കനറാ ബാങ്കില്‍ നിന്നും കോടികള്‍ തട്ടി
കൊച്ചി: വ്യാജ ലെറ്റര്‍ ഒഫ് ക്രെഡിറ്റ് ( എല്‍ സി ) കാണിച്ച് കനറാ ബാങ്കിന്റെ എറണാകുളം ഓവര്‍സീസ് ശാഖയില്‍ നിന്നും ഗാര്‍ബി ഫുഡ്സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം കോടികള്‍ തട്ടി.
തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് സംശയിക്കുന്ന മൂന്ന് മാനേജര്‍മാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ഇന്‍സ്പെക്ഷന്‍ വിഭാഗം അന്വേഷണം നടത്തിവരികയാണ്.
ആലുവക്കടുത്ത് എരുമത്തല ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഗാബി ഫുഡ്സ് ലിമിറ്റഡ്. രണ്ട് മാസമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. വ്യവസായ വികസനകോര്‍പ്പറേഷനില്‍ നിന്നുമെടുത്ത 3.40 കോടിയുടെ വായ്പ അടക്കാത്തതിനെ തുടര്‍ന്ന് കമ്പനി കോര്‍പ്പറേഷന്‍ വില്പനക്ക് വച്ചിരിക്കുകയാണ്.
ഗാബി ഫുഡ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ. എസ്. സുദര്‍ശനും മറ്റ് ഡയറക്ടര്‍മാരും യു എസിലേക്ക് മുങ്ങിയതായാണ് വിവരം. മികച്ച വ്യവസായിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നയാളാണ് കെ. എസ്. സുദര്‍ശന്‍.
കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ രേഖ കാണിച്ച് ഇതിന്റെ തുക വ്യവസായികള്‍ ബാങ്കില്‍ നിന്ന് കൈപ്പറ്റുന്ന സംവിധാനമാണ് എല്‍ സി. ചരക്ക് കയറ്റിഅയച്ചെന്ന് വ്യാജ എല്‍ സിയുണ്ടാക്കിയാണ് കോടികള്‍ തട്ടിയെടുത്തത്. കുരുമുളക് കയറ്റിയയയ്ക്കുന്ന സ്ഥാപനമാണ് ഗാബി ഫുഡ്സ്.
സ്ഥാപനത്തിലെ യന്ത്രസാമഗ്രികളും കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങളും വിറ്റഴിച്ച് നഷ്ടം വന്ന തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ബാങ്ക് അധികൃതര്‍.