ക്ഷേത്രവിവാദം: ശ്രീമതിടീച്ചര്‍ക്ക് ബന്ധമില്ല
കണ്ണൂര്‍: വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് 1.10 ലക്ഷം രൂപ സംഭാവന നല്കിയ സംഭവവുമായി സിപിഎം മഹിളാ നേതാവ് പി.കെ. ശ്രീമതിടീച്ചര്‍ക്ക് ബന്ധമില്ലെന്ന് ക്ഷേത്രം അധികാരികള്‍. വേളം ശ്രീ മഹാഗണപതി ക്ഷേത്രം ചെയര്‍മാന്‍ പി.കെ. നാരായണന്‍നമ്പ്യാരാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീമതിടീച്ചറുടെ അമ്മ പി.കെ. മീനാക്ഷിയമ്മയുടെ പേരില്‍ മകന്‍ പി.കെ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് ഈ സംഭാവന നല്കിയതെന്നും ക്ഷേത്രം ചെയര്‍മാന്‍ പറഞ്ഞു. ക്ഷേത്രത്തിലെ നമസ്കാരമണ്ഡപം പുനര്‍നിര്‍മ്മിക്കാനാണ് ഈ തുക നല്കിയിരിക്കുന്നത്. മുംബൈയില്‍ വ്യവസായിയായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഇത്രയും തുക ചെക്കായി ക്ഷേത്രം സമിതിയ്ക്ക് അയച്ചുതരികയായിരുന്നു. - വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അമ്മയുടെ പേരില്‍ നമസ്കാരമണ്ഡപം പുനര്‍നിര്‍മ്മിക്കണമെന്ന് അറിയിച്ചതിനാലാണ് അവരുടെ പേര് പതിച്ച മാര്‍ബിള്‍ഫലകം മണ്ഡപത്തില്‍ സ്ഥാപിച്ചത്. ജനങ്ങളുടെ അറിവിലേയ്ക്കായി വലിയ സംഭാവന നല്കിയവരുടെ പേരുവിവരങ്ങള്‍ ബോര്‍ഡില്‍ എഴുതിപ്രദര്‍ശിപ്പിച്ച കൂട്ടത്തില്‍ മീനാക്ഷിയമ്മയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. അല്ലാതെ പി.കെ. ശ്രീമതിടീച്ചര്‍ക്കോ ശ്രീമതി ടീച്ചറുടെ സഹോദരിയുടെ ഭര്‍ത്താവായ ഇ.പി. ജയരാജനോ ഈ സംഭാവനയുമായി യാതൊരു ബന്ധവുമില്ല. - വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications