ജാനു: വിഎസും പിണറായിയും രണ്ടുതട്ടില്‍
കോഴിക്കോട്: ആദിവാസി ഗോത്രമഹാസഭയോടും സി. കെ. ജാനുവിനോടുമുള്ള സമീപനത്തില്‍ സി പി എം നേതാക്കള്‍ വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നു.
ആദിവാസി ഗോത്രസഭയോടുള്ള നിലപാടു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയത്.
ജയിലില്‍ കഴിയുന്ന സി. കെ. ജാനുവിനെയും എം. ഗീതാനന്ദനെയും സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് അച്യുതാനന്ദന്‍ തീര്‍ത്തും അപ്രതീക്ഷിതമായി ആദിവാസി ഗോത്രമഹാസഭയോട് മൃദുസമീപനത്തോടെയുള്ള നിലപാടെടുത്തത്. കോഴിക്കോട്ടെത്തിയ അച്യുതാന്ദന്‍ പാര്‍ട്ടി ജില്ലാ നേതാക്കളെ ഒപ്പം കൂട്ടാതെയാണ് ജാനുവിനെയും ഗീതാന്ദനെയും സന്ദര്‍ശിക്കാനായി ജയിലില്‍ പോയത്. ഇരുവരോടും അദ്ദേഹം അരമണിക്കൂറോളം സംസാരിച്ചു.
സി. കെ. ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും സി പി എമ്മിന് ശത്രുതയില്ലെന്നും തങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്നും പിന്നീട് കല്പറ്റയില്‍ അച്യുതാനന്ദന്‍ പറഞ്ഞു. സി പി എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതിയും ആദിവാസി ഗോത്രമഹാസഭയും ഒരേ ആവശ്യങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സംഘടനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോജിച്ച സമരം വേണമോയെന്ന് ഇരുസംഘടനകളും തീരുമാനിക്കട്ടെ.
ആദിവാസി ഗോത്രസഭയ്ക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോത്രസഭയോട് സി പി എം ഇനി അകലം പാലിക്കില്ല. ആദിവാസി സമരത്തില്‍ തുടര്‍ന്ന് ജാനുവിനോട് സഹകരിക്കും- അച്യുതാന്ദന്‍ പറഞ്ഞു.
അച്യുതാന്ദന്റേതിനോട് സമാനമായ നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും തോമസ് ഐസക് എം എല്‍ എയും സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയും ആദിവാസി ക്ഷേമസമിതിയും ഒരേ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പൊരുതുന്നതെന്ന് ജയിലില്‍ സി. കെ. ജാനുവിനെയും ഗീതാനന്ദനെയും സന്ദര്‍ശിച്ച വൃന്ദ കാരാട്ട് പറഞ്ഞു.
ഇക്കാര്യത്തില്‍ ജാനുവിനോട് അനുകൂലമായ നിലപാട് സ്വീകരിച്ച ആദ്യത്തെ സി പി എം നേതാവ് തോമസ് ഐസക്കാണ്. ആദിവാസി ഭൂമി പ്രശ്നം സമൂഹത്തിന് മുന്നില്‍ ആദ്യമായി കൊണ്ടുവന്നത് ജാനുവാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടിയിരുന്നു.
സി പി എം പ്രവര്‍ത്തകയുടെ ഭൂതകാലമുള്ള സി. കെ. ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും ഇതുവരെ സി പി എം സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഈ നേതാക്കളുടേത്. ആദിവാസി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് യു ഡി എഫിനെയും ഗോത്രസഭയെയും ഒരേ അകലത്തില്‍ കാണുക എന്നതായിരുന്നു സി പി എം നിലപാട്. സി പി എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതിയാണ് ആദിവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഫലവത്തായി പൊരുതുന്നതെന്നായിരുന്നു സി പി എമ്മിന്റെ പ്രചാരണം.
അച്യുതാനന്ദനും വൃന്ദയും തോമസ് ഐസക്കും നിലപാട് മാറ്റിയെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗോത്രസഭയോടുള്ള സമീപനം സംബന്ധിച്ച് ഇക്കാര്യങ്ങളൊക്കെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ദേശാഭിമാനിയില്‍ കഴിഞ്ഞ ദിവസമെഴുതിയ ലേഖനത്തില്‍ ജാനു ആദിവാസി നേതാവല്ലെന്നും പിണറായി പറയുന്നു. കൂടുതല്‍ ബഹുജനാടിത്തറയുള്ള സമരമാണ് ആദിവാസി ക്ഷേമസമിതിയുടേതെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നു.
ഗോത്രസഭയോടുള്ള പാര്‍ട്ടിയുടെ പൊതുനിലപാട് മാറിയിട്ടില്ലെന്നാണ് പിണറായിയുടെ ലേഖനം വ്യക്തമാക്കുന്നത്. നയപരമായ പല കാര്യങ്ങളിലും രണ്ടറ്റത്തു നില്‍ക്കുന്ന പിണറായിയും അച്യുതാനന്ദനും പാര്‍ട്ടിയില്‍ കൂടുതല്‍ അകലുകയാണെന്നാണ് ആദിവാസി പ്രശ്നത്തിലുള്ള ഇരുവരുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. ഒപ്പം ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി മുന്നേറ്റത്തെ എങ്ങനെ സമീപിക്കണമെന്നതില്‍ ആശയക്കുഴപ്പത്തിലാണ് സി പി എം നേതൃത്വമെന്നും വ്യക്തമാവുന്നു.












Click it and Unblock the Notifications