കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.പി.സി.സി തീരുമാനത്തിനു കാത്ത് ലീഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ കെ.പി.സി.സി നിലപാടറിയാന്‍ ലീഗ് നേതൃത്വം കാക്കുന്നു.

നവംബര്‍ 25 വ്യാഴാഴ്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലീഗ് യോഗം കുഞ്ഞാലിക്കുട്ടി പ്രശ്നത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തില്ലെങ്കിലും കെ.പി.സി.സി തീരുമാനമറിയുവാന്‍ കാത്തിരിക്കുക എന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു.

ഐസ്ക്രീം കേസ് കോടതിയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കോടതിവിധി വന്ന ശേഷം ബാക്കി നടപടികള്‍ കൈക്കൊള്ളാമെന്ന തീരുമാനത്തിലാണ് ലീഗ് നേതൃത്വം.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരാകട്ടെ സംഭവഗതികള്‍ വിശകലനം ചെയ്ത് ലീഗ് തന്നെ പരിഹാരമുണ്ടാക്കമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോട് രാജിയാവശ്യപ്പെടുന്നത് ലീഗുമായുള്ള ബന്ധത്തെ ബാധിക്കുകയും മന്ത്രി രാജിവയ്ക്കാത്ത പക്ഷം ജനരോഷത്തെ നേരിടേണ്ടി വരികയും ചെയ്യുന്ന വിഷമാവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനസമ്മിതിക്കു വേണ്ടി ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെല്ലാം കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ പാളം തെറ്റുന്ന അവസ്ഥയില്‍ കെ.പി.സി.സി എക്സിക്യുട്ടീവ് യോഗം വിളിച്ചുചേര്‍ക്കാതെ നിവൃത്തിയില്ലെന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ലീഗാവട്ടെ, പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ പാണക്കാട് ശിഹാബലി തങ്ങളടക്കം ആര്‍ക്കും യോജിപ്പില്ല. ഐസ്ക്രീം പ്രശ്നവും അതോടനുബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും ദേശീയമാധ്യമങ്ങളില്‍ പോലും ചര്‍ച്ചാവിഷയമായ കാര്യം ലീഗ് ചര്‍ച്ചക്കെത്തിയ കേന്ദ്രമന്ത്രി ഇ. അഹമ്മദ് തങ്ങളെ ധരിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ മുഖം നഷ്ടമായ ലീഗിന് കോടതി വിധി എതിരായാല്‍ കൂടുതല്‍ നാണക്കേടാകുമെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല.

ഇതുകൂടാതെ ലീഗ് ആലപ്പുഴ ജില്ലാനേതാവായ കരീം മാക്കയില്‍ കുഞ്ഞാലിക്കുട്ടി രാജിയവയ്ക്കണമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടതും കുഞ്ഞാലിക്കുട്ടി പ്രശ്നം കാരണം അച്ചടക്കനടപടിയുടെ പേരില്‍ പാര്‍ട്ടിക്കു പുറത്താക്കിയ കെ.ടി ജലീലിനെയും മറ്റും തിരിച്ചെടുക്കേണ്ടി വന്നതും പാര്‍ട്ടിക്കു ക്ഷീണമായിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കിയാല്‍ ലീഗ് നേതൃത്വം സി.പി.എമ്മിലേക്ക് നീങ്ങുമോയെന്ന സംശയവും കടുത്ത ഒരു തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നുണ്ട്.

രാജി വയ്ക്കേണ്ടതില്ലായെന്ന തീരുമാനത്തില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ വിഷമവൃത്തത്തിലാവുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X