ഇറാഖ് തന്ത്രം: സഖ്യസേന വെള്ളംകുടിക്കുന്നു
ഇതിനെല്ലാം പുറമെ മണല്‍ക്കാറ്റും സ്വന്തം പിഴവുകളും സഖ്യസേനയുടെ മുന്നേറ്റത്തിന്റെ വേഗം കുറയ്ക്കുന്നു. ബസ്ര നഗരം പിടിച്ചെന്ന് രണ്ട് ദിവസം മുന്‍പ് അവകാശപ്പെട്ട ബ്രിട്ടീഷ് സേനയ്ക്ക് ഇപ്പോള്‍ ബസ്രയില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നു. അത്രയ്ക്ക് ശക്തമായ ചെറുത്തുനില്പാണ് ഇറാഖി സൈന്യം നടത്തിയത്. ബസ്രയില്‍ ചെറുത്തുനില്പ് നടത്തുന്നത് പ്രാദേശിക സേനയാണെന്നായിരുന്നു നേരത്തെ ബ്രിട്ടീഷ്-യുഎസ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ പറയുന്നത് സാധാരണക്കാരുടെ വേഷത്തിലെത്തിയ റിപ്പബ്ലിക്കന്‍ ആര്‍മിയായിരിക്കാം ബസ്രയില്‍ ആക്രമണം നടത്തുന്നതെന്നാണ്. എന്തായാലും റിപ്പബ്ലിക്കന്‍ സേന ബസ്രയില്‍നിന്നും ബ്രിട്ടീഷ് സേനയെ ശരിക്കും വിരട്ടിയോടിച്ചു.
ബസ്രയില്‍ പല പല തന്ത്രങ്ങളാണ് ഇറാഖി സേന കൈക്കൊണ്ടത്. ചിലര്‍ കീഴടങ്ങാനാണെന്ന ഭാവേന ബ്രിട്ടീഷ് സേനയെ സമീപിച്ചശേഷം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇത് ബ്രിട്ടീഷ് സേന പ്രതീക്ഷിച്ചില്ല.
മറ്റൊന്ന് ഉം ഖസര്‍, നസീറിയ, ബസ്ര എന്നിവിടങ്ങളിലേക്ക് നീങ്ങിയ ബ്രിട്ടീഷ് ടാങ്കുകളെ ആരും എതിര്‍ത്തിരുന്നില്ല. ഇതോടെ ബസ്രയിലേക്ക് നീങ്ങുന്നത് സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് സേന കരുതി. പക്ഷെ മുന്‍പേ നീങ്ങിയ ടാങ്കുകള്‍ക്ക് മറ്റ് യുദ്ധസാമഗ്രികളുമായി നീങ്ങിയ ടാങ്കുകളെ പെട്ടെന്ന് വശങ്ങളില്‍ നിന്ന് പതിയുരന്ന ഇറാഖി സൈനികര്‍ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണവും പ്രതീക്ഷിച്ചില്ല. പൊതുവെ ഇറാഖികളുടെ യുദ്ധതന്ത്രങ്ങളെ കുറച്ചുകണ്ടു എന്നതാണ് ബ്രിട്ടീഷ് യുഎസ് സേനയ്ക്ക് പറ്റിയ പിഴവ്.
യൂഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങള്‍ പിടിക്കാന്‍ പോയ ബ്രിട്ടീഷ് സേനയ്ക്കും ഇതേ പിഴവ് പറ്റി. കീഴടങ്ങാനാണെന്ന വ്യാജേനയെത്തി ഇറാഖി സൈനികര്‍ മിന്നലാക്രമണം നടത്തി. ഇതില്‍ ബ്രിട്ടീഷ് സേന തകര്‍ന്നു. ഇപ്പോള്‍ ഈ രണ്ടു പാലങ്ങളും തകര്‍ക്കാനുള്ള ശ്രമത്തിലാണ് സഖ്യസേന.
ബാഗ്ദാദിലേക്ക് നീങ്ങിയ ടാങ്കുകള്‍ക്ക് കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ മണല്‍ക്കാറ്റ് മൂലം മുന്നേറാന്‍ കഴിയുന്നില്ല. മാത്രമല്ല, ബാഗ്ദാദിന് ഏകദേശം 100 കിലോമീറ്ററോളം അടുത്തെത്തിയിട്ടും ഈ ടാങ്കുകളെ ആരും ആക്രമിച്ചില്ല എന്നതും സഖ്യസേനയെ ഭയപ്പെടുത്തുന്നു. ബാഗ്ദാദില്‍ എത്തിയാല്‍ ഒരു പക്ഷെ സംഘം ചേര്‍ന്ന് ആക്രമിക്കാനാണോ ഇറാഖിന്റെ തീരുമാനം എന്ന് സഖ്യസേന കരുതുന്നു.
എന്തായാലും സദ്ദാമിന്റെ നേതൃത്വത്തില്‍ ഇറാഖ് സൈന്യം ശക്തമായി പിടിച്ചുനില്ക്കുകയാണെന്ന് വ്യക്തം. ഇറാഖി ടെലിവിഷനില്‍ കൂടെക്കൂടെ ഇറാഖിന്റെ മന്ത്രിമാര്‍ ഒന്നിനുപുറകെ ഒന്നായി വാര്‍ത്താസമ്മേളനം നടത്തുന്നുമുണ്ട്.












Click it and Unblock the Notifications