ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിന്
ഡര്‍ബന്‍: തോല്‍വി മാത്രം സമ്മാനിച്ചിട്ടുള്ള ഡര്‍ബനിലെ സ്റേഡിയത്തില്‍ വിജയം തേടി ഇറങ്ങുകയാണ് ഇന്ത്യ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ ടീമില്‍ ഇക്കുറിയും അനില്‍ കുംബ്ലെയെ ഒഴിവാക്കി. പകരം ആശിശ് നെഹ്റ കളിക്കുന്നു. എല്ലാ കണ്ണുകളിലും പക്ഷെ ടെണ്ടുല്‍ക്കറിന്റെ ബാറ്റിംഗിലാണ്. തുടര്‍ച്ചയായ മെച്ചപ്പെട്ട പ്രകടനവും നമീബിയയ്ക്കെതിരെ നേടിയ 152 റണ്‍സും സച്ചിനിലുള്ള ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഈയിടെ നേടിയ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്കുന്നു. ഒപ്പം ഐസിസി ലോകകപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളും ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് പിന്‍ബലം നല്കുന്നു.
പക്ഷെ ലോകകപ്പില്‍ ഭാഗ്യം എപ്പോഴും ഇംഗ്ലണ്ടിന്റെ കൂടെയായിരുന്നു. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയതില്‍ മൂന്ന് തവണയും ജയിച്ചിട്ടുള്ളത് ഇംഗ്ലണ്ട് തന്നെ. പക്ഷെ പഴയ മത്സരങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന അഭിപ്രായക്കാരനാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
ഡര്‍ബനില്‍ ടോസ് നേടുന്ന ടീമിനായിരിക്കും വിജയമെന്ന് ഒരു ചൊല്ലുണ്ട്. കാരണം ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ഇവിടെ വിജയസാധ്യത കൂടുതലാണ്. ജയിക്കുന്ന ടീമിന് സൂപ്പര്‍ സിക്സില്‍ സ്ഥാനമുറപ്പിക്കാമെന്നതിനാല്‍ മത്സരത്തെ കൂടുതല്‍ ആവേശമുള്ളതാക്കും.












Click it and Unblock the Notifications