ലേലത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെയാളായ സദാനന്ദ കമ്മത്തിന് പണ്ടേ ഫാന്‍സി നമ്പര്‍ ദൗര്‍ബല്യമാണ്. അദ്ദേഹത്തിന്റെ ലോറി നമ്പര്‍ കെഎല്‍ 7 ടി 9999 ആണ്. അദ്ദേഹത്തിന്റെ തന്നെ ടാറ്റാ ഇന്‍ഡിക്കയുടെ നമ്പര്‍ കെഎല്‍ 7 എക്സ് 9999 ഉം ഫിയറ്റ് കാറിന്റെ നമ്പര്‍ കെഎല്‍7 7777 ഉം ആണ്. ഫിയറ്റ് കാറിന്റെ മാജിക് നമ്പര്‍ കിട്ടാന്‍ സദാനന്ദകമ്മത്ത് മുടക്കിയത് 15,000 രൂപയാണ്. എകെ 47 സ്വന്തമാക്കണമെന്ന് ഞാന്‍ കുറെക്കാലമായി ആഗ്രഹിക്കുന്നു. ആ നമ്പര്‍ കിട്ടാന്‍ എന്റെ പരമാവധി ശ്രമിക്കും.- കമ്മത്ത് പറയുന്നു.

സപ്തംബര്‍ 25ന് എറണാകുളം ആര്‍ടിഒ ഓഫീസിലാണ് എകെ 47ന് വേണ്ടിയുള്ള ലേലം നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X