കേരളത്തില്‍ പ്രകൃതി വാതക ബസ്സോടിയ്ക്കണം
കൊച്ചി: ഗതാഗത വകുപ്പിന്റെ ബസുകള്‍ എല്ലാം പ്രകൃതി വാതകം ഉപയോഗിയ്ക്കുന്നതാക്കണമെന്നാവശ്യപ്പെട്ട് കേസ്. വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ കണ്‍വീനറായ സത്യവാന്‍ കൊട്ടാരക്കര സമര്‍പ്പിച്ച കേസ് ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ ബസ്സുകള്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നതാണ്. സര്‍ക്കാരിന് 5000 ത്തിലേറെ ബസ്സുകളാണുള്ളത്. ഈ ബസ്സുകള്‍ക്ക് ഒന്നും തന്നെ മാലിന്യ വിമുക്ത രേഖയുമില്ല. നിശ്ചിത അളവിനേക്കാല്‍ വളരെ ഏറെ കാര്‍ബണ്‍ മോണോ ഓക്സൈഡ് വമിയ്ക്കുന്നതാണ് ഈ ബസ്സുകളില്‍ ഏറെയും. പൊലീസ് ഇവയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാറുമില്ല.
ഈ അവസ്ഥ മാറ്റാനായി ബസ്സുകള്‍ വൈകാതെ പ്രകൃതി വാതകം ഉപയോഗിച്ച് ഓടുന്നവയാക്കി മാറ്റാന്‍ കോടതി നിര്‍ദ്ദേശിയ്ക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പടുന്നത്. പരിസ്ഥതിയ്ക്ക് ഇണങ്ങുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഈ വാതകത്തിന്റെ പ്രധാന അംശം മീതേനായതുകൊണ്ട് വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുകഴിയുമ്പോള്‍ വളരെ കുറച്ച് കാര്‍ബണ്‍ മൊണോക്സൈഡ് മാത്രമേ പുറത്ത് വിടുന്നുള്ളൂ.
സര്‍ക്കാര്‍ ബസ്സുകള്‍ പ്രകൃതി വാതക ബസ്സുകളാക്കാനായി ഒരു ദീര്‍ഘ കാല പദ്ധതിയെങ്കിലും തയ്യാറാക്കേണ്ടതാണ്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ 115 ാം വകുപ്പനുസരിച്ച വാഹനങ്ങളില്‍ നിന്ന് വിടുന്ന പുകയിലെ മാലിന്യത്തിന് ചില നിബന്ധനകളുണ്ട്.
ദില്ലിയില്‍ പ്രകൃതി വാതക ബസ്സുകള്‍ മാത്രമേ ഓടിയ്ക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോള്‍ ദില്ലിയില്‍ പ്രകൃതി വാതക ബസ്സുകള്‍ മാത്രമേ ഓടുന്നുള്ളൂ. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശമാണ് കേരളത്തിലും വേണ്ടതെന്ന് സത്യവാന്‍ കൊട്ടാരക്കരയുടെ ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications