മുത്തങ്ങ: ബാഹ്യശക്തികള്‍ ഇല്ലെന്ന് ഐജി
കോഴിക്കോട്: മുത്തങ്ങയിലെ ആദിവാസികയ്യേറ്റത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണങ്ങളില്‍ വീണ്ടും ആശയക്കുഴപ്പം. ആദിവാസികളുടെ പിന്നില്‍ ഏതോ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ. സുധാകരനും ഡിജിപിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ യാതൊരു ബാഹ്യശക്തികളുമില്ലെന്ന് ഐജി(നോര്‍ത്ത്) വേണുഗോപാല്‍ കെ. നായര്‍ ഫിബ്രവരി 24 തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
മുത്തങ്ങയില്‍ ആയിരത്തിലധികം ആദിവാസികള്‍ ഉണ്ടായിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടും വ്യാജമാണ്. വെറും 500 ഓളം ആദിവാസികള്‍ മാത്രമാണ് കയ്യേറ്റ സ്ഥലത്തുണ്ടായിരുന്നത്. വെടിവെപ്പിനെ തുടര്‍ന്ന് ആദിവാസികളില്‍ പലരും അന്യസംസ്ഥാനങ്ങളിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസികളില്‍ ആരും കേരളം വിട്ടുപോയിട്ടില്ല. കേരളത്തിന്റെ അതിര്‍ത്തിയില്‍ അത്രയും ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. ജാനുവും ഗീതാനന്ദനും ചെയ്തതുപോലെ മറ്റുള്ള ആദിവാസികളും പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
വെടിവെപ്പ് നടന്നയുടന്‍ തമിഴ്നാട്, കര്‍ണ്ണാടക പൊലീസ് സംഘങ്ങളും ജാഗരൂകരായിരുന്നു. മുത്തങ്ങയിലെ വെടിവെപ്പിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വാര്‍ത്താലേഖകര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും കെട്ടിച്ചമച്ച വാര്‍ത്തകളാണ് പുറത്തുവന്നത്. ബാഹ്യതീവ്രവാദി ശക്തികള്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പൊലീസ് ഇടപെടലിന് മുമ്പേ അവര്‍ ആദ്യം രക്ഷപ്പെട്ടേനെ. ഇപ്പോഴും ആദിവാസികള്‍ക്ക് മേല്‍ക്കയ്യുള്ള പ്രദേശങ്ങളില്‍ പൊലീസ് കാവല്‍ ശക്തമാണ്. ഇനിയും കയ്യേറ്റങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് ഈ സംവിധാനം. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications