ഇടതുപിന്തുണയോടെയുള്ള ബദലിനില്ല: ഗൗരി
തിരുവനന്തപുരം: ഇടതുമുന്നണിയുമായി ചേര്‍ന്നുള്ള ബദല്‍ സര്‍ക്കാരിന് ജെ.എസ്.എസ്. തയ്യാറല്ലെന്ന് പാര്‍ട്ടി നേതാവ് മന്ത്രി കെ.ആര്‍. ഗൗരി വ്യക്തമാക്കി.
ഐക്യമുന്നണിയിലെ കക്ഷിയായി മത്സരിച്ച ജെ.എസ്.എസിന് കാല് മാറാന്‍ വയ്യ. അത് വിട്ട് കമ്മ്യൂണിസ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടുന്നത് വിശ്വാസവഞ്ചനയായാണ് ജെ എസ് എസ് കരുതുന്നത്. യു.ഡി.എഫിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണം.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ്. അത് അവര്‍തന്നെ പരിഹരിക്കണം. ആര് നേതൃസ്ഥാനത്തുവന്നാലും ജെ.എസ്.എസ്സിന് പ്രശ്നമില്ല. എന്നാല്‍ കോണ്‍ഗ്രസിലെ നേതൃത്വം ആര്‍ക്കാവണമെന്ന് പറയില്ല. ആരോടും പ്രത്യേകിച്ച് ഒരു താല്‍പര്യം ജെ.എസ്.എസ്സിനില്ല. എന്നാല്‍ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാവില്ല. അത് എത്രയും പെട്ടെന്ന് പരിഹരിക്കണം. പ്രശ്നപരിഹാരത്തിന് നിയമസഭ വിളിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അത് തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ്. മുഖ്യമന്ത്രി മന്ത്രിഭാ യോഗത്തില്‍ അത്തരം നിര്‍ദ്ദേശം വയ്ക്കുകയാണെങ്കില്‍ ജെ.എസ്.എസ്. അത് അംഗീകരിക്കുമെന്നും അവര്‍ പറഞ്ഞു.
അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ചാരായത്തൊഴിലാളികളുടെ പുനരധിവാസം ഒരു ഉദാഹരണമാണ്. ഒരാളെയും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിസന്ധി കൃഷിവകുപ്പിനെയും ഉദ്യോഗസ്ഥരെയും ബാധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.