കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജി വയ്ക്കില്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം രാജിപ്രശ്നം ഗൗരവത്തോടെ പരിഗണിച്ചേക്കും. സര്‍ക്കാരിന്റെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ കുഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാലും അതിശയിയ്ക്കണ്ട.

കോണ്‍ഗ്രസിനുള്ളില്‍ ഇതിനുള്ള സമ്മര്‍ദ്ദം കൂടി വരുകയാണ്. കെപിസിസി നിര്‍വാഹക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അടിയന്തിരമായി ചേര്‍ന്ന് കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്തേക്കും. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായേക്കും.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുയര്‍ത്തിയാണ് ലീഗ് അതിനെ നേരിട്ടത്. ലീഗിന്റെ ഈ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ പ്രബലമാവുകയാണ്.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന ആവശ്യക്കാരായ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാടിനെ അവഗണിച്ച് മുന്നോട്ടുപോവാനാവില്ലെന്ന സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. വി. എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പുറമെ എ. കെ. ആന്റണിക്കും കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന അഭിപ്രായമാണുള്ളത്. ആന്റണിയുടെ അഭിപ്രായത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി യുഡിഎഫിന്റെ ഭാവിക്ക് അത്യാവശ്യമാണെന്ന തങ്ങളുടെ നിലപാടിന് വ്യക്തമായ കാരണങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുഞ്ഞാലിക്കുട്ടി തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ ദയനീയമായ പരാജയമായിരിക്കും നേരിടേണ്ടി വരികയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രാജിയുണ്ടായില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല.

മുസ്ലിം ലീഗ് മന്ത്രിമാരെ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്പ് അനിശ്ചിതത്വത്തിലാവുമെന്നതിനാലാണ് കുഞ്ഞാലിക്കുട്ടിയെ പിണക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി നോക്കുന്നത്. അതേ സമയം എല്ലാ മന്ത്രിമാരെയും പിന്‍വലിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുമെന്ന ലീഗിന്റെ ഭീഷണിയില്‍ വലിയ കഴമ്പൊന്നുമില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫില്‍ നിന്ന് പോയാലും എല്‍ഡിഎഫില്‍ സ്വീകരിക്കില്ലെന്നിരിക്കെ ഒരു മുന്നണിയിലും പെടാതെ എത്രകാലം ലീഗിന് തുടരാനാവുമെന്നതാണ് അവരുടെ ചോദ്യം.

ലീഗിലെ തന്നെ വലിയ ഒരു വിഭാഗം നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായ നിലപാടല്ല പാര്‍ട്ടിയ്ക്കുള്ളില്‍ എടുത്തിട്ടുള്ളത്. മുനീര്‍, മുഹമ്മദ് ബഷീര്‍, അഹമ്മദ് എന്നിവര്‍ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന അഭിപ്രായമുള്ളവരാണ്.

മാത്രവമല്ല, ലീഗില്ലാതെ തന്നെ സര്‍ക്കാരിന് നിലനില്‍ക്കാനുള്ള ഭൂരിപക്ഷം നിലനിര്‍ത്താനാവും. കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളും കരുണാകര വിഭാഗവും കടുകൈ സ്വീകരിച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ നിലനില്പ് ഭീഷണിയിലാവുകയുള്ളൂ. ഒരുപക്ഷേ അങ്ങനെ ഉണ്ടായാലും കോണ്‍ഗ്രസിന് ആദര്‍ശത്തിന് വേണ്ടി സ്വയം ബലിഅര്‍പ്പിച്ചു എന്ന പരിവേഷം നേടാനാവുമെന്നാണ് രാജി ആവശ്യപ്പെടണം എന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസുകാരുടെ വാദം.

ലീഗുണ്ടായിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റായ മഞ്ചേരി സീറ്റ് യുഡിഎഫിന് നഷ്ടപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ജനവികാരം എതിരായാല്‍ ലീഗ് കൂടെയുണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് യുഡിഎഫിന് ഗുണം ചെയ്യണമെന്നില്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നു. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ പരസ്യനിലപാട് സ്വീകരിക്കുന്ന അപൂര്‍വ സാഹചര്യമുണ്ടായിട്ടും അതിന് കാരണക്കാരായവരെ സംരക്ഷിക്കുന്നതിലെ ധാര്‍മികതയെയും ഇവര്‍ ചോദ്യം ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X