ഇന്നസെന്റ് അമ്മ പ്രസിഡന്റ്, മോഹന്‍ലാല്‍ സെക്രട്ടറി
കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റിനെയും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലിനെയും തിരഞ്ഞെടുത്തു.
അമ്മ രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തുന്നത്. കെ. ബി. ഗണേഷ് കുമാറിന്റെയും മണിയന്‍പിള്ള രാജുവിന്റെയും നേതൃത്വത്തിലുള്ള വിമത പാനല്‍ പത്രിക നല്‍കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നസെന്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ ആദ്യമായാണ് ജനറല്‍ സെക്രട്ടറിയാവുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി മത്സരിക്കാത്തതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ആ സ്ഥാനത്തെത്തിയത്.
സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച കെ. ബി. ഗണേഷ്കുമാറും മണിയന്‍പിള്ള രാജുവും എക്സിക്യൂട്ടീവ് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന ജോണി, സുധീഷ് എന്നിവര്‍ പരാജയപ്പെട്ടു.
നെടുമുടി വേണുവിനെയും ഗണേഷ്കുമാറിനെയും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ഇടവേള ബാബുവും ടി. പി. മാധവനുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. ട്രഷറര്‍ സ്ഥാനത്ത് ജഗദീഷ് തുടരും.
ബൈജു, ബിജു മേനോന്‍, ദിലീപ്, ഇടവേള ബാബു, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ജഗദീഷ്, കലാഭവന്‍ മണി, ടി. പി. മാധവന്‍, മാമുക്കോയ, മോഹന്‍ലാല്‍, കെ. ബി. ഗണേഷ്കുമാര്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, സിദ്ദിക്ക്, സുകുമാരി എന്നിവരാണ് എക്സിക്യൂട്ടീവ് സമിതിയിലെ അംഗങ്ങള്‍.
കൊച്ചി അബാദ് പ്ലാസ ഹോട്ടലില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു പാനലിനെ തീരുമാനിച്ച്് അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുന്നതിന് പകരം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് മത്സരിച്ചതെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications