എന്‍ട്രന്‍സ് അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കും
തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജുകളില്‍ ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ പ്രവേശന പരീക്ഷയെഴുതാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു.
2003 മുതല്‍ മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളെ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. പേമെന്റ് സീറ്റുകളില്‍ മാത്രമായിരിക്കും അന്യസംസ്ഥാനങ്ങളിലെവിദ്യാര്‍ഥികളെ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേക ക്വാട്ട നിശ്ചയിക്കും.
സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകളിലെ പേമേന്റ്, എന്‍ ആര്‍ ഐ ക്വാട്ടകളില്‍ ഒട്ടേറ സീറ്റുകളില്‍ പ്രവേശനം നടത്താനാവാതെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മാനേജ്മെന്റുകളാണ് ഈ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെച്ചത്.
കര്‍ണാടകത്തിലും തമിഴ്നാട്ടിലും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ അനുവദിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പേമേന്റ് സീറ്റുകളില്‍ ഒരു നിശ്ചിത ക്വാട്ടാ അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുണ്ട്.
കേരളത്തില്‍ പരിമിതമായ എഞ്ചിനീയറിംഗ് സീറ്റുകള്‍ മാത്രമേയുള്ളൂവെന്നതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ പ്രവേശനപരീക്ഷയില്‍ പങ്കെടുപ്പിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. 99ല്‍ 17 എഞ്ചിനീയറിംഗ് കോളജുകളിലായി 6,000 സീറ്റുകള്‍ ഉണ്ടായിരുന്നതിന്റെ സ്ഥാനത്ത് ഇപ്പോള്‍ 71 എഞ്ചിനീയറിംഗ് കോളജുകളിലായി 16,000 സീറ്റുകളാണുള്ളത്.
കഴിഞ്ഞ വര്‍ഷം 10,000 സീറ്റുകളില്‍ മുന്നൂറോളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. മൂന്നാമത്തെ പുനപ്രവേശന ലിസ്റ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഇത്തവണ എത്ര സീറ്റുകളില്‍ ഒഴിവുണ്ടെന്ന് വ്യക്തമാവൂ.